|    Apr 21 Sat, 2018 5:16 pm
FLASH NEWS
Home   >  Kerala   >  

അപ്പീലില്‍ തീരുമാനമായി, ശിരോവസ്ത്രത്തിന് നിരോധനമില്ല, പരീക്ഷയ്ക്ക് ഒരുമണിക്കൂര്‍ മുന്‍പ് ഹാജരാകണം

Published : 29th April 2016 | Posted By: G.A.G

കൊച്ചി:  അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രത്തിനും പൂര്‍ണമായും  കൈമറയ്ക്കാനും അനുമതി നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സിബിഎസ്ഇ സമര്‍പിച്ച അപ്പീല്‍ പരീക്ഷാസമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വിദ്യാര്‍ഥികള്‍ ഹാജരാകണമെന്ന ഭേദഗതിയോടെ ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കി.

വിദ്യാര്‍ത്ഥികള്‍  അരമണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന സിംഗിള്‍ ബഞ്ച്  ഉത്തരവ് ഒരു മണിക്കൂര്‍ മുന്‍പ് എന്നാക്കി ഡിവിഷന്‍ ബഞ്ച് ഭേദഗതി വരുത്തുകയായിരുന്നു. ഇതനുസരിച്ച്്്് പരീക്ഷാര്‍ത്ഥികള്‍ 8.30 ന് മുന്‍പ് പരീക്ഷസെന്ററുകളില്‍ എത്തി പരിശോധനയ്ക്ക് തയാറാകണം. മാറ്റം വരുത്തിയ സമയക്രമം സംബന്ധിച്ച് സിബി.എസ്ഇ പ്രസിദ്ധപ്പെടുത്തണമെന്നും ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് സുനില്‍തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി.

സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കല്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന്് ചൂണ്ടികാട്ടി  സമര്‍പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ പരിഗണനയ്‌ക്കെത്തിയെങ്കിലും  മതപരമായ രീതിയില്‍ വസ്ത്രധാരണം നടത്തുന്നതിന് തടസമില്ലെന്ന്  സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചതിനാല്‍ അപ്പീലിലെ ഈ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് സിബിഎസ്ഇ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍  സമയം സംബന്ധിച്ച് കോടതി ഉത്തരവും സര്‍ക്കുലറും  തമ്മിലുള്ള ആയശകുഴപ്പം ഒഴിവാക്കണെന്നും സിബിഎസ്ഇ സര്‍ക്കുലര്‍ മാനദണ്ഡമാക്കി പരീക്ഷ നടത്തണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. സര്‍ക്കുലര്‍ ഇറക്കി വസ്ത്രസ്വാതന്ത്യത്തിന് അനുമതി നല്‍കിയെങ്കില്‍ എന്തിന് അപ്പീല്‍ നല്‍കിയെന്നും  ഇത്തരം ആശയകുഴപ്പത്തിന്റെ ആവശ്യമില്ലെന്നും എത്തിച്ചേരേണ്ട  സമയം അരമണിക്കൂര്‍ എന്നത് ഒരുമണിക്കൂര്‍ ആയി ഭേദഗതി വരുത്താമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.


മതപരമായ വിശ്വാസങ്ങളെ മാനിച്ച് വേണം ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍. സംസ്‌കാരമുള്ള സമൂഹത്തില്‍ രാഹുകാലം കഴിഞ്ഞേ പരീക്ഷ നടത്താവൂവെന്ന ആരെങ്കിലും നിര്‍ദേശം നല്‍കിയാല്‍ നാളെ കോടതികള്‍ക്ക് ഈ വിഷയത്തിലും ഇടപെടേണ്ടിവരും. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ എല്ലാവരുടെയും വികാരങ്ങളെ മാനിച്ചായിരിക്കണം ഇത്തരം തീരുമാനങ്ങളെന്നും കോടതി ചൂണ്ടികാട്ടി. മൊബൈല്‍  ജാമറും, കാമറകളും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളുമെല്ലാം ഉള്ള ആധുനിക യുഗത്തില്‍  സന്യാസി സമൂഹം അടക്കമുള്ളവരുടെ വസ്ത്രസ്വാതന്ത്യത്തിന് നിയന്ത്രണം ഏര്‍പെടുത്തുന്ന രീതിയിലുള്ള ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കിയതെന്തിനെന്നും ഡിവിഷന്‍ ബഞ്ച് ചോദിച്ചു.മതവിശ്വാസം മൗലികാവാകാശമാണെന്നും അതിനാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
മതപരമായ വിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്രധാരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ത്യശൂര്‍ പാവറട്ടി സ്വദേശിനി അംന ബിന്‍ദ് ബഷീര്‍ നല്‍കിയ ഹരജിയില്‍ കഴിഞ്ഞ 26 നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സിബിഎസ്ഇ ഡിവിഷന്‍ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ശിരോവസ്ത്രം അഴിച്ച് പരിശോധന നടത്താന്‍ അനുമതിയുണ്ടെന്നും അതിനായി മതവികാരത്തെ വ്രണപെടുത്താത്ത രീതിയില്‍ വനിതാ ഇന്‍വിജിലേറ്റര്‍മാരെ ചുമതലപ്പെടുത്തണമെന്നുമുള്ള സിംഗിള്‍ ബഞ്ച് നിര്‍ദേശം നടപ്പാക്കല്‍ അപ്രായോഗികമാണെന്നും ചൂണ്ടികാട്ടിയായിരുന്നു അപ്പീല്‍. എന്നാല്‍ ഇതിനിടെ സിബിഎസ്ഇ ഡയറക്ടറേറ്റ് വസ്ത്രസ്വാതന്ത്യത്തിന് നിയന്ത്രണം ഏര്‍പെടുത്തില്ലെന്ന രീതിയില്‍ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു. ഇതോടെയാണ് ഡിവിഷന്‍ ബഞ്ചില്‍ നല്‍കിയ അപ്പീലിലെ ആവശ്യങ്ങള്‍ പിന്‍വലിക്കാന്‍ സിബിഎസ് ഇ തയാറാകുകയായിരുന്നു. തുടര്‍ന്നാണ് സമയം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യം മാത്രം സിബിഎസ്ഇ അഭിഭാഷകന്‍ ഉന്നയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss