|    Aug 14 Tue, 2018 11:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അപ്പര്‍ കുട്ടനാട്ടിലെ അഞ്ച് വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു

Published : 6th August 2018 | Posted By: kasim kzm

തിരുവല്ല: തിരുവല്ല താലൂക്കിലെ നിരണം, പെരിങ്ങര, നെടുമ്പ്രം, കാവുംഭാഗം, കടപ്ര വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളെ നേരത്തേ പ്രളയബാധിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്കദുരിതം കണക്കിലെടുത്ത് അപ്പര്‍ കുട്ടനാടിനെയും പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന മന്ത്രി മാത്യു ടി തോമസിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അപ്പര്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് സ്ഥിരം സംവിധാനം രൂപപ്പെടുത്തുന്നതിന് തീരുമാനമായി. ദുരിതബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഇതിനായി ഈ പ്രദേശങ്ങളിലെ ബാങ്ക് പ്രതിനിധികളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.
അപ്പര്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം ഭാവിയില്‍ ഒഴിവാക്കുന്നതിന് വെള്ളം കയറാത്ത രീതിയിലുള്ള ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കാര്യം ആലോചിക്കും. വെള്ളപ്പൊക്ക ഭീഷണി ഉണ്ടാവുന്ന സമയത്ത് എത്രയും വേഗം ജനങ്ങളെ ഇത്തരത്തിലുള്ള കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന വിധത്തിലുള്ള സംവിധാനങ്ങള്‍ പരിഗണിക്കും. വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ക്കായി പ്രത്യേക സംവിധാനം നടപ്പാക്കും. അപ്പര്‍ കുട്ടനാട്ടില്‍ ജലം എത്തുന്നത് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ നിന്നാണ്. ഇവിടെ മഴയുടെ അളവ് കൃത്യമായി നിരീക്ഷിച്ച് വെള്ളപ്പൊക്ക മുന്നറിയിപ്പു നല്‍കുന്നതിനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷിതത്വത്തിനായി വെള്ളപ്പൊക്ക ഭീഷണിയുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഉയര്‍ന്ന പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിച്ച് വളര്‍ത്തുമൃഗങ്ങളെ വെള്ളപ്പൊക്ക സമയങ്ങളില്‍ ഇവിടേക്കു മാറ്റുന്നതിനുള്ള സംവിധാനവും ആലോചിക്കും. വെള്ളപ്പൊക്ക സമയങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതു മൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനു പരിഹാരമായി ഈ പ്രദേശങ്ങളില്‍ കൂടുതല്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളിലെ പുനര്‍നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കും. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ താഴ്ന്ന പാലങ്ങള്‍ വള്ളങ്ങളും ബോട്ടുകളും കടന്നുപോവുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഇതു പരിഹരിക്കുന്നതിന് ഇത്തരം പാലങ്ങള്‍ ഉയര്‍ത്തിപ്പണിയുന്നതിനു നടപടി സ്വീകരിക്കും. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും ഓരോ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കും. ഇവരുടെ ഏകോപനത്തിനായി റവന്യൂ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനും ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss