|    Oct 18 Thu, 2018 1:50 am
FLASH NEWS

അപാര്‍ട്ട്‌മെന്റില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകി; വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു

Published : 13th September 2017 | Posted By: fsq

 

തൊടുപുഴ: കാഞ്ഞിരമറ്റം- ചാലിക്കടവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വെമ്പിള്ളി അപ്പാര്‍ട്ട്‌മെന്റിലെ മാലിന്യ പൈപ്പില്‍ നിന്ന് മലിനജലം പുറത്തേക്കൊഴുകി. ഇതിനെതിരേ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു.  ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപ്പാര്‍ട്ട്‌മെന്റിന് മുമ്പില്‍ ജനകീയ പ്രതിഷേധമുണ്ടായത്. ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്ന ഫഌറ്റിലെ മാലിന്യ പൈപ്പ് പൊട്ടി ദിവസങ്ങളായി മാലിനജലം മുറ്റത്തും പരിസര പ്രദേശത്തും കിടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. വലിയ ദുര്‍ഗന്ധവും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നഗരസഭ അധികൃതര്‍ നേരിട്ടെത്തി മാലിന്യ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് കെട്ടിട ഉടമ മാത്യുവിനോടു നിര്‍ദേശിച്ചു. എന്നാല്‍ നിര്‍ദേശം നടപ്പാക്കിയില്ല. ഇതേത്തുടര്‍ന്നാണ്  പ്രതിഷേധം ഉണ്ടായത്. രണ്ട് മാസമായി ഫഌറ്റില്‍ നിന്നും മലിനജലം ഒഴുകുന്നെന്ന പരാതി പരിസരവാസികള്‍ ഉന്നയിച്ചിരുന്നു. സമീപത്തുള്ള ഓട വഴി കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ പുഴയിലേക്ക് എത്തുന്നുവെന്നായിരുന്നു പരാതി. വാര്‍ഡ് കൗണ്‍സിലര്‍ രേണുകാ രാജശേഖരന്‍ വിഷയം നഗരസഭ കൗണ്‍സിലില്‍ ഉന്നയിക്കുകയും അധികൃതര്‍ പരിശോധനയ്‌ക്കെത്തുകയും ചെയ്തു. പരാതിയില്‍  കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമസ്ഥന് നഗരസഭ നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് കക്കൂസിന്റെ പൈപ്പില്‍ നിന്ന് വീണ്ടും വന്‍തോതില്‍ മാലിന്യം ഒഴുകി. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ വിഷയം വീണ്ടും നഗരസഭ കൗണ്‍സില്‍ ഉന്നയിക്കുകയും വൈസ് ചെയര്‍മാന്‍ ടി കെ  സുധാകരന്‍ നായര്‍ തിങ്കളാഴ്ച നേരിട്ടെത്തി മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന്   മാത്യുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ആയിട്ടും പ്രശ്‌നം പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് വൈസ് ചെയര്‍മാനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമാദേവിയും സ്ഥലത്തെത്തി. മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ കൗണ്‍സിലറും നാട്ടുകാരും ഉറച്ചുനിന്നു. പറമ്പില്‍ രണ്ടിടങ്ങളിലായി കുഴികുത്തി  മാലിന്യമൊഴുകുന്ന പൈപ്പുകള്‍ അതിലേക്ക് സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ച ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. കൗണ്‍സിലര്‍മാരായ അരുണിമ ധനേഷ്, വിജയകുമാരി, ഗോപകുമാര്‍, സൂര്യ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തൊടുപുഴ എസ്‌ഐയെ വിവരമറിയിച്ചെങ്കിലും രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ മാത്രമേ നടപടി എടുക്കാന്‍ സാധിക്കുള്ളു എന്ന് അറിയിച്ചതായും ആക്ഷേപമുണ്ട്.  മഴവെള്ളം ഒഴുകിപ്പോവാനുള്ള ഡ്രെയിനേജ് അയല്‍വാസി അടച്ചതുമൂലമാണ് മാലിന്യ പൈപ്പില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകിയതെന്ന് ഉടമസ്ഥന്‍ മാത്യു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss