|    Jan 17 Tue, 2017 6:35 pm
FLASH NEWS

അഫ്‌സ്പ പിന്‍വലിക്കണം: മുസ്‌ലിംലീഗ്

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ നിന്ന് സൈനികര്‍ക്ക് സവിശേഷാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ദേശീയ നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു.
കശ്മീര്‍ താഴ്‌വര രണ്ടാഴ്ചയായി ഒറ്റപ്പെട്ടുകഴിയുകയാണ്. അഫ്‌സ്പയുടെ മറവില്‍ സൈന്യം സാധാരണക്കാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുന്നുണ്ട്. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളെയും അതിനു പിന്നിലെ പാകിസ്താന്റെ തന്ത്രങ്ങളെയും ഒരുനിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും യോഗം അംഗീകരിച്ച പ്രമേയം വിശദീകരിച്ച് പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കും. ഈ വിഷയത്തില്‍ സമാന മനസ്‌കരായ ആളുകളുമായി സഹകരിച്ചു മുന്നോട്ടുപോവും. സിവില്‍ നിയമങ്ങളില്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരേ നിയമം അനുശാസിക്കുന്ന ഏക സിവില്‍കോഡിനെ സാധൂകരിക്കുന്ന ഭരണഘടനയിലെ 44ാം വകുപ്പ് എടുത്തുകളയണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഏക സിവില്‍കോഡ് ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഹനിക്കുന്നതാണ്. ഏക സിവില്‍കോഡ് വിരുദ്ധ ദിനം’ ആചരിക്കാനും യോഗം തീരുമാനിച്ചു. തിയ്യതി പിന്നീട് പ്രഖ്യാപിക്കും.
അകാരണമായി മുസ്‌ലിം നേതാക്കളെയും ബുദ്ധിജീവികളെയും വേട്ടയാടുന്നതിന്റെ ഭാഗമായാണ് ഇസ്‌ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിനെതിരായ നീക്കം. പ്രസംഗങ്ങളുടെ വീഡിയോകള്‍ മുഴുവന്‍ പരിശോധിച്ചിട്ടും അദ്ദേഹത്തിനെതിരേ ഒരു തെളിവും ലഭിച്ചിട്ടില്ല. എന്നിട്ടും സാക്കിര്‍ നായിക്കിനെതിരേ കെട്ടിച്ചമച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ അറസ്റ്റിലാവുന്നതും വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞതിനു ശേഷം നിരപരാധികളായി മോചിതരാവുന്നതും പതിവാണ്. ജീവിതത്തിന്റെ നല്ലസമയം ജയിലില്‍ കഴിഞ്ഞ അത്തരക്കാര്‍ക്ക് ബാക്കിയുള്ള ജീവിതം നയിക്കുന്നതിനാവശ്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക