|    Dec 17 Mon, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അപൂര്‍വ ദേശാടകനായ മേടുതപ്പി കോളിലെത്തി

Published : 29th November 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ഹാരിയര്‍ വിഭാഗത്തില്‍പ്പെട്ട അപൂര്‍വ ദേശാടനപ്പക്ഷിയായ മേടുതപ്പി കോള്‍ പ്രദേശങ്ങളിലെത്തി. പക്ഷിനിരീക്ഷകനായ കൃഷ്ണകുമാര്‍ അയ്യരാണ് പൊന്നാനി-തൃശൂര്‍ കോളിലെത്തിയ പക്ഷിയുടെ ചിത്രം പകര്‍ത്തിയത്. ശരീരത്തിനു വെള്ളയും കറുപ്പും ഇടകലര്‍ന്ന നിറമാണ്. പൈഡ് ഹാരിയര്‍ എന്നറിയപ്പെടുന്ന ഈ പക്ഷിയുടെ കാലിനു വെളുപ്പും ചിറകുകള്‍ക്ക് എണ്ണക്കറുപ്പും കണ്ണുകള്‍ക്ക് തിളങ്ങുന്ന മഞ്ഞയുമാണ് നിറം.
പരുന്തുകളിലെ സുന്ദരന്‍മാര്‍ എന്നു വിളിപ്പേരുള്ള ആണ്‍വര്‍ഗത്തില്‍പ്പെട്ട വെള്ളക്കറുപ്പന്‍ കോള്‍പാടത്തിലെത്തിയത് കൗതുകക്കാഴ്ചയായി. ഈ വിഭാഗത്തില്‍പ്പെട്ട ആറോളം പക്ഷികളെ ഇതിനു മുമ്പ് കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം തന്നെ ദേശാടകരുമാണ്. ഈ വിഭാഗത്തില്‍പ്പെട്ട കരിതപ്പി (യൂറേഷ്യന്‍ മാര്‍ഷ് ഹാരിയര്‍) ഒഴികെ മറ്റെല്ലായിനങ്ങളെയും അപൂര്‍വമായേ കണ്ടെത്തിയിട്ടുള്ളൂ. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുന്നതിനായി രൂപംനല്‍കിയ ഐയുസിഎന്നിന്റെ ചുവപ്പു പട്ടിക പ്രകാരം സംരക്ഷണം ആവശ്യമുള്ള ജീവിവര്‍ഗങ്ങള്‍ എന്ന വിഭാഗത്തിലാണ് ഈ ദേശാടകനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യുക്രൈന്‍, കസാഖിസ്താന്‍, മംഗോളിയയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്രജനനകാലം ചെലവഴിക്കുന്ന മേടുതപ്പി ഡിസംബര്‍ മാസത്തോടെയാണ് സാധാരണ കേരളത്തില്‍ വന്നെത്താറുള്ളത്. ഈ വിഭാഗത്തില്‍ പെട്ടതും സാധാരണ നാട്ടില്‍ കാണുന്നതുമായ കരിതപ്പിയേക്കാള്‍ ചെറുതും കാഴ്ചയില്‍ മെലിഞ്ഞതുമാണിവ. മുതിര്‍ന്ന ആണ്‍പക്ഷികളുടെ മുകള്‍ഭാഗം മങ്ങിയ ചാരനിറമാണ്. ചിറകുകളുടെ അറ്റത്തായി ഇരുണ്ട നിറത്തോടുകൂടിയ നാലു പ്രഥമകളും കാണാം. അടിഭാഗം വിളറിയ ചാരനിറമാണ്. പെണ്‍പക്ഷികള്‍ പൊതുവേ ആണ്‍പക്ഷികളെക്കാള്‍ വലുതാണ്. ഈ വിഭാഗത്തിലെ പൂര്‍ണ വളര്‍ച്ചയെത്താത്ത പക്ഷികളെയും പെണ്‍പക്ഷികളെയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. മേടുതപ്പിയിലെ പെണ്‍പക്ഷികളുടെ ചിറകിനടിഭാഗത്തെ പാടുകള്‍, പ്രഥമകളിലെ മങ്ങിയ നിറം, മുഖത്തും ചെവിത്തടത്തിലുമുള്ള പാടുകളിലുള്ള വ്യത്യാസം തുടങ്ങിയവ നോക്കിയാണ് തിരിച്ചറിയാറ്. പെണ്‍പക്ഷികള്‍ക്ക് പൊതുവേ മങ്ങിയ ചെമ്പന്‍ നിറമാണ്.
തുറസ്സായ സ്ഥലങ്ങളിലും മലഞ്ചരിവുകളിലും ഇരതേടുന്ന മേടുതപ്പികളെ ഇതിനു മുമ്പ് ഒമ്പതു തവണ മാത്രമാണ് കേരളത്തില്‍ ഇവയെ കണ്ടെത്തിയിട്ടുള്ളതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss