അപൂര്‍വയിനം സൂചിത്തുമ്പിയെ കണ്ടെത്തി
Published : 5th April 2018 | Posted By: kasim kzm
ഫഖ്റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: അപൂര്‍വയിനത്തില്‍പ്പെട്ട സൂചിത്തുമ്പിയെ കണ്ടെത്തി. ഒട്ടേറെ വര്‍ഷങ്ങള്‍ക്കു ശേഷം ചേരാ ചിറക ന് കുടുംബത്തില്‍പ്പെട്ട സൂചിത്തുമ്പി പ്ലാറ്റിലെസ്റ്റെസ് പ്ലാറ്റിസ്റ്റൈലസിനെയാണ് തുമ്പൂരില്‍ കണ്ടെത്തിയത്. പ്രകൃതിനിരീക്ഷകനായ റൈസന്‍ തുമ്പൂര്‍ ആണ് ഈ തുമ്പിയെ കണ്ടെത്തി കാമറയില്‍ പകര്‍ത്തിയത്.
ഇതിനുമുമ്പ് ബ്രിട്ടീഷ് എന്റമോളജിസ്റ്റ് ആയ ഫ്രേസര്‍ 1933ല്‍ പശ്ചിമ ബംഗാളില്‍ വച്ചാണ് ഈ ഇനത്തെ കണ്ടതായി രേഖപ്പെടുത്തിയത്. പിന്നീട് 2017-18 കാലത്ത് തുമ്പൂര്‍ ഗ്രാമത്തില്‍നിന്ന് റൈസനാണ് കണ്ടെത്തുന്നത്. ഉരസ്സിലെ കറുത്ത പൊട്ടുകളും സുതാര്യമായ ചിറകിലെ കറുത്ത പൊട്ടിന്റെ ഇരുവശത്തുമായി കാണുന്ന നേര്‍ത്ത വെളുത്ത വരയും ഇവയെ മറ്റു വിരിചിറകന് തുമ്പികളില്‍നിന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. തുമ്പികളുടേതിന് സമാനമായ ശരീരപ്രകൃതിയാണെങ്കിലും ഇവയുടെ ശരീരം വളരെ നേര്‍ത്തതാണ്. ഈ നേര്‍ത്ത ഉടലിനെ വാല് ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്.
മറ്റു തുമ്പികളില്‍നിന്നും വ്യത്യസ്തമായി സൂചിത്തുമ്പികള്‍ ഇരിക്കുമ്പോള്‍ ചിറകുകള് ഉടലിനോട് ചേര്‍ത്തുവയ്ക്കുന്നതായി കാണാം. എന്നാല്‍ സൂചിത്തുമ്പികളില്‍ ലെസ്റ്റിഡേ എന്ന കുടുംബത്തി ല്‍ ഉള്‍പ്പെടുന്നവ ഇരിക്കുമ്പോള്‍ ചിറകുകള് വിടര്ത്തിയാണു വിശ്രമിക്കുക. പരിണാമപരമായി വളരെ പുരാതനമായ ഈ ജീവി വര്‍ഗം അന്റാര്‍ട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു. സൂചിത്തുമ്പികളുടെ ശരീരഘടന, ജീവിതചക്രം എന്നിവയെല്ലാം തുമ്പികളുടേതിന് സമാനമാണ്. ഇവയും ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. തുമ്പികളെ ആവാസവ്യവസ്ഥയുടെ ആരോഗ്യസൂചകങ്ങളായാണ് കണക്കാക്കുന്നത്. സൂചിത്തുമ്പികള്‍ ഉപ്പിന്റെ അംശം കൂടുതലുള്ള ജലാശയങ്ങളില്‍ മുട്ടയിടുന്നവയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.