|    Mar 22 Thu, 2018 2:18 am
FLASH NEWS
Home   >  Editpage  >  Editorial  >  

അപ്രത്യക്ഷരാവുന്ന മലയാളി കുടുംബങ്ങള്‍

Published : 12th July 2016 | Posted By: SMR

Thejas Emblemസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അപ്രത്യക്ഷരായ ഏതാനും മലയാളി കുടുംബങ്ങള്‍ പശ്ചിമേഷ്യയിലെ യുദ്ധഭൂമികളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളില്‍ എത്തിച്ചേര്‍ന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതാണ്. അപ്രത്യക്ഷരായ 21 പേരില്‍ ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള യുവാക്കളും ഗര്‍ഭിണികളായ കുടുംബിനികളും ചെറിയ കുട്ടികളും ഉള്‍പ്പെടുന്നുണ്ട് എന്നത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എന്നാല്‍, ഇവര്‍ക്കു സംഭവിച്ചത് എന്താെണന്നും എങ്ങോട്ടാണ് ഇവരൊക്കെ പോയിരിക്കുന്നത് എന്നും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ട ബാധ്യത ഭരണകൂടത്തിനാണ്. സംസ്ഥാന പോലിസ് കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സഹകരിച്ചുകൊണ്ട് അന്വേഷണം നടത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്. കഴിയുംവേഗം ഇതുസംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ കണ്ടെത്തുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു. edit about missing
പക്ഷേ, ഈ സംഭവവികാസങ്ങളുടെ പേരില്‍ പുകമറ സൃഷ്ടിച്ച് കേരളത്തിലെ സാമൂഹികാന്തരീക്ഷം വഷളാക്കാനുള്ള നീക്കങ്ങള്‍ ഇതിനകം സംഘടിതമായിത്തന്നെ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. മുസ്‌ലിം സമുദായത്തിനെതിരേ വിഷലിപ്തമായ കുപ്രചാരണം ഇപ്പോള്‍ പ്രചണ്ഡമായി നടക്കുകയാണ്. നേരത്തേ സംഘപരിവാരം ഉയര്‍ത്തിക്കൊണ്ടുവന്ന് ചീറ്റിപ്പോയ ലൗ ജിഹാദ് എന്ന ഉമ്മാക്കിപോലും ഇതിനകം അവര്‍ വീണ്ടും തുടച്ചുമിനുക്കി പുറത്തെടുത്തുകഴിഞ്ഞു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഇക്കൂട്ടരുടെ യഥാര്‍ഥ ലക്ഷ്യം മുസ്‌ലിം സമുദായത്തെ താറടിക്കലും അവരെ പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കലുമാണെന്ന് സംശയലേശമെന്യേ വ്യക്തമാവുന്നുണ്ട്.
മുസ്‌ലിം സമുദായാംഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെ ആക്രമിക്കാനും തകര്‍ക്കാനും അവയ്‌ക്കെതിരേ നുണകള്‍ പ്രചരിപ്പിക്കാനും ഇതിനകം തന്നെ ഇക്കൂട്ടര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. കാസര്‍കോട് നിന്ന് അപ്രത്യക്ഷനായ ഒരു യുവ ഡോക്ടര്‍ കുറച്ചുകാലം ജോലിയെടുത്തിരുന്ന വടകരയ്ക്കടുത്ത് തിരുവള്ളൂരിലെ ഒരു ആതുരസേവന ക്ലിനിക്കിനു നേരെ സംഘപരിവാരത്തിലെ ഒരുവിഭാഗം കഴിഞ്ഞ ദിവസം കടന്നാക്രമണം നടത്തി. സ്ഥാപനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണത്തെ അപലപിക്കാന്‍ ഇതുവരെ മുഖ്യധാരാ പാര്‍ട്ടികള്‍ പോലും മുന്നോട്ടുവന്നിട്ടില്ല. ഈ സ്ഥാപനത്തിന്റെ വടകരയിലെ സഹോദര സ്ഥാപനത്തെയും ആക്രമണത്തിനു വിധേയമാക്കി എന്നതില്‍ നിന്ന് എന്താണ് ഇക്കൂട്ടരുടെ യഥാര്‍ഥ ലക്ഷ്യം എന്ന് ആര്‍ക്കും കാണാന്‍ കഴിയും. തികഞ്ഞ വര്‍ഗീയതയും പരസമുദായ വിരോധവുമാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഐഎസ് സംബന്ധിച്ച പ്രചാരവേലകള്‍ അവര്‍ക്ക് അതിനൊരു മറ മാത്രം.
മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ മുന്നറിയിപ്പു നല്‍കിയത് ആശ്വാസദായകമാണ്. കുടുംബങ്ങള്‍ അപ്രത്യക്ഷമാവുന്നതും സ്ഥാപിത താല്‍പര്യക്കാരുടെ വലയില്‍പ്പെടുന്നതും മൊത്തം സമൂഹത്തില്‍ ഉല്‍ക്കണ്ഠ നല്‍കുന്ന വിഷയമാണ്. അത് സങ്കുചിത താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ശരിയല്ല എന്ന് ഓര്‍ക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss