|    Oct 24 Wed, 2018 4:03 am
FLASH NEWS

അപ്പര്‍കുട്ടനാടന്‍ പാടശേഖരം ഒരുവെള്ള ഭീഷണിയില്‍

Published : 23rd January 2017 | Posted By: fsq

 

കടുത്തുരുത്തി: അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളില്‍ ഓരുവെള്ളം പുഞ്ചക്കൃഷിക്കു ഭീഷണി ഉയര്‍ത്തുന്നു. മാന്നാര്‍ മിച്ചഭൂമി പാടശേഖരത്തിലാണ് മൂന്ന് ബ്ലോക്കുകളിലെ കൃഷിക്ക് ഉപ്പുവെള്ളം ഭീഷണി ഉയര്‍ത്തുന്നത്. ഉപ്പുവെള്ള ഭീഷണി ഒഴിവാക്കാനായി ഇവിടെ നേരത്തെ തന്നെ വിത നടത്തിയിരുന്നതാണ്. തോട്ടിലൂടെ ഓരുവെള്ളം കയറിയതോടെ നെല്‍ചെടികളുടെ വേരുകള്‍ ചീയുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. പാടശേഖരങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ശക്തമായതോടെ നെല്‍ചെടികളുടെ വളര്‍ച്ച മുരടിച്ചെന്നും കര്‍ഷകര്‍ പറയുന്നു. കടുത്തുരുത്തി പഞ്ചായത്ത് കൂടാതെ വെച്ചൂര്‍, തലയാഴം, ടിവി പുരം, ഉദയനാപുരം, വെള്ളൂര്‍, തലയോലപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലും നെല്‍കൃഷി ഓരുവെള്ള ഭീഷണി നേരിടുകയാണ്. മൂന്നു വര്‍ഷം മുമ്പും സമാനരീതിയില്‍ ഓരുവെള്ള ഭീഷണി ഉണ്ടായപ്പോള്‍ ഇറിഗേഷന്‍ വകുപ്പ് മുന്‍കൈയെടുത്ത് വെട്ടിക്കാട്ടുമുക്കില്‍ ബണ്ട് നിര്‍മിച്ചാണ് കര്‍ഷകരെ രക്ഷിച്ചതെന്ന് കൃഷിക്കാര്‍ പറയുന്നു. ഇപ്പോള്‍ ഓരുവെള്ളം കയറിയ പാടത്തെ കൃഷി രക്ഷിച്ചെടുക്കുക എളുപ്പമല്ലെന്നും കര്‍ഷകര്‍ ചൂണ്ടികാണിക്കുന്നു. കല്ലറ, നീണ്ടൂര്‍ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളില്‍ ഏക്കറ് കണക്കിന് നെല്‍കൃഷി ഓരുവെള്ള ഭീഷണി നേരിടുന്നത്. ഓരുവെള്ളം കയറിയത് ഒരു പരിധിവരെ സഹായകരമായെങ്കിലും നെല്‍കൃഷി നശിക്കാന്‍ തുടങ്ങിയത് കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഒരേക്കര്‍ മുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി നടത്തിയവരാണ് ഇവിടുത്തെ കൃഷിക്കാരില്‍ കൂടുതലും. ഏറെ പ്രതീക്ഷയോടെ കടം വാങ്ങിയും സാമ്പത്തിക പ്രതിസന്ധിക്കുള്ളില്‍ നിന്ന് നെല്‍കൃഷി ആരംഭിച്ച കൃഷിക്കാര്‍ക്ക് മുടക്കിയ പണവും അധ്വാനവും നഷ്ടമാവുന്ന സ്ഥിതിയാണ്. സ്വന്തം പാടശേഖരങ്ങളില്‍ കൃഷി ചെയ്യുന്നവരും പാട്ടകൃഷി ചെയ്യുന്നവരുമെല്ലാം ഇവിടെയുണ്ട്. പോള നിറഞ്ഞ് തോടുകളില്‍ നീരൊഴുക്ക് നിന്നതിനെ തുടര്‍ന്ന് മല്‍സ്യകൃഷി നാശം സംഭവിക്കുന്നത് ചൂണ്ടിക്കാട്ടി ഓരു വെള്ളം കയറ്റണമെന്ന് ആവശ്യവും ശക്തമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss