|    Apr 26 Wed, 2017 11:26 am
FLASH NEWS

അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായില്ല; നോക്കുകുത്തിയായി ചീക്കല്ലൂര്‍ പാലം

Published : 1st November 2016 | Posted By: SMR

നടവയല്‍: കണിയാമ്പറ്റ പഞ്ചായത്തിലെ കുടോത്തുമ്മല്‍-നടവയല്‍-വേലിയമ്പം റോഡിലെ ചീക്കല്ലൂര്‍ പാലം നോക്കുകുത്തിയായി. നബാര്‍ഡിന്റെ മാന്ദ്യകാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലം പൂര്‍ത്തീകരിച്ചിരുന്നു. ഒമ്പത് കോടി രൂപയാണ് പാലത്തിനും അപ്രാച്ച് റോഡിനുമായി വകയിരുത്തിയിരുന്നത്. എന്നാല്‍ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് പാലം ത്രിശങ്കുവിലാകാന്‍ കാരണം. കല്‍പ്പറ്റ നിയോജക മണ്ഡലം മുന്‍ എംഎല്‍എ എം വി ശ്രേയാസ്‌കുമാറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഈ റോഡ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലൂടെ കടന്നുപോക്കുന്ന ഈ റോഡ് കല്‍പ്പറ്റയില്‍ നിന്ന് പുല്‍പ്പള്ളിക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണ്. പുല്‍പ്പള്ളി, പൂതാടി, പനമരം, കണിയാമ്പറ എന്നീ പഞ്ചായത്തുകളിലൂടെ പുല്‍പ്പള്ളിയില്‍ നിന്നും വേലിയമ്പം, നെയ്കുപ്പ, നടവയല്‍, നെല്ലിയമ്പം, ചീക്കല്ലര്‍, കണിയാമ്പറ്റ വഴി കല്‍പ്പറ്റയിലേക്ക് എത്തുന്ന പാതയാണിത്. അപ്രാച്ച് റോഡിന്റെ പണിതുടങ്ങിയപ്പോള്‍ ഉണ്ടായ തടസങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും പരിഹിക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യമായ ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്തതാണ് പ്രധാന പ്രശനം.കൂടോത്തുമ്മല്‍, നടവയല്‍, വേലിയമ്പം റോഡ് തങ്ങളുടെ പക്കലാണെങ്കിലും ഈ അപ്രാച്ച് റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് കൈമാറിയിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. തര്‍ക്കഭൂമിയെ സംബന്ധിച്ച് പഞ്ചായത്തും ഭൂഉടമയും തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കോടതിക്ക് പുറത്ത് ഇത് ഒത്തുതീര്‍ക്കാന്‍ പലവട്ടം ശ്രമം നടന്നിരുന്നു. എന്നാല്‍ ഭൂഉടമക്ക് ന്യായമായ പ്രതിഫലം നല്‍കി ഭൂമി ഏറ്റെടുക്കാന്‍ പഞ്ചായത്ത് തയാറാക്കാത്തതാണ് പ്രതിസന്ധി തുടരാന്‍ കാരണമായി പറയപ്പെടുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day