|    Apr 21 Sat, 2018 5:11 pm
FLASH NEWS

അബൂലഹബിന്റെ പതനം

Published : 15th June 2016 | Posted By: Imthihan Abdulla

ramadanമുഹമ്മദ് നബി (സ)തിരുമേനിയുടെ പിതൃവ്യനായിരുന്നു അബൂബലഹബ്. എന്നാല്‍ പ്രവാചകനും താനും തമ്മിലുളള രക്ത ബന്ധത്തിനു തരിമ്പും വില കല്പിക്കാത്ത വിധത്തിലായിരുന്നു അബൂലഹബിന്റെ പെരുമാററം. പ്രവാചക കാലട്ടത്തിലെ അറബികളുടെ പാരമ്പര്യവും സമ്പ്രദായമനുസരിച്ച് ആദശപരമായ വിയോജിപ്പുകള്‍ മാററി വെച്ചു കൊണ്ട് ശത്രുക്കളില്‍ നിന്നു പ്രവാചകന് സംരക്ഷണം നല്കാന്‍ അബൂലഹബ് ബാധ്യസ്ഥനായിരുന്നു. അബൂലഹബിന്റെ സഹോദരന്‍മാരായ അബൂത്വാലിബ്,ഹംസ, അബ്ബാസ് എന്നിവരൊക്കെ പ്രവാചകന് സംരക്ഷണം നല്കിയവരായിരുന്നു. പ്രവാചകന്റെ പിതാവും അബൂലഹബിന്റെ സഹോദരനുമായിരുന്ന അബ്ദുല്ല ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ വിശേഷിച്ചും അബൂലഹബിന്റെ ബാധ്യതയായിരുന്നു അത്.
എന്നാല്‍ സഹോദര പുത്രനെ സംരക്ഷിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല തന്റെ സകല കഴിവുകളും ഉപയോഗിച്ച് പ്രവാചകനെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അബൂലഹബ്. നുബുവ്വത്ത്(പ്രവാചകത്വം) മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം പ്രവാചകന്‍ പരസ്യ പ്രബോധനമാരംഭിച്ചു. ഇതിനു മുന്നോടിയായി ഒരു ദിവസം സഫാ മല മുകളില്‍ കയറി ഖുറൈശികളെ മുഴുവന്‍ വിളിച്ച് പ്രവാചകന്‍ തന്റെ ദൗത്യം വിശദീകരിച്ചു. ആ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ സംസാരിച്ച ഉടനെ മററുളളവര്‍ക്കു മുമ്പ് ചാടിയെണീറ്റ് ‘നീ നശിച്ചു പോകട്ടെ ;ഇതിനാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയത്.’ എന്നു ചോദിച്ചു കൊണ്ട് പ്രവാചകനെ ഭത്സിച്ചു അബൂലഹബ്.
ഒട്ടും മോശമാക്കിയില്ല അബൂലഹബിന്റെ ഭാര്യയും. അബൂസുഫയാന്റെ സഹോദരി കൂടിയായ ഉമ്മു ജമീല എന്നു പേരായ അവരും പ്രവാചകനെ ദ്രോഹിക്കുന്ന കാര്യത്തില്‍ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. നബിയുടെ അടുത്ത അയല്‍വാസിയായിരുന്നു അബൂലഹബ്. ആ ദമ്പതികള്‍ പ്രവാചകന്റെ വീടിന് മുമ്പില്‍ മുളളുകളും ചപ്പു ചവറുകളും കൊണ്ടിടുക പതിവാക്കി. ചിലപ്പോള്‍ അവര്‍ നമസ്‌കാരത്തില്‍ മുഴുകിയിരിക്കുന്ന പ്രവാചകന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍ മാലകള്‍ എടുത്തിട്ടു. മറ്റു ചിലപ്പോള്‍ ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളിലേക്കു മാലിന്യാഭിഷേകം നടത്തി പ്രവാചകന് പ്രയാസങ്ങള്‍ സൃഷ്ടിച്ചു. desert-palms
പുത്രന്‍ ഖാസിമിന്റെ മരണത്തില്‍ ദുഖിതനായിരുന്ന പ്രവാചകന്റെ അവശേഷിക്കുന്ന ഏക ആണ്‍കുഞ്ഞ് ആയ അബ്ദുല്ല മരണപ്പെട്ടപ്പോള്‍ പിതൃവ്യനായ അബൂലഹബ് പ്രവാചകനെ സമാശ്വസിപ്പിക്കുകയും ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നതിനു പകരം ആഹഌദം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ആണ്‍ കുട്ടികള്‍ മരിച്ചു പോയ മുഹമ്മദ് പിന്തുടര്‍ച്ചക്കാരില്ലാതെ വാലറ്റു പോയിരിക്കുന്നു എന്നു പറഞ്ഞു പരിഹസിക്കുകയും കുത്തി നോവിക്കുകയുമായിരുന്നു അയാള്‍ ചെയ്തത്.
നബിയുടെ രണ്ടു പെണ്‍ മക്കളെ അബൂലഹബിന്റെ മക്കളായ ഉത്ബയും ഉതൈബയുമായിരുന്നു ആദ്യം വിവാഹം ചെയ്തിരുന്നത്. നബി പ്രവാചകത്വം പ്രഖ്യാപിച്ചപ്പോള്‍ അബൂലഹബ് രണ്ടു പേരെക്കൊണ്ടും നബി പുത്രിമാരെ നിര്‍ബന്ധിച്ചു വിവാഹ മോചനം ചെയ്യിച്ചു.
തങ്ങളുടെ എല്ലാ എതിര്‍പ്പുകളെയും വൃഥാവിലാക്കി കൊണ്ട് ഇസലാം അഭിവൃദ്ധി പ്രാപിക്കുന്നത് കണ്ട് അരിശം സഹിക്ക വയ്യാതെ ശത്രുക്കള്‍ പ്രവാചകനും വിശ്വാസികള്‍കും നേരെ സാമൂഹിക ബഹിഷ്‌കരണമേര്‍പ്പെടുത്തി.
പ്രവാചകത്വത്തിന്റെ ഏഴാം വര്‍ഷം ആരംഭിച്ച ഈ ഉപരോധത്തില്‍ ബനൂഹാശിം കുടുംബവും ബനൂ മുത്തലിബ് കുടുബവും പ്രവാചകന് സംരക്ഷണം നല്‍കിയതിന്റെ പേരില്‍ ‘ശിഅബു അബീത്വാലിബി’ലെ മലഞ്ചെരുവില്‍ നിത്യവൃത്തിക്കു പോലും ഗതിയില്ലാതെ മൂന്നു വര്‍ഷം കഴിച്ചു കൂട്ടി.
ഈ കാലയളവിലൊക്കെയും രക്ത ബന്ധത്തിനു തരിമ്പും വില കല്പിക്കാതെ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സ്വന്തം കുടുബക്കാരെയും വിശ്വാസികളെയും ദ്രോഹിക്കുകയായിരുന്നു അബൂലഹബ്. ഉപരോധ വേളയില്‍ മക്കയില്‍ എത്തുന്ന കച്ചവട സംഘങ്ങളെ സമീപിച്ച് ഉപരോധിതര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുന്നത് തടയാന്‍ വേണ്ടത് ചെയ്യാന്‍ അയാള്‍ വിട്ടു പോയില്ല.
പ്രബോധന പ്രവര്‍ത്തനങ്ങളുമായി പ്രവാചകന്‍ സഞ്ചരിക്കുമ്പോള്‍ പ്രവാചകനെ അബൂലഹബ് പിന്തുടര്‍ന്നു. ‘ഇവനെ വിശ്വസിക്കരുത്, ഇവന്‍ വ്യാജനും പൂര്‍വികരുടെ മതത്തില്‍ നിന്നു വ്യതിചലിച്ചവനുമാണെന്നു പറഞ്ഞു ജനങ്ങള്‍ പ്രവാചകനെ ശ്രവിക്കുന്നതില്‍ നിന്നും തടയുമായിരുന്നു. പലപ്പോഴും പ്രവാചകനെ കല്ലെടുത്തെറിയുക പോലും ചെയ്തു അയാള്‍.
അക്കാലത്തെ അറബികള്‍ മറ്റെന്തിനേക്കാളും മാനിച്ചിരുന്നതും വിലകല്പിച്ചിരുന്നതും രക്തബന്ധത്തിനായിരുന്നു. അക്കാരണത്താല്‍ സ്വന്തം പിതൃവ്യന്‍ തന്നെ പ്രവാചകനെ പിന്തുടര്‍ന്ന് വ്യാജനെന്ന് ആക്ഷേപിച്ച്് ശകാരവര്‍ഷം ചൊരിയുന്നതും കല്ലെറിയുകയും ചെയ്യുന്നതു മക്കയിലേക്കു പുതുതായി വരുന്നവര്‍ക്കിടയില്‍ പ്രവാചകനെക്കുറിച്ച് സംശയങ്ങളുണര്‍ത്താനിടയാക്കി.
ഈയവസ്ഥയില്‍ അബൂലഹബിന്റെ പരിണിതി എന്തായിരിക്കുമെന്നു പ്രവചിച്ചു കൊണ്ട് ശത്രക്കളുടെ മനോവീര്യം കെടുത്തുകയും പ്രവാചകനെ സ്‌ധൈര്യപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമായിരുന്നു.അങ്ങനെ അബൂലഹബിനും കൂട്ടാളികള്‍ക്കും മാത്രമല്ല ലോകാവസാനം വരെയുളള എല്ലാ നിഷേധികള്‍ക്കും ഒരു താക്കീതായി കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു.
‘അബൂലഹബിന്റെ ഇരു കരങ്ങളും നശിച്ചിരിക്കുന്നു.അവന്‍ നാശമടഞ്ഞിരിക്കുന്നു.അവന്റെ ധനമോ അവന്‍ സമ്പാദിച്ചു വെച്ചതോ അവന്നുപകാരപ്പെട്ടില്ല. നിശ്ചയം അവന്‍ ജ്വാലകളുളള നരകാഗാനിയില്‍ എരിയുന്നതാകുന്നു. ഒപ്പം ഏഷണിക്കാരിയായ അവന്റെ പെണ്ണും. അവളുടെ കഴുത്തില്‍ (തീ കൊണ്ടുളള) പനനാരു കൊണ്ടൊരു വടമുണ്ടാകും.’
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 111 മസദ് /അല്ലഹബ് സൂക്തം 1-5)

മുന്‍ ലക്കങ്ങള്‍ താഴെ വായിക്കാം…

അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം

ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ല

പരസ്യ പ്രബോധനത്തിന്റെ അലയൊലികള്‍

ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss