|    Mar 26 Sun, 2017 7:16 am
FLASH NEWS

അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിധി

Published : 2nd December 2015 | Posted By: SMR

പാനായിക്കുളം കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ അഞ്ചു പേരില്‍ രണ്ടു പേര്‍ക്ക് 14 വര്‍ഷം തടവും പിഴയും മറ്റു മൂന്നു പേര്‍ക്ക് 12 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ വിധിക്ക് ആധാരമായ കേസിന്റെ സ്വഭാവവും പ്രതികള്‍ക്കെതിരായി പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളും പരിശോധിക്കുമ്പോള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ് വിധിയെന്നു പറയാതെ നിര്‍വാഹമില്ല. രാജ്യദ്രോഹ കുറ്റവും യുഎപിഎ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് ഇത്ര കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്. എന്‍ഐഎ കേരളത്തില്‍ ആദ്യമായി ഏറ്റെടുത്ത കേസാണെന്ന സവിശേഷത കൂടി പരിഗണിക്കുമ്പോള്‍ മറ്റു ചില രാഷ്ട്രീയ-സാമൂഹിക മാനങ്ങളും പ്രതിഫലിക്കുന്നതാണ് വിധി.
2006 ആഗസ്ത് 11ന് എറണാകുളം ജില്ലയിലെ പാനായിക്കുളത്ത് ഹാപ്പി ഓഡിറ്റോറിയത്തില്‍ ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകളുടെ പങ്ക്’ എന്ന വിഷയത്തില്‍ നേരത്തേ പരസ്യം ചെയ്തു സംഘടിപ്പിച്ച സെമിനാറാണ് കേസിന് ആസ്പദമായ സംഭവം. യോഗം സംഘടിപ്പിച്ചത് നിരോധിത സംഘടനയായ സിമിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.
പ്രതികളില്‍ ഒരാളെ മാപ്പുസാക്ഷിയാക്കിയും ഇടയ്ക്കു കയറിവന്ന ഒരു പോലിസ് സാക്ഷിയെ ഉപയോഗിച്ചും എന്‍ഐഎ ചമച്ച കേസിലാണ് ഇപ്പോള്‍ ശിക്ഷാവിധിയുണ്ടായിട്ടുള്ളത്. രഹസ്യവിചാരണയില്‍ മാപ്പുസാക്ഷിയുടെ സാക്ഷിമൊഴിയായിരുന്നു പ്രോസിക്യൂഷന്റെ തുറുപ്പുചീട്ട്. തെളിവില്ലാത്തതിന്റെ പേരില്‍ ഹുബ്ലി കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത് അടുത്ത കാലത്താണ്. പ്രതികളാക്കപ്പെട്ട യുവാക്കള്‍ അന്യായമായി കാരാഗൃഹവാസം അനുഭവിക്കുകയും സാമൂഹികമായ ഒറ്റപ്പെടലിനു വിധേയരാവുകയും ചെയ്തുവെന്നതു മാത്രമാണ് അതിന്റെ ബാക്കിപത്രം. എന്നാലും തെളിവില്ലെന്നതിനാല്‍ നീതിപീഠം അവരെ വിട്ടയച്ചെന്ന ആശ്വാസം ചെറുതല്ല. കേരളത്തിനു പുറത്തു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വരെ സിമി പ്രവര്‍ത്തകരെന്ന് ആരോപിച്ചു പോലിസെടുത്ത നൂറോളം കേസുകളിലെ പ്രതികളെ കോടതികള്‍ വിട്ടയക്കുകയായിരുന്നു.
പാനായിക്കുളം കേസില്‍ ശിക്ഷാവിധി പതിവു കീഴ്‌വഴക്കങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. യുഎപിഎ വകുപ്പുകള്‍ ചുമത്തിയത് പ്രതികള്‍ നിരോധിത സംഘടനയുടെ യോഗം ചേര്‍ന്നെന്നും അതില്‍ അംഗങ്ങളാണെന്നും ചൂണ്ടിക്കാട്ടിയാണ്. സിമി നിരോധനം നിയമപരമായി പ്രാബല്യത്തില്‍ വന്നിട്ടില്ലാത്ത വേളയിലാണ് സംഭവം നടക്കുന്നത് എന്നതിനാല്‍ ഇതിന്റെ നിയമപരമായ യുക്തിക്ക് സാധൂകരണമില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.
രാജ്യദ്രോഹക്കുറ്റം ചെയ്താല്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അന്വേഷണസംഘം മുന്‍വിധിയോടെ നിരത്തുന്ന ‘തെളിവുകള്‍’ മാത്രം മുന്‍നിര്‍ത്തി ശിക്ഷ വിധിക്കുന്നതിലെ പ്രഥമദൃഷ്ട്യാ ഉള്ള പൊരുത്തക്കേട് നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ സംശയമുണര്‍ത്താന്‍ ഇടവരുത്തും. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ എല്ലാ മുന്‍വിധികള്‍ക്കും പക്ഷപാതങ്ങള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും അതീതമായി നിലനില്‍ക്കുകയെന്നതാണ് ഇന്ത്യന്‍ റിപബ്ലിക് നിലനില്‍ക്കുന്നതിന്റെ മുന്നുപാധി.

(Visited 130 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക