|    Dec 12 Wed, 2018 9:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അപെക് ഉച്ചകോടിയില്‍ യുഎസ്- ചൈനാ വാഗ്വാദം പോര്‍ട്ട്

Published : 18th November 2018 | Posted By: kasim kzm

മോറിസ്ബി: ഏഷ്യാ-പസഫിക് ഇക്കണോമിക് കോര്‍പറേഷന്‍ (അപെക്) ഉച്ചകോടിയില്‍ യുഎസ്-ചൈനാ വാഗ്വാദം. വ്യാപാര, നിക്ഷേപ, സുരക്ഷാ വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും വാക്‌പോര് നടത്തിയത്. സുരക്ഷിതത്വവാദവും ഏകപക്ഷീയ നടപടികളും ആഗോള സാമ്പത്തികവളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ് മുന്നറിയിപ്പു നല്‍കി. എന്നാല്‍, ചൈന നിലപാട് മാറ്റം വരുത്തുന്നതു വരെ അധിക നികുതി പിന്‍വലിക്കില്ലെന്നു യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തിരിച്ചടിച്ചു.
ഒരു രാജ്യം മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ വാതിലടയ്ക്കുമ്പോള്‍ അവര്‍ തന്നെയാണ് ഒറ്റപ്പെടുകയെന്നും അവര്‍ക്കു തന്നെയായിരിക്കും നഷ്ടമെന്നും ഷി കൂട്ടിച്ചേര്‍ത്തു. സുരക്ഷിതത്വവാദത്തിനെതിരേയും ഏകപക്ഷീയനയങ്ങള്‍ക്കുമെതിരേ ലോക രാജ്യങ്ങള്‍ ഒന്നിക്കണമെന്നും ഷി ആവശ്യപ്പെട്ടു. എന്നാല്‍, ചൈനയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ അധികനികുതി ഇരട്ടിയാക്കുമെന്നായിരുന്നു പെന്‍സിന്റെ മുന്നറിയിപ്പ്. പാപുവാ ന്യൂ ഗിനിയയില്‍ നടക്കുന്ന അപെക് ഉച്ചകോടിയില്‍ 21 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്്. ചൈനയുടെ വണ്‍ ബല്‍റ്റ് ആന്റ് റോഡ് പദ്ധതിയെ കടന്നാക്രമിക്കാനും പെന്‍സ് മറന്നില്ല. രാജ്യങ്ങളുടെ പരമാധികാരത്തെ അംഗീകരിക്കാത്ത കടങ്ങള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
സാമ്പത്തിക ഇടനാഴി വഴി ചൈന, പസഫിക് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനെ യുഎസ് ഏറെ ഉത്കണ്ഡയോടെയാണ് നോക്കിക്കാണുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss