|    Apr 28 Fri, 2017 1:37 pm
FLASH NEWS

അപ്രതീക്ഷിതമായി നോട്ടുകള്‍ അസാധു; നെട്ടോട്ടമോടിയത് സാധാരണക്കാര്‍

Published : 10th November 2016 | Posted By: SMR

ഷബ്‌ന സിയാദ്

കൊച്ചി: അപ്രതീക്ഷിതമായി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളുമായി നെട്ടോട്ടമോടിയത് സാധാരണക്കാര്‍. ആശുപത്രികളും റെയില്‍വേ സ്റ്റേഷനുകളിലും പെട്രോള്‍ ബങ്കുകളും ചില്ലറയില്ലാതെ വലഞ്ഞപ്പോള്‍ ലോട്ടറി കച്ചവടം പൊടിപൊടിച്ചു. സംസ്ഥാനത്ത് പലയിടത്തും ആശുപത്രികളില്‍ ചില്ലറയുടെ പേരില്‍ സംഘര്‍ഷാവസ്ഥ വരെയുണ്ടായി.
ആശുപത്രികളില്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ എടുക്കുമെന്ന് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും പലയിടത്തും സ്വകാര്യ ആശുപത്രികള്‍ 500, 1000 നോട്ടുകള്‍ കൈപ്പറ്റിയില്ല. ഇതിന്റെ പേരില്‍ നേരത്തേ തീരുമാനിച്ചിരുന്ന ഓപറേഷന്‍ വരെ ചിലയിടങ്ങളില്‍ മുടങ്ങി. മെഡിക്ക ല്‍ ഷോപ്പുകളില്‍ നിന്നു മരുന്നു വാങ്ങാനാവാതെ രോഗികള്‍ പോലിസ് സ്‌റ്റേഷനുകളില്‍ പരാതിയുമായെത്തി. പെട്രോള്‍ ബങ്കുകളും നോട്ടുകള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉപഭോക്താക്കള്‍ക്ക് ബാക്കി നല്‍കാന്‍ ചില്ലറയില്ലാത്തതിനാല്‍ 500, 1000 രൂപയ്ക്ക് പെട്രോള്‍ നല്‍കുകയാണ് ചെയ്തത്. ഇതോടെ ചെറുവാഹനങ്ങളുമായി എത്തിയവരാണ് പ്രതിസന്ധിയിലായത്.
റെയില്‍വേ സ്റ്റേഷനുകളിലെയും സ്ഥിതി ഇതുതന്നെയായിരുന്നു.  പല യാത്രക്കാരും ടിക്കറ്റെടുക്കാതെയാണ് യാത്ര ചെയ്തത്. എറണാകുളത്ത് അ ടക്കം റെയില്‍വേ സ്റ്റേഷനുകളി ല്‍ സംഘര്‍ഷാവസ്ഥ വരെയുണ്ടായി. ലോട്ടറി കച്ചവടക്കാരാണ് ഇതിനിടെ മുതലെടുപ്പ് നടത്തിയത്. നറുക്കെടുപ്പ് മാറ്റിവച്ചതിനാല്‍ ചില്ലറയില്ലാതെ എത്തിയവര്‍ക്ക് കൂടുതല്‍ ടിക്കറ്റ് ന ല്‍കി വില്‍പന തകൃതിയായി നടന്നു. സംസ്ഥാനത്തെ പല തിേയറ്ററുകളിലും ചില്ലറപ്രശ്‌നം സിനിമാപ്രേമികളെ നിരാശരാക്കി. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ് ഏറെ പ്രതിസന്ധിയിലായത്. ഭക്ഷണം കഴിക്കുന്നതിനു മുമ്പേ തന്നെ ചില്ലറയുണ്ടെങ്കി ല്‍ മാത്രം കഴിക്കണമെന്ന് മുന്നറിയിപ്പ് പലയിടത്തും നല്‍കി.
കെഎസ്ആര്‍ടിസി സര്‍വീസുകളെയും ചില്ലറപ്രശ്‌നം ബാധിച്ചു. യാത്രക്കാര്‍ കൈയിലുള്ള 500, 1000 ചില്ലറയാക്കാന്‍ നോക്കിയപ്പോള്‍ ബാക്കി കൊടുക്കാനില്ലാതെ ജീവനക്കാര്‍ വലഞ്ഞു. കെഎസ്എഫ്ഇ അടക്കമുള്ള സര്‍ക്കാര്‍ സേവനമേഖലകളെയും കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതികൂലമായി ബാധി ച്ചു. ലേലച്ചിട്ടികളടക്കം മാറ്റിവച്ചപ്പോള്‍ ജനസേവനകേന്ദ്രങ്ങള്‍ക്കു മുന്നില്‍ രാവിലെ തന്നെ 500, 1000 നോട്ടുകള്‍ സ്വീകരിക്കുന്നതല്ലെന്ന ബോര്‍ഡും പ്രത്യക്ഷപ്പെട്ടു.
ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കില്ലെന്ന നോട്ടീസ് പതിച്ചു. ഇതോടെ പതിവ് ക്യൂ ഇന്നലെ ഇല്ലാതായി. എന്നാല്‍, പല ക്ഷേത്രങ്ങളിലും വഴിപാടായി വലിയ തുക ലഭിച്ചപ്പോള്‍ ശാന്തിക്കാരുടെ ദക്ഷിണയാണ് കഷ്ടത്തിലായത്. വില്ലേജ് ഓഫിസുകളും താലൂക്ക് ഓഫിസുകളും അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളിലൊന്നും തന്നെ 500, 1000 നോട്ടുകള്‍ കൈപ്പറ്റിയില്ല.
ചില്ലറ നല്‍കാത്തതിനാല്‍ പലയിടത്തും ടോള്‍ബൂത്തുകള്‍ സൗജന്യമാക്കി. സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ കച്ചവടം നടക്കാന്‍ അസാധുനോട്ടുകള്‍ കൈപ്പറ്റിയെങ്കിലും സാമ്പത്തിക തലസ്ഥാനമായ കൊച്ചിയിലെ മാര്‍ക്കറ്റുകളില്‍ 500, 1000 വേണ്ടെന്നുവച്ചു. ഹെല്‍മറ്റ് വേട്ടയ്ക്കിറങ്ങിയ പോലിസുകാരാണ് ഏറെ വെട്ടിലായത്. 100 രൂപ പിഴ എഴുതിയപ്പോള്‍ 500, 1000 വച്ചുനീട്ടിയവര്‍ക്ക് നോട്ടീസ് എഴുതി നല്‍കിയാണ് പോലിസ് അസാധുവിനെ മറികടന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day