|    Feb 21 Wed, 2018 1:18 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന സൈനികനെ പാകിസ്താന്‍ വിട്ടയച്ചു

Published : 22nd January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികനെ പാകിസ്താന്‍ വിട്ടയച്ചു. സപ്തംബര്‍ 30നു നിയന്ത്രണരേഖ കടന്ന ചന്ദു ബാബുലാല്‍ ഹൗലാനെ (22) വിട്ടയച്ചതായി പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ ധൂലെ സ്വദേശിയും 37 രാഷ്ട്രീയ റൈഫിള്‍സ് അംഗവുമായ ബാബുലാല്‍ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ പഞ്ചാബിലെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി. മാനുഷിക പരിഗണനയും അയല്‍രാജ്യവുമായുള്ള നല്ല ബന്ധം മുന്‍നിര്‍ത്തിയും ജവാനെ വിട്ടയക്കുമെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ പാക് സൈന്യം ഇന്ത്യക്കു കൈമാറിയത്. അതിര്‍ത്തിയില്‍ അദ്ദേഹത്തെ ഇന്ത്യന്‍ സൈന്യം സ്വീകരിച്ചു.  ജമ്മു-കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിനും പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിനും ശേഷം ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം വഷളായ സാഹചര്യത്തിലാണ് ബാബുലാല്‍ നിയന്ത്രണരേഖ കടന്നു പാക് അതിര്‍ത്തിയിലെത്തിയത്. ബാബുലാല്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ സൈനിക സംഘത്തില്‍ പെട്ടയാളല്ലെന്നും അബദ്ധത്തില്‍ അതിര്‍ത്തി കടന്ന അദ്ദേഹത്തെ വിട്ടുകിട്ടണമെന്നുമുള്ള അഭ്യര്‍ഥന പാകിസ്താന്‍ അംഗീകരിക്കുകയായിരുന്നു. ഇരുഭാഗത്തുമുള്ള സൈനികരും സാധാരണക്കാരും അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതു സ്വാഭാവികമാണെന്നും ഇങ്ങനെയുള്ളവരെ നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിച്ചു തിരിച്ചയക്കാറുണ്ടെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. മേലധികാരികളോടുള്ള അസംതൃപ്തിയാണ് സൈനിക പോസ്റ്റ് ഉപേക്ഷിച്ച് അതിര്‍ത്തി കടക്കാന്‍ ബാബുലാലിനെ പ്രേരിപ്പിച്ചതെന്നാണ് പാക് സൈന്യം പ്രതികരിച്ചിരുന്നത്. ബാബുലാല്‍ പാക് സൈന്യത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. മിന്നലാക്രമണത്തിനു ശേഷമുണ്ടായ അതിവൈകാരിക സാഹചര്യത്തില്‍ ജവാന്‍ അപ്രത്യക്ഷനായത് സൈന്യത്തെ ആശങ്കയിലാക്കിയിരുന്നു. ബാബുലാല്‍ പാക് സൈന്യത്തിന്റെ പിടിയിലായത് അറിഞ്ഞ അദ്ദേഹത്തിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. കാമുകിയെ കാണാനായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച പാക് സൈനികനെ 2012 ല്‍ ഇന്ത്യ മടക്കിയയച്ചിരുന്നു. 2014 ല്‍ പാക് അധീന കശ്മീരിലെ ചെനാബ് നദിയില്‍ ഒഴുക്കില്‍പെട്ട ഇന്ത്യന്‍ സൈനികനെയും  അതിര്‍ത്തിയില്‍ അലഞ്ഞുനടക്കുകയായിരുന്ന ഇന്ത്യക്കാരിയെയും പാകിസ്താന്‍ ഇന്ത്യക്കു കൈമാറിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss