|    Nov 13 Tue, 2018 6:51 am
FLASH NEWS

അപശബ്ദതാരാവലി

Published : 19th June 2017 | Posted By: G.A.G

ചെറിയമുണ്ടം അബ്ദുര്‍ റസാഖ്

ഭാഷാ നിഘണ്ടുക്കള്‍ നിര്‍വഹിക്കുന്ന ദൗത്യം ഏറെ വിലപ്പെട്ടതാണ്. ഒരു പദത്തിന്റെ പിഴവ് ഒരുപാട് ആശയങ്ങളുടെ കുരുതിയാവാനും മതി. ഇതുകൊണ്ടെല്ലാം തന്നെ അതു സൂക്ഷ്മവും സുതാര്യവും സത്യസന്ധവുമായിരിക്കേണ്ടതുണ്ട്. ചരിത്രം വികലമാക്കപ്പെടുമ്പോള്‍ സംഭവിക്കാവുന്ന കെടുതികള്‍ പദങ്ങള്‍ക്ക് അര്‍ഥവിലോപം സംഭവിക്കുമ്പോഴും വന്നുചേരും. ആകയാല്‍ അത്യന്തം സൂക്ഷ്മതയോടെയും സത്യവിചാരത്തോടെയും നിര്‍വഹിക്കപ്പെടേണ്ട കര്‍മമാണ് ശബ്ദകോശ നിര്‍മിതി.
എന്നാല്‍, ചരിത്രാഖ്യാനങ്ങള്‍ക്കു സംഭവിച്ച അതേ അപച്യുതി നിഘണ്ടു നിര്‍മാണത്തിനും സംഭവിച്ചതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഇങ്ങനെ ആയിത്തീര്‍ന്ന ഭാഷാനിഘണ്ടുക്കളെ ചില രാഷ്ട്രങ്ങള്‍ നിരോധിക്കുകയുണ്ടായിട്ടുണ്ട്.

നിഘണ്ടു ഒരിക്കലും പൂര്‍ണമാവുന്നില്ല
ഇപ്പോള്‍ എന്റെ മുമ്പിലുള്ളത് മലയാളത്തിലെ ഏറ്റവും പ്രശസ്തവും പ്രചാരപ്പെട്ടതുമായ ‘ശബ്ദതാരാവലി’യുടെ എന്‍ബിഎസ് പുറത്തിറക്കിയ ഏറ്റവും ഒടുവിലത്തെ പതിപ്പാണ്. ശ്രീകണ്‌ഠേശ്വരം ജി പത്മനാഭപ്പിള്ള കൊല്ലവര്‍ഷം 1072ല്‍ എഴുതിത്തുടങ്ങി 34 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച ഈ സംരംഭം നിഘണ്ടു ചരിത്രത്തില്‍ ഒരു മഹാത്യാഗം തന്നെയായിരുന്നു. രണ്ടാംപതിപ്പിന്റെ മുഖവുരയില്‍ അദ്ദേഹം തന്നെ പറഞ്ഞതുപോലെ നിഘണ്ടു ഒരിക്കലും പൂര്‍ണമാവുന്നില്ല, ഇത് സമ്പൂര്‍ണവുമല്ല. പദങ്ങള്‍ വിട്ടുപോവുകയോ അര്‍ഥവ്യത്യാസം വന്നുപോവുകയോ സംഭവിക്കാം. ശബ്ദതാരാവലിക്കും അങ്ങനെ പിഴവുകള്‍ പറ്റുകയും ശ്രീകണ്‌ഠേശ്വരത്തിന്റെ കാലത്തും പിന്നീടും അതു കഴിയുന്നത്ര തിരുത്തിപ്പോന്നിട്ടുമുണ്ട്. എന്നാല്‍, ഗുരുതരമായ ചില അബദ്ധങ്ങളെ കുറിച്ച് ഈയുള്ളവന്‍ തന്നെ വര്‍ഷങ്ങള്‍ മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് ഇതു സൂചിപ്പിച്ച് എഴുതിയിരുന്നു. പുതുതായി വരുന്ന പതിപ്പില്‍ മാറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ദുരുദ്ദേശ്യപൂര്‍വമായ ‘വളച്ചൊടിക്കല്‍ ശ്രമങ്ങള്‍’ ശബ്ദതാരാവലിക്കു പിന്നിലും നടക്കുകയുണ്ടായോ എന്ന് സ്വാഭാവികമായും സംശയം തോന്നി.

അബദ്ധ പഞ്ചാംഗം
‘നിസ്‌കാരം’ എന്ന പദം അറബിയായും ‘മഹമ്മദീയരുടെ പ്രാര്‍ഥന’ എന്നും കൊടുത്തിരിക്കുന്നു. (പേ: 1107). അറബിയില്‍ അങ്ങനെയൊരു പദമേയില്ല. ‘മഹമ്മദീയര്‍’ എന്നതും ശരിയല്ല. തങ്ങളെപ്പറ്റി അങ്ങനെയൊരു പദപ്രയോഗം മുസ്‌ലിം സമുദായക്കാര്‍ ഒട്ടും ഇഷ്ടപ്പെടുന്നതല്ല. ‘മഹമ്മദീയന്‍’ എന്ന പദം തനിച്ചു തന്നെ പുതിയ പതിപ്പിലും ‘ശബ്ദതാരാവലി’ എടുത്തുചേര്‍ത്തിരിക്കുന്നതു കാണാം. അര്‍ഥം കൊടുത്തിരിക്കുന്നത് ഒട്ടും ശങ്കിക്കാതെ ‘മഹമ്മദ് മതത്തില്‍ പെട്ടവന്‍’ എന്നും! ഇസ്‌ലാം മതാനുയായികളെ പറയുന്നിടത്തെല്ലാം തന്നെ ‘മഹമ്മദീയര്‍’ പ്രയോഗം നിഘണ്ടു പതിവാക്കിയിരിക്കുകയാണ്.
‘മസ്‌കീന്‍’ (അറ. ങമസെശി) പാവപ്പെട്ടവന്‍’ എന്നു കൊടുത്തതില്‍ പദം ശരിയായ അറബി പദമാവണമെങ്കില്‍ ‘മിസ്‌കീന്‍’ (അറ. ങശസെലലി)” എന്നായിരുന്നു വേണ്ടത്. ഇതേ പേജില്‍ (1394) മസ്‌കരന്‍, മക്‌സരി, മസ്‌നദ്, മഹല്‍ മുതലായ പദങ്ങളുടെയും അര്‍ഥവും രൂപവുമെല്ലാം വികൃതമാണ്. ‘മാപ്പിള’ (അറ. ങീൗളഹമ) എന്നും അര്‍ഥം ‘മഹമ്മദീയന്‍’ എന്നും കൊടുത്തിരിക്കുന്നു. (അപ്പോള്‍ മാമ്മന്‍ മാപ്പിള ആരാവും?) മാപ്പ് (അറ. ങീൗള) ക്ഷമ” എന്ന് കൊടുത്തതും വിവരക്കേടാണ്. അറബിയില്‍ ‘മാപ്പ്’ (മാഫ്) എന്നൊരു പദമോ ‘പ’ എന്നൊരു അക്ഷരമോ ഇല്ല.

കല്ലുവച്ച നുണ
ഏറെ രസകരമായിരിക്കുന്നത് ‘യസീദ്’ എന്ന പദത്തിന് കൊടുത്തിരിക്കുന്ന അര്‍ഥവും വിവരണവുമാണ്. ‘ഒരു യഹൂദരാജാവ്’ ആണത്രെ യസീദ്. തുടര്‍ന്ന് ‘മുഹറം’ നോക്കാനാണ് പറഞ്ഞിരിക്കുന്നത്. അവിടെ ചെന്നപ്പോള്‍ ബഹുരസം! മുഹറം (അറ. ങൗവമൃൃമാ) 1. പത്തുനോയമ്പ്, ഒരു മുഹമ്മദീയാഘോഷം.(10 ദിവസം അനുഷ്ഠിക്കുന്നത്) മുഹമ്മദ് നബിയുടെ മകളായ ഫാത്തിമയെ (പാത്തുമ്മയെ) അലിയാരു തങ്ങള്‍ വിവാഹം ചെയ്തു. അലിക്ക് ഹസയിന്‍, ഹുസയിന്‍ എന്ന രണ്ടു മക്കളുണ്ടായി. ഒരു കാമിനി മൂലമുള്ള കലഹത്തില്‍ അന്നത്തെ യഹൂദ രാജാവായ യസീദ് ഹസയിനാരെ നഞ്ചുകൊടുത്തു കൊല്ലുകയും ഹുസയിനാരെ കെര്‍ബല എന്ന സ്ഥലത്തു വച്ച് 680 ഒക്ടോബര്‍ 6ന് വെട്ടിക്കൊല്ലുകയും ചെയ്തു. ഹസയിനാര്‍ മരണപ്പെട്ട ദിവസമാണ് മുഹറം.
മേല്‍ സാഹസങ്ങളത്രയും അബദ്ധങ്ങളുടെ കൂമ്പാരമത്രെ. യസീദ് ഒരു യഹൂദ രാജാവല്ല. മുസ്‌ലിം ഖലീഫ (ഭരണാധികാരി)മാരില്‍ ആറാമത്തെ ഖലീഫയാണ്. പിതാവ് ഖലീഫ മുആവിയാ. ‘മുഹറം’ എന്ന രൂപവും തെറ്റാണ്. ശരി, ‘മുഹര്‍റം’. ഇത് പത്തു നൊയമ്പോ മുഹമ്മദീയ ആഘോഷമോ അല്ല. അറബിമാസങ്ങളില്‍ (ചന്ദ്രമാസം) ഒന്നാമത്തെ മാസമാണ്. മുഹര്‍റം 9,10 ദിനങ്ങളില്‍ വ്രതമനുഷ്ഠിക്കല്‍ മുസ്‌ലിംകള്‍ക്കും പുണ്യമുള്ളതാണെന്നു മാത്രം. അതൊരാഘോഷമേയല്ല; ആരാധനയാണ്. ‘ഫാത്തിമ’യെ നാടന്‍ ‘പാത്തുമ്മ’യും ‘അലി’യെ അലിയാരും തങ്ങളും ഹസനെ ഹസയിനും ഹസയിനാരും ആക്കിയതെന്തിന് എന്നതും ദുരൂഹം. എല്ലാം സഹിക്കാം. കാമിനിയും കലഹവും വിഷം കൊടുത്ത് വധവുമൊക്കെയായി ഒരു നിറംപിടിപ്പിച്ച കഥ അതും                 കല്ലുവച്ച നുണ, എവിടുന്നു കിട്ടിയെന്നാണ് ഒട്ടും മനസ്സിലാവാത്തത്. ഒടുവില്‍ മുഹര്‍റം എന്ന മാസത്തെ ‘ഹുസയിനാര്‍’ വധിക്കപ്പെട്ട ദിവസമാക്കി ചുരുക്കിയത് എന്തിന്? ‘മുഹറ’മിന് രണ്ടാമത്തെ അര്‍ഥമായി ‘മഹമ്മദീയരുടെ മാസം’ എന്ന ചുരുക്കലും എന്തിന്? മുഹമ്മദ് എന്ന പ്രവാചകന്‍ വരുന്നതിനും നൂറ്റാണ്ടുകള്‍ മുമ്പുള്ള, ചാന്ദ്രമാസത്തെ അടിസ്ഥാനമാക്കിയുള്ള കാലഗണനയാണത്. അറബിമാസങ്ങളില്‍ (ചന്ദ്രമാസം) ഒന്നാമത്തേത് (മുഹര്‍റം) എന്ന് അറിയാന്‍ അത്ര വലിയ പാണ്ഡിത്യം വേണ്ടതുണ്ടോ!

വിചിത്രമായ തരംതിരിവ്
മുസ്‌ലിം എന്ന അറബിപദം ‘മുസ്ലിം’ എന്ന് തെറ്റായാണ് എഴുതിയിരിക്കുന്നതു തന്നെ. അര്‍ഥമോ, ‘മഹമ്മദീയന്‍’! ‘ബ.വ മുസ്ലീങ്ങള്‍’. വിവരക്കേട് അവിടെയും നില്‍ക്കുന്നില്ല. ബ്രാക്കറ്റില്‍ ഒരു ഉഗ്രന്‍ വിശദീകരണം കാച്ചിയിരിക്കുന്നു. ഇവര്‍ നാലുതരം. സയ്യദ്, ശൈഖ്, പട്ടാണി, മുഗള്‍. മുസ്‌ലിംകളെ ഈ വിധം തരംതിരിച്ചാല്‍ അത് നാല്‍പതിലും നാനൂറിലും ഒതുങ്ങുമോ? എന്നിട്ടാണോ നാലുതരം!?
ദൈവദൂതനായ ‘മുഹമ്മദ് നബി’ക്ക് കൊടുത്തിരിക്കുന്ന അര്‍ഥം ‘ഒരു മതാചാര്യന്‍’! ‘മുസ്സാക്ക്, മുസ്സാവരി, മുസ്സാവ്, മുസ്സീവത്ത് എന്നിങ്ങനെ കുറേ പദങ്ങളെഴുതി അവ അറബിപദങ്ങളായും തെറ്റായ അര്‍ഥത്തിലും കൊടുത്തിരിക്കുന്നതും വിചിത്രമത്രെ.
‘ബിസ്മി’ ആടിനെ അറുക്കാനുള്ള വേദമന്ത്രം! ‘സറാത്ത്’ എന്നൊരു പദം അറബിയിലില്ല. ഉള്ളത് ‘സ്വിറാത്വ്’ എന്നാണ്. ഇതിനു വെറും ‘മാര്‍ഗം എന്നല്ലാതെ ‘സ്വര്‍ഗമാര്‍ഗം’ എന്ന് എങ്ങനെ കണ്ടെത്തിയെന്നറിയില്ല!
‘അല്ലാഹ്’, അല്ലാഹു(ഉര്‍. അഹഹമവ) നാ. മുഹമ്മദീയരുടെ ദൈവം. ‘അല്ലാഹു’ ഉര്‍ദുപദമല്ല. അറബിയാണ്. അറബിഭാഷയ്ക്കും നൂറ്റാണ്ടുകള്‍ ശേഷമുണ്ടായ ഉര്‍ദുവിലേക്ക് പിന്നീട് കടന്നുവന്നതാണ്. ഇതിനെയാണ് ഉര്‍ദുവെന്ന് പറഞ്ഞിരിക്കുന്നത്.
ഇരുഭാഷകളിലും ആ പദത്തിന് അര്‍ഥം ‘മുഹമ്മദീയരുടെ ദൈവം’ എന്നല്ല; ഏകനായ ആരാധ്യന്‍ (അസ്വ്ല്‍’അല്‍ ഇലാഹ്) എന്നാണ്. ‘കൊറാന്‍’ എന്നും അര്‍ഥം ‘കുറാന്‍’ എന്നും കൊടുത്തിരിക്കുന്നു. രണ്ടു രൂപവും തെറ്റാണ്. ശരി: ഖുര്‍ആന്‍. ഭാഷാര്‍ഥം: ‘വായിക്കപ്പെടുന്നത്’ എന്ന് സാങ്കേതികാര്‍ഥം, ‘വിശുദ്ധ ഖുര്‍ആന്‍ എന്ന വേദഗ്രന്ഥം’. സത്യസന്ധമായ ഒരു ഡിക്ഷ്ണറി എന്ന നിലയില്‍ ഇങ്ങനെയായിരുന്നു ഖുര്‍ആനിന്റെ ഉച്ചാരണവും അര്‍ഥവും ‘ശബ്ദതാരാവലി’ കൊടുക്കേണ്ടിയിരുന്നത്.

ബക്രീദ് പെരുന്നാള്‍ നൊയമ്പോ?
‘ബക്രീദ്’ അറബി പദമോ അര്‍ഥം ‘മഹമ്മദീയരുടെ ഒരു നൊയമ്പ്’ എന്നോ അല്ല. ഇത് ഭീമാബദ്ധമാണ്. അത് ഹജ്ജ് കര്‍മത്തിന്റെ പരിസമാപ്തിയായി മൃഗബലി ദാനത്തോടെ ലോകമുസ്‌ലിംകള്‍ ആഘോഷിക്കുന്ന പെരുന്നാളാണ്. ഇത് ഏറെ പ്രശസ്തവുമാണ്. ‘ഉര്‍ദു-പേര്‍ഷ്യന്‍’ ഭാഷകളിലാണ് ഇതിന് ‘ബക്രീദ്’ എന്ന പദം പ്രയോഗിക്കുന്നത്. മലയാളത്തില്‍ ‘ബലിപെരുന്നാള്‍’ (അറ. ഈദുല്‍ അള്ഹാ.) അല്ലെങ്കില്‍ ‘വലിയ പെരുന്നാള്‍’ (അറ. ഈദുല്‍ അക്ബര്‍).

ആടും ബിസ്മിയും
‘ബിസ്മില്ലാ’ എന്ന പദത്തിന് ബ്രാക്കറ്റില്‍ ഒരു വിവരണമുണ്ട്. ‘ബിസ്മി ചൊല്ലുക ആടിനെ അറുക്കുമ്പോള്‍ വേദമന്ത്രം ഉച്ചരിക്കുക.’ അറബിയില്‍ ആ പദത്തിന്റെ ശരിരൂപം ‘ബിസ്മില്ലാഹി’ എന്നാണ്. അര്‍ഥം: ‘അല്ലാഹുവിന്റെ നാമത്തില്‍’. ആടിനെ അറുക്കുമ്പോള്‍ മാത്രം ചൊല്ലാനുള്ളതോ ‘വേദമന്ത്രോച്ചാരണം’ എന്നു പറയാവുന്നതോ അല്ല. ബലി നടത്തുമ്പോള്‍ മാത്രമല്ല, ഏതു നല്ലകാര്യം തുടങ്ങുമ്പോഴും ‘ബിസ്മില്ലാഹി'(അല്ലാഹുവിന്റെ നാമത്തില്‍) എന്നു ചുരുക്കമായോ ‘ബിസ്മില്ലാഹിര്‍ റഹ്മാനിര്‍റഹിം’ (പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പൂര്‍ണമായോ ഏതൊരു മുസ്‌ലിമും ചൊല്ലിയിരിക്കേണ്ടതാണ്.

മുസ്‌ലിമും മുല്ലയും
‘ഖുദാ’ അറബിയാണത്രെ. ‘ഈശ്വരന്‍’ എന്ന അര്‍ഥത്തിലോ അല്ലാതെയോ അങ്ങനെയൊരു പദം തന്നെ അറബിയിലില്ല. ‘ആലി’യുടെ അര്‍ഥം ‘മുഹമ്മദീയ പ്രഭു’! എങ്ങുനിന്നോ കേട്ടെഴുതിയതാവും! അറബിയിലുള്ളത് ‘ആലീ’ എന്ന് ദീര്‍ഘ ‘ഇ’കാരത്തോടെയും അര്‍ഥം ‘ഉന്നതന്‍’ എന്നുമാണ്.  ‘തൗറത്ത്’ എന്നതിന് കൊടുത്തിരിക്കുന്ന അര്‍ഥം ‘ജൂതമതം’! ‘ഗ്രന്ഥം’ എങ്ങനെ ‘മത’മായി? ‘തൗറാത്ത്’ എങ്ങനെ ‘തൗറത്ത്’ ആയി?
‘സവര്‍’ എന്നതിന്റെ അര്‍ഥത്തിന് ‘സബര്‍’ നോക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു. ‘സബറി’ന് അര്‍ഥം കൊടുത്തിരിക്കുന്നത് ‘ക്ഷമ’, മൗനം’. ആദ്യപദം അറബിയേയല്ല. രണ്ടാമത്തേത് അറബിയാവണമെങ്കില്‍ ‘സ്വബ്ര്‍’ എന്ന് കൊടുക്കണം. ‘മൗനം’ എന്നൊരര്‍ഥം അവ രണ്ടിനുമില്ല തന്നെ.
മുല്ല (അറ. ങൗഹഹമവ): ‘ഗുരു, വിദ്വാന്‍, പണ്ഡിതന്‍, സത്യം ചെയ്യിക്കുന്നവന്‍’ എന്നെല്ലാം കൊടുത്തുകാണുന്നു. എന്നാല്‍, ‘മുല്ല’ എന്നൊരുപദം അറബിയിലില്ല. ‘മുസ്‌ലിം പുരോഹിതന്‍’ എന്ന അര്‍ഥത്തില്‍ ‘മുല്ലാ’ എന്ന് ദീര്‍ഘത്തോടെ ഒരു പദം ഉര്‍ദുവിലുണ്ട്. അത് ലോപിച്ചുണ്ടായ പ്രയോഗമായിരിക്കാം മലയാളത്തിലെ ‘മൊല്ല’യും ‘മുല്ലാക്ക’യും. ‘മുല്ലാ’ എന്ന ഉര്‍ദുപദത്തിന് ‘സത്യം’ ചെയ്യിക്കുന്നവന്‍’ എന്ന ഒരര്‍ഥം എവിടന്ന് കിട്ടിയെന്നറിയില്ല.
‘മുസ്‌ലിം’ എന്നത് മലയാള പദം. അര്‍ഥം ‘മുസ്ലിം’ എന്നാണത്രെ. ‘മുസലിയാര്‍’ അറബിയും അര്‍ഥം ‘മഹമ്മദീയ ഗുരു’ എന്നും! ‘മുസല്‍മാന്‍’ എന്നതും അറബിപദമാണത്രെ. അര്‍ഥം ‘മുഹമ്മദീയന്‍’ വിട്ട് ‘മഹമ്മദീയന്‍’! ‘മുസല്‍മാന്‍’ എന്നത് ഉര്‍ദുപദമെന്ന് അറിയാത്ത ഭാഷാ പണ്ഡിതന്‍മാരും ഉപദേശകരും ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നോ!
‘അമീന്‍’ എന്നതിന് ‘അവീന്‍’ എന്ന ഒരു കൊടുംലഹരിപദാര്‍ഥത്തിന്റെ പേര് അര്‍ഥമായി കണ്ടെത്തിയത് ദുരുദ്ദേശ്യത്തോടെയെന്നു സംശയിക്കാന്‍ തീര്‍ച്ചയായും വകയുണ്ട്. കാരണം, ‘അല്‍-അമീന്‍’ എന്നത് മുഹമ്മദ് നബിയുടെ പ്രവാചകലബ്ധിക്കു മുമ്പുള്ള അപരാഭിദാനമായി പ്രചാരപ്പെട്ട പദമാണല്ലോ.
‘അമീര്‍’ അറബിപദമായിരിക്കെ അതിനെ ഉര്‍ദുവാക്കിയതും പോവട്ടെ അര്‍ഥങ്ങളില്‍ ‘ധനികനും’ ‘കുലശ്രേഷ്ഠനും’ കടന്നുകൂടിയതെങ്ങനെ? കല്യാണം, വിവാഹകര്‍മം എന്നീ അര്‍ഥങ്ങളില്‍ ‘കാനത്ത്’ എന്നൊരു പദം അറബിയിലില്ല. എന്നാല്‍ ‘ശബ്ദതാരാവലി’യിലുണ്ട്. ശുദ്ധ അറബിപദമായിത്തന്നെ!

മലക്കും അക്ബറും
‘മലക്ക്’ (അറ. ങമഹമസ) മരിക്കുന്ന ആളുടെ ജീവന്‍ കൊണ്ടുപോവുന്ന ദൈവദൂതന്‍, അസ്രാഈല്‍ രാജാവ്. ‘മലക്ക്’ എന്ന പദത്തിന് മേല്‍ രണ്ടര്‍ഥവും തെറ്റാണ്. ‘മലക്ക്’ അറബി പദം തന്നെ. അര്‍ഥം ‘ദൈവദൂതന്‍’ എന്നല്ല. ‘ഊര്‍ജസൃഷ്ടിയായ അദൃശ്യജീവിയാണ് ‘മലക്ക്’. (ബ.വ. മലാഇക്ക). മരിക്കുന്ന ആളുടെ ജീവന്‍ ഏറ്റെടുക്കാന്‍ ദൈവം നിശ്ചയിച്ചിരിക്കുന്നവരും പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം എത്തിച്ചുകൊടുക്കുന്നവരും… ഇങ്ങനെ പല ദൗത്യങ്ങള്‍ക്കായി ഉത്തരവാദപ്പെടുത്തപ്പെട്ട അഗോചര ജീവികളാണ് ‘മലക്കുകള്‍’ എന്നാണ് ഇസ്‌ലാമിക വിശ്വാസം. അല്ലാതെ ‘ജീവന്‍ കൊണ്ടുപോവാന്‍’ മാത്രമുള്ളവരല്ല മലക്കുകള്‍. രണ്ടാമത്തെ അര്‍ഥമായി കൊടുത്ത ‘അസ്രാഈല്‍ രാജാവ്’ ഏതെന്ന് ശ്രീകണ്‌ഠേശ്വരമോ ഡിക്ഷ്ണറി പരിഷ്‌കര്‍ത്താക്കളോ പ്രസാധകരോ പറഞ്ഞുതന്നിട്ടു തന്നെ വേണം. ചരിത്രത്തിലെങ്ങും ‘അസ്രാഈല്‍ രാജാവ്’ എന്നൊരാളെ കാണാനാവില്ല.
ശുദ്ധ അറബിപദമായ ‘അക്ബര്‍’ പേര്‍ഷ്യന്‍ പദമാണത്രെ. ‘ഏറ്റവും മഹാന്‍, വലിയവന്‍, വലുത്’ എന്നൊക്കെയാണ് അറബിയില്‍ അക്ബറിന് അര്‍ഥം. എന്നാല്‍ ‘ശബ്ദതാരാവലി’യില്‍ അര്‍ഥം ‘മുഗള്‍ ചക്രവര്‍ത്തി’. ഇങ്ങനെയാണെങ്കില്‍ മാതൃഭൂമിക്ക് ‘സ്വന്തംനാട്’ (ങീവേലൃഹമിറ) എന്ന് അര്‍ഥം കൊടുക്കേണ്ടിയിരുന്നോ? കോഴിക്കോട്ടുനിന്ന് പ്രസാധനം ആരംഭിച്ച ‘മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം’ എന്ന് കൊടുത്താല്‍ മതിയായിരുന്നില്ലേ?

കുത്ബ
‘കുത്ബ’ (ഗവൗയേമ) ‘റംസാന്‍, ബക്രീദ് മുതലായ വിശേഷനാള്‍ കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച പള്ളിയില്‍ നടക്കുന്ന മതപ്രസംഗം.’ തെറ്റുകളുടെ പെരുംമാറാപ്പത്രെ ഇത്. മേല്‍പദം ഉര്‍ദുവല്ല. ‘അസ്സല്‍’ അറബിയാണ്. അതിലെ അക്ഷരങ്ങളെ മലയാളത്തില്‍ എഴുതാവുന്ന ശരിയായ രൂപം ‘ഖുത്വ്ബ’ എന്നായിരിക്കും. വെറും പ്രസംഗം, ഭാഷണം എന്നൊക്കെയാണാ പദത്തിന്റെ ഭാഷാര്‍ഥം.
വെള്ളിയാഴ്ച പള്ളികളില്‍ നടക്കുന്ന പ്രസംഗത്തിന് ‘ഖുത്വ്ബത്തുല്‍ ജുംഅ:’ എന്നു പറയും. ഇത് വ്രതസമാപന പെരുന്നാളായ (റമദാന്‍) ചെറിയപെരുന്നാള്‍ കഴിഞ്ഞും വിശുദ്ധ ഹജ്ജ് കര്‍മം കഴിഞ്ഞുള്ള പെരുന്നാളായ (ബക്രീദ്) വലിയ പെരുന്നാള്‍ കഴിഞ്ഞും വരുന്ന വെള്ളിയാഴ്ച മാത്രം പള്ളികളില്‍ നടത്തപ്പെടുന്ന മതപ്രസംഗമല്ല. വിവാഹ(നികാഹ്) വേളകളിലും മറ്റനേകം സന്ദര്‍ഭങ്ങളിലും മതപരമായും അല്ലാതെയും ‘ഖുത്വ്ബ’ നിര്‍വഹിക്കപ്പെടുന്നു. പ്രസംഗമെന്ന അര്‍ഥത്തിനപ്പുറം മതപരമായി ഒരു വിചിത്ര സാങ്കേതിക അര്‍ഥം ‘മഹാപണ്ഡിതന്‍മാര്‍’ക്ക് എവിടുന്ന് കിട്ടിയെന്നത് തീര്‍ത്തും അജ്ഞാതം.                                ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss