|    Jun 19 Tue, 2018 4:37 am
Home   >  Todays Paper  >  Page 5  >  

അപ്രിയ സത്യങ്ങള്‍ പറയാന്‍ യുവാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം: എ കെ ആന്റണി

Published : 28th January 2017 | Posted By: fsq

AK-Antony

തിരുവനന്തപുരം: പാര്‍ട്ടിക്ക് അകത്തും പുറത്തും അപ്രിയ സത്യങ്ങള്‍ പറയാന്‍ യുവാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. സത്യം തുറന്നുപറയുന്നവരെ മാറ്റിനിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്നത്തെ നേതാക്കളൊന്നും ഉണ്ടാവുമായിരുന്നില്ല. രാഷ്ട്രീയബോധമുള്ള യുവതലമുറ കേരളത്തില്‍ വളര്‍ന്നുവരേണ്ടതുണ്ട്. മൂല്യബോധമുള്ള യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു കഴിയണം. യുവാക്കളുടെ സ്വപ്‌നങ്ങള്‍ മാറിവരുകയാണെന്നും രാഷ്ട്രീയത്തിലേക്കുള്ള താല്‍പര്യക്കുറവില്‍ നിന്നു പുതുതലമുറയെ മാറ്റിയെടുക്കാന്‍ ശക്തമായ ശ്രമം വേണമെന്നും ആന്റണി അഭിപ്രായപ്പെട്ടു. കെ കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ സാമൂഹിക നീതി മുഖ്യ അജണ്ടയാക്കി ഉയര്‍ത്തിക്കൊണ്ടുവരണം. എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ ശക്തമായി ഇടപെടണം. സമൂഹത്തില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുകയാണ്. അടുത്തിടെ വന്ന ഒരു റിപോര്‍ട്ടില്‍ പറയുന്നത് ലോകത്തുള്ള സമ്പത്തിന്റെ 50 ശതമാനവും എട്ട് അമേരിക്കക്കാരുടെ കൈകളിലാണെന്നാണ്. വികസനം മാത്രം മതിയെന്ന ചിന്താഗതി മാറണം. വികസനം വേണ്ടെന്നല്ല, മറിച്ച്, വികസനത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സാമൂഹിക നീതിക്കാണ്. കേരളത്തിലും ചിലരുടെ കൈയില്‍ സമ്പത്ത് കൂടുമ്പോള്‍ മറ്റൊരു വിഭാഗം ദാരിദ്ര്യത്തിന്റെ അടിത്തട്ടിലേക്കാണ് പോകുന്നത്. തിളങ്ങുന്ന ഇന്ത്യയുടെയും തിളങ്ങുന്ന കേരളത്തിന്റെയും കാലഘട്ടത്തിലാണ് ആദിവാസികളും പട്ടികവിഭാഗങ്ങളും ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഇവിടെ ജീവിക്കുന്ന ഒരു വിഭാഗം അറപ്പുണ്ടാക്കുന്ന ആഡംബരത്തിനു പിന്നാലെ പോവുകയാണ്. കോടികള്‍ മുടക്കി വിവാഹങ്ങള്‍ നടത്തുന്നവരും പത്തും അമ്പതും കോടികള്‍ ചെലവഴിച്ച് ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. സമ്പത്ത് വ്യക്തികളുടെ കൈയില്‍ കുന്നുകൂടുന്നത് സമൂഹത്തില്‍ പൊട്ടിത്തെറിക്ക് കാരണമാവുമെന്നും ആന്റണി ചൂണ്ടിക്കാട്ടി. വി എം സുധീരന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss