|    Sep 21 Fri, 2018 7:03 pm
Home   >  Todays Paper  >  Page 5  >  

അബ്്കാരികള്‍ വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റി: മുഖ്യമന്ത്രി

Published : 18th January 2017 | Posted By: fsq

 

കോഴിക്കോട്: അബ്്കാരികള്‍ സ്വാശ്രയ കോളജുകളിലേക്ക് കടന്നുവന്നതോടുകൂടിയാണ് വിദ്യാഭ്യാസ മേഖല കച്ചവടവല്‍ക്കരിക്കപ്പെട്ടതെന്നും ഇത്തരം ലാഭക്കൊതിയന്മാരായ കച്ചവടക്കാരുടെ പണം വെട്ടിപ്പിടിക്കാനുള്ള അമിതമായ ആഗ്രഹമാണ് ഇടക്കാലത്ത് വിദ്യാഭ്യാസ മേഖലയ്ക്കുണ്ടായ ദുരന്തമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേവഗിരി സെന്റ് ജോസഫ് കോളജിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തെയും മികവിന്റെ കേന്ദ്രമാക്കുന്നത് കര്‍മമണ്ഡലത്തില്‍ പ്രശസ്തരായിത്തീരുന്ന ശിഷ്യസമ്പത്താണ്. ദേവഗിരിക്കും ഈ അടിസ്ഥാനത്തില്‍ കൈവന്ന അക്കാദമിക നേട്ടമാണ് ദേവഗിരി കോളജിനെ രാജ്യത്താദ്യമായി നാഷനല്‍ അക്രഡിറ്റേഷന്‍ പദവിയിലെത്തിച്ചത്. ക്രിസ്ത്യന്‍ മിഷിനറിമാരാണ് വിദ്യാഭ്യാസരംഗത്ത് ആദ്യമായി നേട്ടമുണ്ടാക്കിയത്. ഇവരുടെ ലാഭേച്ഛയില്ലാത്ത നിസ്വാര്‍ഥമായ പ്രവര്‍ത്തനമാണ് ദേവഗിരി കോളജിനെ ഇന്ന് കാണുന്ന ഉയര്‍ച്ചയിലേക്കെത്തിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നിയമവിരുദ്ധമായി നടത്തിവരുന്ന അംഗീകാരമില്ലാത്ത കോളജുകളെ നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ലാഭക്കണ്ണോടുകൂടി വിദ്യാഭ്യാസരംഗം കൈയടക്കിയ സ്വാശ്രയ കോളജുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ വിജിലന്‍സ് ഡിപാര്‍ട്ട്്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ സമൂഹത്തില്‍ നിന്നും ആരും മുന്നോട്ടുവന്നില്ല. രക്ഷിതാക്കളുടെ പണക്കൊഴുപ്പല്ല; കുട്ടിയുടെ മെറിറ്റായിരിക്കണം പൊതുവിദ്യാഭ്യാസത്തിന്റെ മാനദണ്ഡമെന്നും മുഖ്യമന്ത്രി പറഞ്ഞു.അറുപത് വര്‍ഷം പിന്നിട്ട ദേവഗിരി കോളജിനെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്. 2004ല്‍ 88.15 ശതമാനം മാര്‍ക്കോടെ ആദ്യമായി യുജിസി-നാക് അംഗീകാരം നേടി. 2010ല്‍ കോളജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്റ് പദവി നേടി. 2011ലെ നാക് അക്രഡിറ്റേഷനില്‍ 91 ശതമാനം മാര്‍ക്കുമായി 3.63 പോയിന്റ് നേടി. ചടങ്ങില്‍ ഫാ. ജോസഫ് പൈക്കട അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് വയലില്‍, എം കെ രാഘവന്‍ എംപി, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഡെ. മേയര്‍ മീരദര്‍ശക്, യൂനിയന്‍ ചെയര്‍മാന്‍ തേജസ് ജോസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബിച്ചന്‍ എം തോമസ്, ഡോ. എം കെ ബേബി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss