|    Mar 27 Mon, 2017 2:26 am
FLASH NEWS

അബ്ദുല്‍ സത്താര്‍ എദ്ഹി അന്തരിച്ചു

Published : 10th July 2016 | Posted By: SMR

കറാച്ചി: പ്രമുഖ കാരുണ്യപ്രവര്‍ത്തകനും പാകിസ്താനിലെ എദ്ഹി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ അബ്ദുല്‍ സത്താര്‍ എദ്ഹി അന്തരിച്ചു. 88 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി കറാച്ചിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കരോഗബാധയെ തുടര്‍ന്ന് കറാച്ചിയിലെ സിന്ധ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂറോളജിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഡയാലിസിസ് നടത്തുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് എദ്ഹിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്ന് മകന്‍ ഫൈസല്‍ അറിയിച്ചു.
നേരത്തേ എദ്ഹിക്കു വിദേശത്ത് ചികില്‍സ ലഭ്യമാക്കാമെന്നു പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, എദ്ഹി ഇതു നിഷേധിക്കുകയും പാകിസ്താനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രമേ ചികില്‍സ തേടൂ എന്നു വ്യക്തമാക്കിയതായും ഫൈസല്‍ പറഞ്ഞു. കറാച്ചിക്കു സമീപമുള്ള എദ്ഹി ഗ്രാമത്തിലാണ് അബ്ദുല്‍ സത്താര്‍ എദ്ഹിയുടെ ഭൗതികശരീരം സംസ്‌കരിച്ചത്.
ഇന്നലെ കറാച്ചി നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ആയിരക്കണക്കിനുപേര്‍ പങ്കാളികളായി. സംസ്‌കാരച്ചടങ്ങുകളില്‍ രാജ്യം എദ്ഹിയെ ഗാര്‍ഡ് ഓഫ് ഓണര്‍ ബഹുമതി നല്‍കി ആദരിച്ചു.
പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസയ്ന്‍, പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഷഹ്ബാസ് ശരീഫ്, സിന്ധ് മുഖ്യമന്ത്രി ഖയീം അലി ഷാ, സിന്ധ് ഗവര്‍ണര്‍ ഇശ്‌റതുല്‍ ഇബാദ്, രാഷ്ട്രീയ നേതാക്കള്‍, സായുധസേനാ മേധാവികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രമുഖര്‍ എദ്ഹിക്ക് അന്തിമോപചാരമര്‍പ്പിച്ചു. സംസ്‌കാരച്ചടങ്ങുകളെത്തുടര്‍ന്ന് കറാച്ചി നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
കാരുണ്യത്തിന്റെ മാലാഖ എന്ന വിശേഷണത്തിനര്‍ഹനായ എദ്ഹിയെ പാകിസ്താനിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമായാണ് വിലയിരുത്തപ്പെടുന്നത്. 1928 ജനുവരി 8ന് ഇന്നത്തെ ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗമായ ബന്ദ്വ ഗ്രാമത്തിലായിരുന്നു ജനനം. 1947ല്‍ വിഭജനത്തെത്തുടര്‍ന്ന് എദ്ഹിയുടെ കുടുംബം പാകിസ്താനിലെത്തി. മാതാവിന്റെ ചികില്‍സയ്ക്കിടെ നേരിട്ട പ്രതിസന്ധികളാണ് അദ്ദേഹത്തെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മാര്‍ഗത്തിലേക്കു നീക്കിയത്. എദ്ഹിയുടെ നേതൃത്വത്തില്‍ ആദ്യത്തെ ക്ലിനിക് 1951ല്‍ കറാച്ചിയില്‍ ആരംഭിച്ചു. ആറരപ്പതിറ്റാണ്ടു നീണ്ട കാലയളവില്‍ എദ്ഹി ഫൗണ്ടേഷന്റേതായി നിരവധി ആരോഗ്യകേന്ദ്രങ്ങളും അഭയകേന്ദ്രങ്ങളും കറാച്ചിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമായി ആരംഭിച്ചു.
ഒന്നുമില്ലായ്മയില്‍ നിന്നാണ് അബ്ദുല്‍ സത്താര്‍ എദ്ഹി പാകിസ്താനിലെ ഏറ്റവും വലിയ ക്ഷേമകാര്യ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചതെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ എ മിറര്‍ ടു ദ ബ്ലൈന്‍ഡ് വ്യക്തമാക്കുന്നു. മൂന്നു തവണ ഇദ്ദേഹത്തിന്റെ പേര് നൊബേല്‍ സമാധാന പുരസ്‌കാരത്തിനായി നിര്‍ദേശിക്കപ്പെട്ടിരുന്നു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക