|    Nov 19 Mon, 2018 4:07 am
FLASH NEWS
Home   >  Editpage  >  Editorial  >  

അപഹാസ്യമായ മലബാര്‍ സ്‌നേഹം

Published : 22nd July 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത്‌ – കെ ടി ചെറിയമുഹമ്മദ്, ഇരിവേറ്റി
കേരളത്തില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക്് ജയിക്കാനല്ല, തോല്‍ക്കാനാണു പ്രയാസം. ഏതാനും വര്‍ഷത്തെ എസ്എസ്എല്‍സി ഫലങ്ങള്‍ അതാണു സൂചിപ്പിക്കുന്നത്. ഇപ്പോള്‍ 98 ശതമാനമാണ് വിജയം. കഷ്ടിച്ച് എഴുതാനും വായിക്കാനും സാധിക്കുമെങ്കില്‍ ഏതൊരു വിദ്യാര്‍ഥിക്കും എസ്എസ്എല്‍സി കടക്കാം. എപ്ലസ് നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും നൂറുശതമാനം വിജയം കൊയ്യുന്ന വിദ്യാലയങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഓരോ വര്‍ഷവും ഉണ്ടാവുന്നത്.
പാസാവുന്നവരുടെ ലക്ഷ്യം വീടിനു സമീപമുള്ള സ്‌കൂളില്‍ ഇഷ്ട ഗ്രൂപ്പിന് പ്രവേശനം ലഭിക്കണമെന്നതാണ്. എന്നാല്‍, അപേക്ഷകരുടെ എണ്ണത്തിലെ വര്‍ധന കാരണം വലിയൊരുവിഭാഗം ഉയര്‍ന്ന ഗ്രേഡ് ലഭിച്ചവര്‍ക്കുപോലും മലബാറില്‍ ഇതു സാധ്യമാവാറില്ല. പ്ലസ്‌വണ്‍ അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി തുടര്‍പഠന സൗകര്യം സംസ്ഥാനത്തു ലഭ്യമല്ല. പ്രത്യേകിച്ച് മലബാര്‍ ജില്ലകളിലാണ് അപേക്ഷകരും രക്ഷിതാക്കളും ഏറെ പ്രയാസപ്പെടുന്നത്. സംസ്ഥാന സിലബസ്സില്‍ എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥികള്‍ക്കൊപ്പം സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിജയികള്‍ ഉള്‍പ്പെടെ അഞ്ചുലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികളാണ് ഇത്തവണ ഓണ്‍ലൈന്‍ വഴി ഏകജാലകത്തില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. മുഖ്യ അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ വളരെ മികച്ച ഗ്രേഡ് ലഭിച്ചവര്‍ക്കു മാത്രമാണ് ഇഷ്ട ഗ്രൂപ്പിന് മലബാര്‍ ജില്ലകളില്‍ പ്രവേശനം ഉറപ്പുവരുത്താനായിട്ടുള്ളത്.
ഒട്ടേറെ അകലെ പ്രവേശനം ലഭിച്ചവര്‍ ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂളുകളിലേക്കു പോവുന്നത്. തിരിച്ച് മാതൃസ്‌കൂളില്‍ വരാനുള്ള അവസരം ഇത്തരക്കാര്‍ക്ക് ഇനിയില്ല. സംസ്ഥാനത്ത് കൂടുതല്‍പേര്‍ തുടര്‍പഠനാവസരത്തിന് കാത്തുനില്‍ക്കുന്ന മലപ്പുറത്ത് നിലവിലെ അവസ്ഥയില്‍ 15,000ല്‍പരം അപേക്ഷകര്‍ക്ക് കാര്യക്ഷമമല്ലാത്ത ഓപണ്‍ സ്‌കൂള്‍ സംവിധാനത്തെ ആശ്രയിക്കേണ്ടിവരുകയോ അല്ലെങ്കില്‍ വിദ്യാര്‍ഥിജീവിതത്തോട് വിടപറയുകയോ വേണ്ടിവരും. മാര്‍ജിനല്‍ സീറ്റ് വര്‍ധനകൊണ്ട് തീരുന്നതല്ല മലബാറിലെ തുടര്‍പഠന പ്രശ്‌നം. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണില്‍ പൊടിയിടുന്ന സീറ്റ് വര്‍ധന നടപടി ഗുണമേന്മ തകര്‍ക്കുന്നതിന് ഇടവരുത്തുക മാത്രമാണു ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറികള്‍ ഉന്നത പഠന കവാടം കൂടിയാണ്. പഠിക്കുന്നവരാകട്ടെ കൗമാരക്കാര്‍ മാത്രവും. അതുകൊണ്ടുതന്നെ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുകയും മികച്ച പാഠ്യ-പാഠ്യേതര സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയുമാണു വേണ്ടത്. അശാസ്ത്രീയമായ സീറ്റ് വര്‍ധന വിദ്യാര്‍ഥികളോട് കാണിക്കുന്ന ക്രൂരതയും അനീതിയുമാണ്. ഇതു പ്രതിഷേധാര്‍ഹമാണ്.
പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചതിനു പുറമേ രണ്ടാംഘട്ടത്തില്‍ മലബാര്‍ ജില്ലകളിലെ രൂക്ഷമായ തുടര്‍പഠന പ്രശ്‌നത്തിന് പരിഹാരമായും മലബാറിനോടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സ്‌നേഹത്തിന്റെ ഭാഗമായും മറ്റൊരു 10 ശതമാനം സീറ്റ് കൂടി അധികമായി അനുവദിച്ച് ക്ലാസ് വിദ്യാര്‍ഥികളുടെ എണ്ണം 50ല്‍ നിന്ന് 60ലേക്കും പിന്നീട് 65ലേക്കും ഉയര്‍ത്തിയിരിക്കുകയാണ്. പരമാവധി 50 വിദ്യാര്‍ഥികള്‍ക്കുള്ള പഠനസൗകര്യമാണ് ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ളത്. എണ്ണത്തിലെ വര്‍ധന പഠനപ്രവര്‍ത്തനങ്ങളെയും അധ്യാപനത്തെയും അച്ചടക്കത്തെയും ബാധിക്കുക സ്വാഭാവികമാണ്. മലബാറിനോടുള്ള വകുപ്പുമന്ത്രിയുടെ സ്‌നേഹം ആത്മാര്‍ഥമാണെങ്കില്‍ മലബാറിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിന് മലബാറിനായി പ്രത്യേക പാക്കേജിലൂടെ സര്‍ക്കാര്‍, എയ്ഡഡ് വിവേചനമില്ലാതെ ആവശ്യകതയും സൗകര്യലഭ്യതയും ഉറപ്പുവരുത്തി അടിയന്തരമായി അധികബാച്ചുകള്‍ അനുവദിക്കുകയാണു വേണ്ടത്. മറിച്ചുള്ള സീറ്റ് വര്‍ധന നടപടി അപഹാസ്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss