|    Oct 15 Mon, 2018 8:46 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഫിലിയേഷന്‍ മാറ്റം: വിദ്യാര്‍ഥികളില്‍ പുതിയ പാഠ്യപദ്ധതിയും ചട്ടവും അടിച്ചേല്‍പ്പിക്കരുതെന്ന് ഹൈക്കോടതി

Published : 12th September 2017 | Posted By: fsq

 

കൊച്ചി: സാങ്കേതിക സര്‍വകലാശാലയിലേക്ക് അഫിലിയേഷന്‍ മാറിയെന്നതിന്റെ പേരില്‍ നിലവിലെ വിദ്യാര്‍ഥികള്‍ക്കു മേല്‍ പുതിയ പാഠ്യപദ്ധതിയും ചട്ടങ്ങളും അടിച്ചേല്‍പിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. തിരുവനന്തപുരം ആര്‍ക്കിടെക്ചര്‍ കോളജ് വിദ്യാര്‍ഥിനിയായ ടി കെ നന്ദിത സമര്‍പ്പിച്ച അപ്പീല്‍ ഹരജി അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. പഴയ സര്‍വകലാശാലയുടെ ഭാഗമായിരിക്കെ അഡ്മിഷന്‍ നേടിയവര്‍ക്ക് ആ കോഴ്‌സ് കഴിയുന്നതുവരെ പുതിയ സര്‍വകലാശാലയുടെ ചട്ടങ്ങള്‍ ബാധകമാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു. കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരുന്ന കോളജില്‍ 2015-16 അധ്യയന വര്‍ഷം അഡ്മിഷന്‍ നേടിയ ഹരജിക്കാരിക്ക് മൂന്നാം സെമസ്റ്ററില്‍ അസുഖം മൂലം ക്ലാസില്‍ ഹാജരാവാനായില്ല. രണ്ടാം സെമസ്റ്ററിലെ ഒരു തിയറി പേപ്പര്‍ പാസായിട്ടില്ലെങ്കിലും സര്‍വകലാശാലാ ചട്ടമനുസരിച്ച് മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കുകയായിരുന്നു. അസുഖം മാറിയ ശേഷം തിരികെ പ്രവേശിക്കുന്ന സമയത്ത് പുതുതായി രൂപീകരിച്ച എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലായിരുന്നു കോളജ്. മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം ആവശ്യപ്പെട്ടപ്പോള്‍ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടണമെന്ന് സാങ്കേതിക സര്‍വകലാശാല നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരേ ഹരജിക്കാരി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഹരജി തള്ളി. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. മാര്‍ക്കിടല്‍ മുതല്‍ വിലയിരുത്തല്‍ ഘടന വരെയുള്ള കാര്യങ്ങളില്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ തമ്മില്‍ വന്‍ വ്യത്യാസമുള്ള സാഹചര്യത്തില്‍ പഴയ സര്‍വകലാശാലാ ചട്ടപ്രകാരം കോഴ്‌സ് തുടരുന്ന വിദ്യാര്‍ഥിനിയായി വേണം ഹരജിക്കാരിയെ കാണാനെന്നും പുനഃപ്രവേശനം മൂന്നാം സെമസ്റ്ററില്‍ നടത്തണമെന്നും കോടതി ഉത്തരവിട്ടു. സപ്ലിമെന്ററി പരീക്ഷയിലൂടെ പരാജയപ്പെട്ട വിഷയം പാസാവാനുള്ള അവസരം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss