|    Jan 23 Mon, 2017 2:00 am
FLASH NEWS

അഫ്‌സ്പ പിന്‍വലിക്കണം; ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബയുടെ ആവശ്യം

Published : 25th July 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സായുധസേനയ്ക്കു പ്രത്യേകാധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തി. അഫ്‌സ്പ ഉടനെയോ പൂര്‍ണമായോ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ അതു തുടങ്ങാനാവും. ഏതാനും മേഖലകളില്‍ അഫ്‌സ്പ പിന്‍വലിച്ച ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താം. പരീക്ഷണം വിജയിക്കുന്നുവെങ്കില്‍ പൂര്‍ണമായും അഫ്‌സ്പ പിന്‍വലിക്കാമെന്നും അവര്‍ പറഞ്ഞു.
കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താന്‍ സ്വീകരിക്കുന്ന നിലപാടിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പാകിസ്താന്റെ ഇന്ത്യയോടുള്ള നയം മാറ്റണം. തീവ്രവാദത്തിന്റെ ഇരകളെന്നു സ്വയം പറയുന്ന പാകിസ്താന്‍ കശ്മീരി യുവാക്കളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുകയാണ്. ചര്‍ച്ച ആരംഭിക്കുന്നതിനും ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ വിശ്വാസമുണര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുന്നതിനും പാകിസ്താന്റെ ഇന്ത്യാ നയം മാറ്റേണ്ടത് അനിവാര്യമാണെന്നും മെഹബൂബ പറഞ്ഞു. നേരത്തെ മെഹബൂബയുടെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങുന്ന പ്രതിനിധിസംഘം കശ്മീര്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, പ്രക്ഷോഭകര്‍ക്കെതിരേ ലോഹ ഉണ്ടകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ രാജ്‌നാഥ് സിങ് സൈന്യത്തോട് അഭ്യര്‍ഥിച്ചു. സേനയ്‌ക്കെതിരേ കല്ലെറിയരുതെന്ന് പ്രക്ഷോഭകരോടും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ഭടന്‍മാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകരെ നേരിടുമ്പോള്‍ സൈനികര്‍ പരമാവധി സംയമനം പാലിക്കണം. പരിക്കേറ്റവര്‍ക്കുവേണ്ടി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. കശ്മീരിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി അസ്വസ്ഥനാണ്. കശ്മീരുമായി അവശ്യാധിഷ്ഠിത ബന്ധമല്ല, വൈകാരിക ബന്ധമാണു കേന്ദ്രം ആഗ്രഹിക്കുന്നത്. തീവ്രവാദത്തിന്റെ ഇരയായ പാകിസ്താന്‍ കശ്മീരിലെ തീവ്രവാദത്തിന് ഇന്ധനം നല്‍കരുത്. കശ്മീരുമായുള്ള പാകിസ്താന്റെ ബന്ധം ശുദ്ധമല്ല. കശ്മീരിലെ അക്രമത്തിന് പാകിസ്താനാണ് ഉത്തരവാദി. യുവാക്കളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതു ശരിയല്ലെന്ന് പാകിസ്താന്‍ മനസ്സിലാക്കണം. കശ്മീരിലെ സാഹചര്യം നേരിടാന്‍ ഇന്ത്യക്കു മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്നും ക്രമസമാധാനം സാധാരണ നിലയിലാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും രാജ്‌നാഥ് പറഞ്ഞു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭവും സംഘര്‍ഷവും വിലയിരുത്താന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് കേന്ദ്രമന്ത്രി എത്തിയത്. ഒട്ടേറെ പ്രതിനിധിസംഘങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 124 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക