|    May 24 Wed, 2017 4:16 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അബുഹമൂറിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

Published : 15th August 2016 | Posted By: SMR

ദോഹ: അബുഹമൂറില്‍ ടെക്‌നിക്കല്‍ സ്‌കൂളിനു സമീപമുള്ള പഴയ താമസ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ സ്റ്റേറ്റ് പ്രോപര്‍ട്ടി ഡിപാര്‍ട്ട്‌മെന്റ് തീരുമാനിച്ചതായി പ്രാദേശിക അറബി പത്രം റിപോര്‍ട്ട് ചെയ്തു. ഇവിടെയുള്ള താമസക്കാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കും. മതിയായ താമസ രേഖകളുമായി എല്ലാ ആഴ്ചയും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ദഫ്‌നയിലെ മന്ത്രാലയ ആസ്ഥാനത്തെ ആറാം നമ്പര്‍ നിലയിലുള്ള പ്രോപര്‍ട്ടി ഡിപാര്‍ട്ട്‌മെന്റിനെ സമീപിക്കണമെന്ന് അബുഹമൂര്‍ റസിഡന്‍സ് ഏരിയയിലെ താമസക്കാരോട് മന്ത്രാലയം ആവശ്യപ്പെട്ടു.
വീട്ടുടമസ്ഥന്റെ ഐഡി കാര്‍ഡിന്റെ ഇരുവശങ്ങളുടെയും പകര്‍പ്പ്, വീട്ടില്‍ താമസിക്കുന്നവരുടെ ഐഡി കാര്‍ഡ് പകര്‍പ്പ്, വാടക കരാറിന്റെ പകര്‍പ്പ്, തൊഴില്‍ വകുപ്പില്‍ നിന്നുള്ള പാര്‍പ്പിട അലവന്‍സ് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ്, വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി ബില്ലുകള്‍, കെട്ടിട-സ്ട്രീറ്റ് നമ്പറുകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ രേഖകളാണ് സമര്‍പ്പിക്കേണ്ടത്.
പ്രോപര്‍ട്ടി ഡിപാര്‍ട്ട്‌മെന്റിന്റെ തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള ബാധ്യത പ്രദേശത്തെ താമസക്കാര്‍ക്കുണ്ടെന്ന് മുനിസിപ്പാലിറ്റി അംഗം അബ്ദുല്ല അല്‍ഖിവാര്‍ ചൂണ്ടിക്കാട്ടി. താമസക്കാര്‍ക്ക് അവരുടേതായ അവകാശങ്ങളുണ്ടെന്നും നിയമാനുസൃതമായി യോജിച്ച സ്ഥലത്തേക്ക് അവരെ മാറ്റുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. താമസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. നിലവില്‍ ഈ പ്രദേശത്തെ താമസ കെട്ടിടങ്ങളെല്ലാം വളരെ ശോചനീയാവസ്ഥയിലാണ്. രാജ്യത്തിന്റെ പ്രൗഢിക്കും ഭംഗിക്കും നിരക്കുന്നതല്ല ഈ കെട്ടിടങ്ങളെന്ന് അല്‍ഖിവാര്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day