|    Apr 20 Fri, 2018 10:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അബ്ദുല്‍ സമിക്ക് മാനസ്സിക അസ്വാസ്ഥ്യമെന്ന് ബന്ധുക്കള്‍

Published : 21st January 2016 | Posted By: SMR

ന്യൂഡല്‍ഹി: അല്‍ഖാഇദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ല് ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്ത അബ്ദുല്‍ സമി മാനസ്സിക രോഗത്തിനു ചികില്‍സയിലായിരുന്നുവെന്ന് ബന്ധുക്കള്‍. വിദേശത്തേക്കു കടക്കാന്‍ സമിയുടെ കൈവശം പാസ്‌പോര്‍ട്ട് ഉള്ളതായി അറിയില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഹരിയാനയിലെ മെവാത്തില്‍ നിന്ന് ഞായറാഴ്ചയാണ് അല്‍ഖാഇദയുടെ ഇന്ത്യന്‍ വിഭാഗത്തിലെ അംഗമെന്നാരോപിച്ച് 32 കാരനായ സമിയെ സ്‌പെഷ്യല്‍ സെല്ല് അറസ്റ്റ്‌ചെയ്തത്. സമിയുടെ അറസ്റ്റോടെ അല്‍ഖാഇദ ബന്ധമാരോപിച്ച് സ്‌പെഷ്യല്‍ സെല്ല് അറസ്റ്റ്‌ചെയ്തവരുടെ എണ്ണം അഞ്ചായി. 2014ല്‍ ദുബയില്‍ നിന്ന് പാകിസ്താനിലേക്കു പോയ സമി കറാച്ചിയില്‍ നിന്ന് പരിശീലനം നേടിയ ശേഷം നേപ്പാള്‍ വഴി ജാംഷഡ്പൂരിലേക്കു വരുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന സമി നേരത്തെ പല തവണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അതിന്റെ രേഖകളും തങ്ങളുടെ പക്കലുണ്ട്. അതിനു പുറമെ രക്തസമ്മര്‍ദ്ദത്തിലെ കുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നയാളാണ് സമിയെന്ന് പിതാവ് അബ്ദുല്‍ സത്താര്‍ പറഞ്ഞു.
മക്കളില്‍ മൂന്നുപേര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ആരോഗ്യനില പരിഗണിച്ചാണ് സമിയെ ഗള്‍ഫിലേക്കു വിടാതിരുന്നത്. നട്ടെല്ലിനു വേദനയുള്ള സമിക്ക് ഒരുവിധത്തിലുള്ള പരിശീലനത്തിലും ഏര്‍പ്പെടാനാവില്ല. റാഞ്ചിയിലെ മാനസ്സികാരോഗ്യ കേന്ദ്രത്തിലായിരുന്നു അവനെ ചികില്‍സിപ്പിച്ചിരുന്നത്.
കട്ടക്കിലെ പ്രമുഖ ഡോക്ടര്‍ക്കു കീഴില്‍ ചികില്‍സ തേടിവരുകയായിരുന്നു. പോലിസിന്റെ വാദങ്ങള്‍ വിശ്വസിക്കാനാവില്ല. മതകാര്യങ്ങള്‍ ചിട്ടയോടെ പാലിക്കുന്ന അവന്‍ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ്. തബ്‌ലീഗ് ജമാഅത്തിന്റെ ഭാഗമായതിനാല്‍ ഇടയ്ക്കിടെ സംഘമായി വിവിധ സ്ഥലങ്ങളില്‍ യാത്രചെയ്യാറുണ്ട്. വീട്ടില്‍ നിന്ന് അവസാനമായി പുറത്തുപോയതും ജമാഅത്തിന്റെ കൂടെയായിരുന്നു. ഡല്‍ഹിയിലേക്ക് എന്നു പറഞ്ഞാണു പോയത്. എങ്ങനെയാണ് ഹരിയാനയില്‍ എത്തിയതെന്ന് അറിയില്ലെന്നും ആദ്യമായാണ് തനിക്ക് പോലിസും കോടതിയുമായി ഇടപെടേണ്ടിവരുന്നതെന്നും സത്താര്‍ പറഞ്ഞു. ചില സമയങ്ങളില്‍ സമി കൂടുതലായ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും പലതവണ കട്ടക്കിലെ ഡോക്ടറെ കാണിച്ചിട്ടുണ്ടെന്നും ഗള്‍ഫില്‍ നിന്ന് ഈയിടെ തിരിച്ചെത്തിയ മൂത്ത സഹോദരന്‍ സഈദ് പറഞ്ഞു. പത്തുപേരടങ്ങുന്ന തബ്‌ലീഗ് സംഘത്തോടൊപ്പം കഴിഞ്ഞമാസം 27നാണ് സമി ജംഷഡ്പൂരില്‍ നിന്ന് ഡല്‍ഹിയിലെ ഹസ്‌റത്ത് നിസാമുദ്ദീന്‍ ദര്‍ഗ ഭാഗത്തേക്കു പോയതെന്ന് പ്രദേശത്തെ തബ്‌ലീഗ് ജമാഅത്ത് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, സമിയെ ഡല്‍ഹി പോലിസ് ഏതാനും ദിവസങ്ങളായി പിന്തുടരുകയായിരുന്നുവെന്നാണ് ഹരിയാന എഡിജിപി എസ് എന്‍ പ്രധാന്‍ പറഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss