|    Feb 21 Tue, 2017 3:44 pm
FLASH NEWS

അപൂര്‍വയിനം സ്റ്റാമ്പുകളുമായി ഹാഷിം

Published : 26th October 2016 | Posted By: SMR

പി എം സിദ്ദീഖ്

വൈപ്പിന്‍: അപൂര്‍വയിനം സ്റ്റാമ്പുകളുടെ ശേഖരവുമായി എടവനക്കാട് സെയ്ദ് മുഹമ്മദ് റോഡ് വലിയവീട്ടില്‍ ഹാഷിം ശ്രദ്ധേയനാവുന്നു. ചാര്‍ളിചപ്ലിന്റെ ഒപ്പോടുകൂടിയ സ്റ്റാമ്പ്, സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങളോടുകൂടിയത്, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രവുമായി ഈജിപ്ത് പുറത്തിറക്കിയതും, അദ്ദേഹത്തിന്റെ തന്നെ മുഴുനീളചിത്രത്തോടെയുള്ള സ്റ്റാമ്പുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
അറബിയില്‍ ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ട് അമേരിക്ക പുറത്തിറക്കിയിരിക്കുന്ന അപൂര്‍വ സ്റ്റാമ്പും ഹാഷിമിന്റെ പക്കലുണ്ട്. ശിഹാബ് തങ്ങള്‍, ഇഎംഎസ്, കൊച്ചി നാട്ടുരാജാക്കന്‍മാര്‍ എന്നിവരുടെ ചിത്രമുള്ള സ്റ്റാമ്പും വത്തിക്കാന്‍ പുറത്തിറക്കിയ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സ്റ്റാമ്പും ഹാഷിമിന്റെ ശേഖരത്തിലുണ്ട്. ഏകാധിപതികളായിരുന്ന ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ചിത്രത്തോടെ ഇറ്റലി പുറത്തിറക്കിയിരിക്കുന്ന സ്റ്റാമ്പും കൗതുകമുണര്‍ത്തുന്നതാണ്.
ഇവയ്‌ക്കെല്ലാം പുറമേ ഹജ്ജുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. കഅ്ബ, മക്കയിലെ മസ്ജിദുല്‍ ഹറാം, ഹജ്ജുമായി ബന്ധപ്പെട്ട കല്ലെറിയല്‍ ചടങ്ങ്, മിനായിലെ ടെന്റുകളുടെ നിര, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവയും ഹജ്ജ് സ്റ്റാമ്പുകളുടെ കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യക്കു പുറമേ മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങ ള്‍ പുറത്തിറക്കിയിട്ടുള്ള നിരവധി സ്റ്റാമ്പുകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. 1976ലെ മോണ്‍ട്രിയല്‍ ഒളിംപിക്‌സിനോടനുബന്ധിച്ച് ദക്ഷിണ കൊറിയ പുറത്തിറക്കിയ ത്രിമാനചിത്രത്തോടെയുള്ള സ്റ്റാമ്പും രണ്ടെണ്ണം ചേര്‍ത്ത് ഒട്ടിച്ചാല്‍ മാത്രം പൂര്‍ത്തിയാകുന്നവ, വൃത്ത, ത്രിമാന, അഷ്ടഭുജാകൃതിയിലുള്ളവ, സാധാരണ സ്റ്റാമ്പുകളുടെ നാലിരട്ടി വലുപ്പമുള്ളവ, ചന്ദനത്തിന്റെയും റോസിന്റെയും ഗന്ധമുള്ള സ്റ്റാമ്പുകളും വ്യത്യസ്തമാണ്.
സ്റ്റാമ്പ് ശേഖരണത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഇംഗ്ലണ്ടുകാരനായ റൗളണ്ട് ഹിലിന്റെ ചിത്രത്തോടെയുള്ള സ്റ്റാമ്പും കൗതുകകരമാണ്.  ഇവ കൂടാതെ വിവിധ രാജ്യങ്ങളിലെ പത്രങ്ങള്‍, നാണയങ്ങള്‍, കറന്‍സികള്‍, ഇതില്‍ തന്നെ ഒറ്റനോട്ടില്‍ ഏറ്റവും കൂടുതല്‍ തുക വരുന്ന കറന്‍സികള്‍, വെഡിങ് കാര്‍ഡുകളുടെ ശേഖരം, കേരളത്തിലെ പ്രമുഖ വ്യക്തികളുടെ മക്കളുടെ വിവാഹ ക്ഷണക്കത്തുകളുടെ ശേഖരം എന്നിവയും ശ്രദ്ധേയമാണ്. 6ാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റാമ്പ് ശേഖരണം തുടങ്ങിയ ഹാഷിം മൂന്നര പതിറ്റാണ്ടിലേറെയായി സ്റ്റാമ്പുകള്‍ ശേഖരിച്ചുവരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക