|    Mar 19 Mon, 2018 6:59 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

അഭയം തേടി അലയുന്ന അഭയാര്‍ഥികള്‍

Published : 22nd October 2015 | Posted By: SMR

ഡോ. സൂപ്പി കയനടുത്ത്

ഐലാന്‍ എന്നു പേരുള്ള പിഞ്ചുകുട്ടിയുടെ മൃതശരീരം കമഴ്ന്നു കിടന്നുറങ്ങുന്ന രൂപത്തില്‍ തുര്‍ക്കിയുടെ കടപ്പുറത്തു കണ്ടെത്തിയത് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചു. ആഭ്യന്തര കലാപം മൂലം ദുരിതമനുഭവിക്കുന്ന കോടിക്കണക്കിനു സിറിയന്‍ കുടുംബങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു ഈ ദാരുണമായ അന്ത്യം. പിറന്ന നാട് ഉപേക്ഷിച്ച് ഗത്യന്തരമില്ലാതെ ഒളിച്ചോടുന്ന ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴവും പരപ്പും വിളിച്ചോതുന്നതായിരുന്നു നിലൂഫര്‍ ഡെമിര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഐലാന്റെ ചിത്രം. സിറിയന്‍ നഗരമായ കൊമ്പാനറ്റില്‍ നിന്നും ഐലാനോടൊപ്പം കടല്‍ വഴി പലായനം ചെയ്ത കുടുംബത്തെയും കടല്‍ വെറുതെ വിട്ടില്ല. അവശേഷിച്ചത് നീന്തി കര പിടിച്ച അച്ഛന്‍ മാത്രം. ദുരിതപൂര്‍ണമായ ആ യാത്രയില്‍ ഐലാന്റെ സഹോദരന്‍ ഗാലിബും മാതാവും മരണപ്പെട്ടു. ഐലാന്‍ സഞ്ചരിച്ച ബോട്ട് കരയിലെത്തുമ്പോഴേക്ക് ബോട്ടിലുണ്ടായിരുന്ന 24 പേരില്‍ 14 പേരുടെയും ജീവന്‍ കടലെടുത്തിരുന്നു. ഈയിടെയാണ് യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലെ ഒരു റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയില്‍ നിന്നു 71 പേരുടെ മൃതദേഹം കണ്ടെടുത്തത്. ദാരിദ്ര്യവും ദുരിതവും മൂലം സ്വന്തം മണ്ണില്‍ നിന്നു രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ മാംസം കയറ്റിയയക്കുന്ന ലോറിയുടെ ഫ്രീസറില്‍ കയറിപ്പറ്റിയ സിറിയക്കാരായിരുന്നു ഈ ഹതഭാഗ്യര്‍. മനുഷ്യക്കടത്തും അടിമവ്യാപാരവും കച്ചവടമാക്കി മാറ്റിയ സംഘങ്ങളും ഈ പ്രദേശങ്ങളില്‍ സജീവമാണത്രേ. മനുഷ്യക്കടത്ത് തൊഴിലാക്കിയ 40,000 പേരെങ്കിലും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നതായി യൂറോപ്യന്‍ യൂനിയന്‍ സംഘടിത കുറ്റകൃത്യ നിയന്ത്രണ വിഭാഗം മേധാവി റോബര്‍ട്ട് ക്രെപിങ്കോ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം മണ്ണില്‍ നിന്ന് അടിച്ചോടിക്കപ്പെട്ട റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ കദനകഥകള്‍ വാര്‍ത്തകളായിട്ട് അധികമൊന്നും കഴിഞ്ഞിട്ടില്ല. പിറന്ന മണ്ണില്‍ അഭയാര്‍ഥികളായി കഴിയുന്ന ഫലസ്തീനികള്‍ ലോകത്തിന്റെ തീരാവേദനയായി തുടരുന്നു. പശ്ചിമേഷ്യന്‍ പ്രതിസന്ധി സിറിയയിലേക്കുകൂടി ബാധിക്കുമ്പോള്‍ ലോകത്ത് അഭയാര്‍ഥികളായി അലയുന്നവരില്‍ 80 ശതമാനവും മുസ്‌ലിംകളാണ്. 2011 മുതല്‍ ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍ മാത്രം നാലു വര്‍ഷത്തിനുള്ളില്‍ 40 മില്യന്‍ അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ലക്ഷക്കണക്കിനു ജനങ്ങളാണ് തുര്‍ക്കി, ലബ്നാന്‍, സുദാന്‍ തുടങ്ങിയ സിറിയയുടെ അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നത്. ഈ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാംപുകള്‍ നിറഞ്ഞുകവിഞ്ഞപ്പോഴാണ് ഗത്യന്തരമില്ലാതെ സാധ്യമായ എല്ലാ വഴിയിലൂടെയും അഭയാര്‍ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവഹിക്കുന്നത്. രണ്ടാം ലോകയുദ്ധസമയത്ത് സംഭവിച്ച അഭയാര്‍ഥിപ്രവാഹത്തിനു തുല്യമായ സംഭവവികാസങ്ങളാണ് ലോകത്ത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു നിരീക്ഷകര്‍ കരുതുന്നു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒന്നേകാല്‍ ലക്ഷം അഭയാര്‍ഥികള്‍ എത്തിയെന്നാണ് കണക്ക്. ഈ വര്‍ഷം ഇതേവരെ മൂന്നര ലക്ഷം കവിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. 20 മില്യന്‍ അഭയാര്‍ഥികള്‍ യൂറോപ്പിന്റെ വാതില്‍പ്പടിക്കല്‍ തന്നെയുണ്ടെന്നു പറയുന്നത് യൂറോപ്യന്‍ കമ്മീഷന്‍ ഫോര്‍ നെയ്ബര്‍ഹുഡ് കമ്മ്യൂണിറ്റി ചെയര്‍മാന്‍ ജോഹന്‍സ് ഹാന്‍ തന്നെയാണ്. സമകാലിക ലോകത്ത് യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഗ്രീസിന്റെ കടബാധ്യതയോ യൂറോയുടെ മൂല്യശോഷണമോ അല്ല. അത് പശ്ചിമേഷ്യയില്‍ നിന്നുള്ള അഭയാര്‍ഥിപ്രശ്‌നമാണ്. ഈ നിലയ്ക്ക് അഭയാര്‍ഥിപ്രവാഹം തുടര്‍ന്നാല്‍ സ്വന്തം രാജ്യത്തുള്ളവര്‍ ന്യൂനപക്ഷമായി ചുരുങ്ങിപ്പോവുമോ എന്നാണ് യൂറോപ്യന്‍ യൂനിയനിലെ ചില അംഗരാജ്യങ്ങളുടെ പേടി. അതിര്‍ത്തിയില്‍ വന്‍ മുള്‍വേലി കെട്ടി സംരക്ഷിക്കാനാണ് ഹംഗറിയുടെ തീരുമാനം. അതിര്‍ത്തിയിലെ സൈനിക സാന്നിധ്യവും അവര്‍ ശക്തമാക്കിയിട്ടുണ്ട്. തീവ്രദേശീയവാദികളും വംശവെറിയന്മാരും ചില സ്ഥലങ്ങളിലെങ്കിലും അഭയാര്‍ഥികളെ ആക്രമിക്കാനും കൊള്ളയടിക്കാനും തുടങ്ങിയിട്ടുണ്ട്. കലുഷിതമായ സാഹചര്യം മുതലെടുക്കാന്‍ മനുഷ്യക്കടത്തു സംഘങ്ങളും അടിമവ്യാപാരികളും സജീവമായി രംഗത്തുണ്ട്. ആളൊന്നിനു മൂവായിരം ഡോളര്‍ വരെയാണത്രേ സിറിയയില്‍ നിന്നു യൂറോപ്പിലേക്ക് കടത്താന്‍ ഈടാക്കുന്നത്. തുര്‍ക്കി തീരത്തണഞ്ഞ പിഞ്ചുകുഞ്ഞിന്റെ ചിത്രം ലോകം ചര്‍ച്ച ചെയ്തതോടെയാണ് അഭയാര്‍ഥിപ്രശ്‌നം ലോകശ്രദ്ധയില്‍ വരുന്നത്. നിലൂഫര്‍ ഡെമര്‍ പകര്‍ത്തിയ മൂന്നു വയസ്സുകാരന്റെ കിടപ്പു കണ്ട് ലോകം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. മനസ്സാക്ഷിയുള്ളവരെ അതു കരയിപ്പിച്ചു. യൂറോപ്യന്‍ യൂനിയനിലെ മുഴുവന്‍ അംഗരാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ പ്രസ്താവനയിറക്കി. ബ്രിട്ടിഷ് പ്രധാനമന്ത്രിയും ചുവടുമാറ്റി. സപ്തംബര്‍ 14ന് യൂറോപ്യന്‍ യൂനിയന്‍ ആഭ്യന്തരമന്ത്രിമാരുടെ അടിയന്തര യോഗം ബ്രസല്‍സില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഓരോ അംഗരാജ്യവും സാമ്പത്തികവും ജനസംഖ്യയും അനുസരിച്ച് ആനുപാതികമായി നിലപാട് സ്വീകരിക്കണമെന്നാണ് പൊതുവേയുള്ള വികാരം. ഈ പ്രതിസന്ധി യൂറോപ്പ് എങ്ങനെ കൈകാര്യം ചെയ്യുമെന്നു ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. അറബ് രാജ്യങ്ങളുടെ മനോഭാവമാണ് മറ്റൊരു വശത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഐലാന്റെ അച്ഛന്‍ അബ്ദുല്ല കുര്‍ദ് വാര്‍ത്താലേഖകരോട് പങ്കുവച്ച വികാരം അറബ് രാജ്യങ്ങള്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നാണ്. അയല്‍പക്കത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാന്‍ അറബ് രാജ്യങ്ങള്‍ക്ക് അധികകാലം കഴിയില്ല. സാമ്പത്തിക പരാധീനതകളുടെ കെടുതികള്‍ അനുഭവിക്കുന്ന അഭയാര്‍ഥികളെ സഹായിക്കാന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ കമ്മീഷണര്‍ ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  അമേരിക്കയും സഖ്യകക്ഷികളും ഇറാഖിലും സിറിയയിലും നടത്തിയ നഗ്നമായ കൈയേറ്റങ്ങളാണ് അഭയാര്‍ഥിപ്രശ്‌നങ്ങളുടെ മുഖ്യഹേതു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തി അമേരിക്ക നടത്തിയ ഇടപെടലുകള്‍ ലോകവ്യാപകമായി വിമര്‍ശിക്കപ്പെട്ടതാണ്. ലോകപോലിസ് ചമയുന്ന അമേരിക്ക അഭയാര്‍ഥികളുടെ കാര്യത്തിലും മനുഷ്യത്വപരമായ നിലപാട് എടുക്കേണ്ടതുണ്ട്. അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് അമേരിക്ക പ്രഖ്യാപിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss