|    Dec 14 Thu, 2017 3:25 pm
FLASH NEWS

അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പമ്പാ തീരം ചുരുങ്ങുന്നു

Published : 11th July 2016 | Posted By: SMR

ഹരിപ്പാട്: കൈയേറ്റത്തെ തുടര്‍ന്ന് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പമ്പ തീരം ചുരുങ്ങുന്നു. പമ്പ നദി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി ഇത് മാറി. തിരുവന്‍വണ്ടൂര്‍ മുതല്‍ താഴോട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നദി ഇരുവശവും ഏക്കര്‍ കണക്കിനാണ് നികന്നത്. പരുമല, കടപ്രമാന്നാര്‍, പാവക്കര, തേവേരി, മേല്‍പ്പാടം, വീയപുരം എന്നിവടങ്ങളിലാണ് നദീതീരം ഏറെ നികന്നത്. തിരുവന്‍വണ്ടൂരില്‍ പമ്പ നദി രണ്ടായി തിരിയുകയാണ്. ഒന്ന് മണിമലയാറിലേക്കും മറ്റൊന്ന് പരുമല, തേവേരി വഴി തോട്ടപ്പള്ളി സ്പില്‍വേയിലേക്കും തിരിയുന്നു. സ്പില്‍വേയിലേക്ക് ഒഴുകുന്നതാണ് യഥാര്‍ഥ പമ്പ. ഈ ഭാഗങ്ങളിലാണ് പമ്പതീരം ചുരുങ്ങുന്നത്.
കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ നദിയുടെ മൊത്തം വീതിയുടെ മുന്നിലൊന്ന് ഭാഗങ്ങളെങ്കിലും ചില സ്ഥലങ്ങളില്‍ ചുരുങ്ങി. പരുമല മുതല്‍ കടപ്രമാന്നാര്‍ വരെയുള്ള ഭാഗങ്ങളിലാണ് ഏറെ നികന്നത്. കടപ്ര പഞ്ചായത്തിലെ ക്യൂര്യത്ത് കടവ് മുതല്‍ ഇളമതഭാഗം വരെ നദി ഏറെ നികന്നിട്ടുണ്ട്. ഈ ഭാഗത്ത് ഏക്കറുക്കണക്കിന് സ്ഥലമാണ് ഏതാനും വര്‍ഷത്തിനിടെ നികന്നത്. മാന്നാര്‍ പന്നായി പാലത്തിന്റെ താഴ് വശവും ഏറെ നികന്നു. നികന്ന സ്ഥലങ്ങളെല്ലാം നദിയേട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വ്യക്തികളുടെ കൈവശത്തിലാണ്. നദിയുടെ തിരിവുള്ള സ്ഥലങ്ങളില്‍ എക്കല്‍ മണ്ണ് അടിഞ്ഞു കയറിയാണ് സ്വഭാവികമായി നദി തീരം നികരുന്നത്.
ചില സ്ഥലങ്ങകില്‍ മുളങ്കാലുകള്‍ തീരത്ത് സ്ഥാപിച്ച് തീരം നികത്തുന്നുമുണ്ട്. നികന്ന സ്ഥലത്ത് തെങ്ങും മറ്റ് മരങ്ങളും വച്ച് പിടിപ്പിക്കുന്നതിനാല്‍ ഈ സ്ഥലം ഉറപ്പുള്ള കരഭൂമിയായി മാറുകയാണ്. എക്കല്‍ മണ്ണായതിനാല്‍ വേഗമാണ് ഇവിടെ സസ്യതലാദികള്‍ തഴച്ച് വളരുന്നത്. നദീ തീരങ്ങളുടെ ചില ഭാഗം ജലസേചന വകുപ്പിന്റെ സഹായത്തോടെ പിച്ചിങ് കെട്ടുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി നദീതീരം ഇത്തരത്തില്‍ പിച്ചിങ് കെട്ടിയിട്ടുണ്ട്. ഇങ്ങനെ പിച്ചിങ് കെട്ടിയ സ്ഥലങ്ങള്‍ മുഴുവനും നദിയിലേക്കിറക്കിയാണ് പിച്ചിങ് കെട്ടിയത്. തന്മൂലം ഏക്കര്‍ ക്കണക്കിന് നദീതീരം നികത്തപ്പെട്ടു. ഉദേ്യാഗസ്ഥരുടെ ഒത്താശയോടെ യാണ് ഇത്.നദിയിലേക്കിറക്കി പിച്ചിങ് കെട്ടിയ സ്ഥലങ്ങളില്‍ നദിയുടെ വീതി നന്നെ കുറഞ്ഞിട്ടുണ്ട്.നിരണം ഇരതോട് ഭാഗത്ത് രണ്ട് വര്‍ഷം മുമ്പ് കെട്ടിയ പിച്ചിങ് ഇത്തരത്തിലാണ്. നദിയുടെ വീതികുറഞ്ഞതോടെ തോട്ടപ്പള്ളിയിലേക്കുള്ള നീഴൊഴുക്കിന് കുറവ് വന്നിട്ടുണ്ട്.
തന്മൂലം പമ്പയിലെ വെള്ളം മണിമലയാറ്റിലേക്ക് തള്ളപ്പെടുകയാണ്. തിരുവല്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളായാ പെരിങ്ങര, മുട്ടാര്‍ ഭാഗങ്ങളില്‍ പെട്ടെന്നുള്ള വെള്ളപൊക്കത്തിന് ഒരു കാരണം ഇതാണ്. പമ്പതീരം അളന്ന് തിട്ടപ്പെടുത്തി കല്ലിടുന്നതിനു വേണ്ടി നടപടി മുമ്പ് ഉണ്ടായിരുന്നു. ചില ഭാഗങ്ങളില്‍ അത് നടന്നെങ്കിലും അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ നടന്നില്ല. പമ്പ സംരക്ഷണത്തില്‍ മലനീകരണമാണ് പ്രശ്‌നമായി പലരും ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ നദി നേരിടുന്ന ഏറ്റവും വലിയ ഭീഷണി നദി തീര കൈയേറ്റവും നദിയുടെ സ്വാഭാവിക വീതി നഷ്ടപ്പെടുന്നതും തന്നെയാണ്. പമ്പ ആക്ഷന്‍ പ്ലാനില്‍ പ്രത്യേക നടപടി ഇതിന് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക