|    Jan 20 Fri, 2017 11:27 am
FLASH NEWS

അപ്രോച്ച് റോഡില്ല; തുര്‍ക്കി പാലം കടക്കാന്‍ കോണി വേണം

Published : 5th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവില്‍ തുര്‍ക്കി പാലം നിര്‍മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. കോണി വച്ച് പാലത്തില്‍ കയറേണ്ട അവസ്ഥയാണ് നിലവില്‍. പാലവും റോഡും തമ്മില്‍ അത്രയ്ക്ക് ഉയരവ്യത്യാസമുണ്ട്. പാലത്തിന്റെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവര്‍ പാലം കടന്നപ്പോള്‍ കൂരായണ എന്ന നിലപാടിലാണെന്നു പ്രദേശവാസികളും കുറ്റപ്പെടുത്തുന്നു. കൈതക്കൊല്ലി, അഡ്‌ലൈഡ്, പടപുരം കോളനി, ഗവ. കോളജ് എന്നിവിടങ്ങളിലുള്ളവരുടെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുര്‍ക്കി പാലത്തിന്റെ പണി തുടങ്ങിയത്. ഏറെക്കാലത്തിന് ശേഷം പൂര്‍ത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡിന്റെ കാര്യത്തില്‍ ജനപ്രതിനിധികളുടെ വാക്കും ഉറപ്പും ജനകീയതയുമെല്ലാം പാഴായി. ഈ പ്രദേശങ്ങളിലുള്ളവര്‍ നിലവില്‍ മൂന്നര കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് കല്‍പ്പറ്റയിലെത്തുന്നത്. കഴിഞ്ഞ മാസം താല്‍ക്കാലിക പാലം തകര്‍ന്നുവീണിരുന്നു. ആളില്ലാത്തപ്പോള്‍ തകര്‍ന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. നിത്യേന നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന പാലമാണിത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുമ്പുപാലമായിരുന്നു ഇവിടെയുണ്ടായിരുന്നത്. തുരുമ്പെടുത്ത ഈ പാലം മാറ്റി പുതിയതു നിര്‍മിക്കണമെന്ന വര്‍ഷങ്ങളുടെ മുറവിളിക്കു ശേഷമാണ് ഫണ്ട് വകയിരുത്തിയത്. 2012 അവസാനമായിരുന്നു ഇത്. അപ്രോച്ച് റോഡ് നിര്‍മാണത്തിനടക്കം ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍, നിര്‍മാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഫലത്തില്‍ കല്‍പ്പറ്റ ഭാഗത്തുനിന്നു വരുമ്പോള്‍ പാലത്തില്‍ എത്തണമെങ്കില്‍ കോണി കയറണം. അപ്രോച്ച് റോഡ് ഉണ്ടാക്കിയെങ്കില്‍ മാത്രമേ ഈ പാലം ഉപയോഗിക്കാനാവൂ. ഇതുസംബന്ധിച്ച് നഗരസഭയ്ക്കുള്‍പ്പെടെ വ്യക്തമായ മറുപടി പോലുമില്ല. ഇരുമ്പുപാലം പൊളിച്ചപ്പോള്‍ സമീപത്ത് നാട്ടുകാര്‍ നിര്‍മിച്ച താല്‍ക്കാലിക പാലത്തിലാണിന്നും യാത്ര. എത്രയും വേഗം പ്രധാനപാലം പൂര്‍ത്തിയാവുമെന്ന പ്രതീക്ഷയില്‍ പ്രാദേശികമായി ലഭിച്ച കവുങ്ങ് ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം. ഈ പാലത്തില്‍ നിന്ന് സ്‌കൂള്‍ കുട്ടികള്‍ അടക്കം പുഴയിലേക്ക് വീണു. പാലം തകര്‍ന്ന് മധ്യവയസ്‌കന്‍ വെള്ളത്തില്‍ വീണ സംഭവവുമുണ്ടായി. ജില്ലയില്‍ തന്നെ പ്രാദേശികമായി നിര്‍മിക്കപ്പെട്ടവയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതാണ് തുര്‍ക്കി പാലമെങ്കിലും ഇതു ജനങ്ങള്‍ക്ക് ഉപകാരപ്പെടുമോയെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് പോലും ഉത്തരമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക