|    Nov 21 Wed, 2018 6:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സൂചന: എന്‍സിഎച്ച്ആര്‍ഒ

Published : 30th August 2018 | Posted By: kasim kzm

കോഴിക്കോട്: വിപ്ലവ കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വെര്‍നണ്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവരുടെ അറസ്റ്റ് രാജ്യത്തെ അടിയന്തരാവസ്ഥയുടെ കാളരാത്രികളെ വെല്ലുന്ന ഭയാനകമായ നടപടിയാണെന്നു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.
ജനാധിപത്യവാദികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ചെയ്യുന്നത് ജനാധിപത്യത്തെ വേട്ടയാടലാണ്. രാജ്യത്ത് നിലവിലുള്ള നീതിന്യായ വ്യവസ്ഥ അട്ടിമറിക്കപ്പെടുന്നതിന്റെ നേര്‍സാക്ഷ്യമാണിതെന്നാണ് ഇവരുടെ പേരില്‍ യുഎപിഎ അടക്കമുള്ള ഭീകരനിയമ പ്രയോഗത്തിലൂടെ മനസ്സിലാവുന്നത്. തമിഴ്‌നാട്ടില്‍ തിരുമുരുകന്‍ ഗാന്ധിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതും ഈ പ്രവണതയുടെ മുന്നോടിയാണ്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമായി ബിജെപി കോര്‍പറേറ്റുകളും ആര്‍എസ്എസ് ഫാഷിസ്റ്റുകളും ഒരുക്കുന്ന ബഹുമുഖ കുതന്ത്രങ്ങളുടെ പ്രയോഗവല്‍ക്കരണമാണ് ഈ അറസ്റ്റുകള്‍. ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കും പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ ഭീകരതയായി ചിത്രീകരിക്കുന്ന ഫാഷിസ്റ്റ് കടന്നുകയറ്റമാണ് ഭരണകൂട നടപടികള്‍. അന്യായമായി അറസ്റ്റ് ചെയ്ത മുഴുവന്‍ പൗരാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുസ്സമദ്, കെ പി ഒ റഹ്മത്തുല്ല, എ എം ഷാനവാസ്, എം കെ ഷറഫുദ്ദീന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss