|    Feb 23 Fri, 2018 12:04 pm
FLASH NEWS

അപ്പര്‍കുട്ടനാട്ടില്‍ കൃഷിക്ക് പട്ടാളപ്പുഴു ശല്യം; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : 15th January 2017 | Posted By: fsq

 

ഹരിപ്പാട്: അപ്പര്‍കുട്ടനാട്ടില്‍ പാതി വിളവെത്തിയ കൃഷിയിടങ്ങളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം. കര്‍ഷകര്‍ പ്രതിസന്ധിയില്‍. അപ്പര്‍കുട്ടനാട്ടിലെ പള്ളിപ്പാട് പഞ്ചായത്തില്‍ പെടുന്ന വെട്ടിക്കല്‍, പനമൂട്ടുകാട്, നടയില്‍ കിഴക്ക്, വീയപുരം പഞ്ചായത്തിലെ മുപ്പായിക്കേരി, പോട്ടകളയ്ക്കാട്, ചെറുതന പഞ്ചായത്തിലെ മടയനാരി എന്നീ പാടശേഖരങ്ങളിലും ചെങ്ങന്നൂര്‍, മാവേലിക്കര പ്രദേശങ്ങളിലുമാണ് പട്ടാളപ്പുഴുവിന്റെ ആക്രമണം രൂക്ഷമായത്. നെല്‍ചെടിക്കു താഴെ മണ്ണില്‍ മുട്ടയിട്ട് ദിവസങ്ങള്‍ക്കകം വിരിയുന്ന പുഴു നെല്ലോലകള്‍ പൂര്‍ണമായും തിന്നു നശിപ്പിക്കുകയാണ്. കൃഷിയിറക്കി 30 ദിവസത്തിനുള്ളിലാണ് പുഴുവിന്റെ ആക്രമണം ഉണ്ടാവുന്നതെങ്കില്‍ വീണ്ടും ഇല വിരിയുന്നതിനാല്‍ മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ 30 ദിവസത്തിനുമുകളിലാവുന്ന ചെടികളില്‍ ഇല വീണ്ടും നാമ്പെടുക്കാത്തതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പാടശേഖരങ്ങളിലാണ് ഇവയുടെ ഉപദ്രവം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ പാടത്ത് വെള്ളം കയറ്റി മുക്കിയാല്‍ വിഷലായനികള്‍ ഉപയോഗിക്കാതെതന്നെ ഇവയുടെ ഉപദ്രവം നിയന്ത്രിക്കാന്‍ കഴിയുംഎന്നാല്‍ പുഴുക്കളുടെ ഉപദ്രവമില്ലാതാക്കാന്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കൃഷിവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായിവീര്യം കൂടിയ വിഷ ലായനികള്‍ തളിക്കുകയാണ് കര്‍ഷകര്‍. ഇത് കൃഷിയിടത്തിലെ ശത്രുകീടങ്ങളെ പരമ്പരാഗതമായി നശിപ്പിക്കുന്ന മിത്രകീടങ്ങളെ ഇല്ലാതാക്കും. ഇത് വിളവിനെയും ബാധിക്കുമെന്ന് മങ്കൊമ്പ്  കീടനിരീക്ഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ഇന്‍സ്‌പെക്ടര്‍ മനോജ് പറഞ്ഞു. നിലവില്‍ പുഴുക്കളുടെ ഉപദ്രവം ശക്തിയാര്‍ജ്ജിച്ച പ്രദേശങ്ങളിലൊക്കെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കൃഷിവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss