|    Sep 24 Mon, 2018 10:40 am
Home   >  Todays Paper  >  page 7  >  

അബൂദബി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം : 14 കരാറുകളില്‍ ഒപ്പുവച്ചു

Published : 26th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്ദ് ആല്‍ നഹ്‌യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും യുഎഇയും തമ്മില്‍ 14 കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധം, കപ്പല്‍ ഗതാഗതം, മനുഷ്യക്കടത്ത് തടയല്‍, കാര്‍ഷികം, ഊര്‍ജം സൈബര്‍ സ്‌പേസ്,  തുടങ്ങിയ വിവിധ മേഖലകളില്‍ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതാണ് കരാര്‍. ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രധാനപങ്കാളിയാണ് യുഎഇയെന്ന് തുടര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിലെ അടിസ്ഥാനസൗകര്യവികസന മേഖലയില്‍ യുഎഇ നടത്തുന്ന നിക്ഷേപത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. യുഎഇയിലും ഇന്ത്യ അതിന്റെ ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യവികസന ഫണ്ടുപയോഗിച്ച് നിക്ഷേപം നടത്തും. 2020ല്‍ ദുബയില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍ അടിസ്ഥാന സൗകര്യമേഖലയില്‍ ഇന്ത്യപങ്കാളിയാവും. ഡിജിറ്റല്‍ ഇക്കോണമി, ഇന്ത്യയിലെ നഗരവല്‍ക്കരണം, മാനുഷിക വിഭവം പങ്കുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങളിലെയും വ്യാപാരമേഖലകളില്‍ സഹകരണം ഉറപ്പുവരുത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ നിലവാരം മെച്ചപ്പെടുത്തും. ഈ മേഖലകളിലെല്ലാം സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒപ്പിട്ട കരാറുകള്‍ സഹായകരമാവുമെന്ന് മോദി പറഞ്ഞു. ഊര്‍ജ മേഖലയിലെ സഹകരണം പരസ്പര ബന്ധത്തില്‍ നിര്‍ണായകമാവും. പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ വഴിത്തിരിവാകും. ഏഷ്യന്‍ മേഖലയുടെയും അഫ്ഗാനിസ്ഥാന്റെയും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ചര്‍ച്ച നടത്തി. തീവ്രവാദം ഭീകരത തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്തതായും ഈ മേഖലയിലെ സഹകരണം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ നയതന്ത്ര സഹകരണം ഉറപ്പാക്കുന്നതാണ് ഒപ്പിട്ട കരാറുകളിലൊന്ന്, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരം ഈ മേഖലയിലെ നിര്‍മാണത്തില്‍ പങ്കാളികളാവും. അതോടൊപ്പം സാങ്കേതിക വിദ്യ കൈമാറും. ഗവേഷണ വികസനത്തിലും സഹകരണം ഉറപ്പാക്കും. കടല്‍മാര്‍ഗമുള്ള ഗതാഗതം മെച്ചപ്പെടുത്താനും ധാരണയായി. ഇതിനായി പ്രത്യക ചട്ടക്കൂട് രൂപപ്പെടുത്തും. റോഡ് ഗതാഗതത്തില്‍ സാങ്കേതിക വിദ്യകള്‍ കൈമാറും. അതോടൊപ്പം മറ്റു മേഖലകളിലും സഹകരിക്കും. മനുഷ്യക്കടത്ത് തടയാനും അതിന്റെ ഇരകളെ രക്ഷിക്കാനും സഹകരണത്തോടെ പ്രവര്‍ത്തിക്കും. കാര്‍ഷിക മേഖലയില്‍ ഭക്ഷ്യസംസ്‌കരണം, സാങ്കേതിക വിദ്യ, ചരക്ക് നീക്കം തുടങ്ങിയ മേഖലയില്‍ സഹകരണമുണ്ടാവും. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിസയില്ലാതെ സന്ദര്‍ശനം നടത്താം. പ്രസാര്‍ഭാരതിയും എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സിയും തമ്മില്‍ സഹകരിക്കും. അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയുടെ അസംസ്‌കൃത എണ്ണ ഇന്ത്യയില്‍ സൂക്ഷിക്കുന്നതിന് ചട്ടക്കൂട് രൂപപ്പെടുത്തും. സൈബര്‍ മേഖലയില്‍ സഹകരണം ഉറപ്പാക്കാനും കരാറുകള്‍ ഒപ്പുവച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss