|    Jul 21 Sat, 2018 8:47 pm
FLASH NEWS

അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് നാടിന്റെ യാത്രാമൊഴി

Published : 11th September 2017 | Posted By: fsq

 

പള്ളിമുക്ക്:  തമിഴ്‌നാട്ടിലുണ്ടായ വാഹന അപകടത്തില്‍പ്പെട്ട് മരിച്ച കുടുംബത്തിന് നാട് കണ്ണീരോടെ വിട നല്‍കി. ശനിയാഴ്ച രാവിലെ  പതിനൊന്നോടെ മധുരരാജപാളയത്തിന് സമീപം തിരുമംഗലം ദേശീയ പാതയില്‍ കല്ലുവെട്ടി താതന്‍ കുളത്ത് ലോറി കാറിലിടിച്ചു മരിച്ച കൊല്ലൂര്‍വിള പള്ളിമുക്ക് ആസാദ് നഗര്‍- 30 അല്‍ മീനയില്‍ പരേതനായ അബ്ദുല്‍ മജീദിന്റെ ഭാര്യ നൂര്‍ജഹാന്‍ 67, ഇവരുടെ മകളും ഫിറോസ് അഹമ്മദിന്റെ ഭാര്യയുമായ സജീനാ ഫിറോസ്, സജീനയുടെ മകള്‍ ഫാത്തിമയുടെ ഭര്‍ത്താവ് സജീദ് സലിം, സജീനയുടെ ഇളയ മകള്‍ ഖദീജ എന്നിവര്‍ക്കാണ് നാട് കണ്ണീരോടെ വിട നല്‍കിയത്. ഉശിലാം പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ നാല് ആംബുലന്‍സുകളിലായി ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കൊല്ലൂര്‍വിള പളളിക്ക് സമീപത്തുള്ള ഇവരുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ വീടിന് മുന്നില്‍ തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ മുതല്‍ തന്നെ കാണുന്നതിനായി ബന്ധുക്കളുടേയും നാട്ടുകാരുടെയും ഒഴുക്ക് തുടങ്ങിയിരുന്നു. ഞായറാഴ്ച നേരം പുലര്‍ന്നപ്പോഴേക്കും കൊല്ലൂര്‍വിള പള്ളിക്ക് സമീപത്തു നിന്നും ഇവരുടെ വീടിനു മുന്നിലൂടെയുള്ള റോഡ് നാട്ടുകാരെ കൊണ്ട് നിറഞ്ഞിരുന്നു. അപകടത്തില്‍ മരിച്ച കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളജിലെ ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന ഖദീജയുടെ മൃതദേഹം അവസാനമായി കാണാനെത്തിയ സഹപാഠികള്‍ വിങ്ങിപൊട്ടുന്നത് കാണാമായിരുന്നു. പത്തരയോടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും സജീനയുടെ ഭര്‍ത്താവും ഖദീജയുടെ പിതാവുമായ ഫിറോസ് അഹമ്മദ് എത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ ഖബറടക്കത്തിനായി പള്ളിയിലേക്ക് കൊണ്ടുപോയത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ യാത്രയാക്കിയ ഭാര്യയുടെയും മകളുടെയും മരുമകന്റെയും മൃതദേഹങ്ങള്‍ കണ്ട് ഫിറോസ് പൊട്ടി കരഞ്ഞു. ഫിറോസെത്തിയ ശേഷം സജീദ് സലീമിന്റെ മൃതദേഹം ഖബറടക്കുന്നതിനായി കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി. നൂര്‍ജഹാന്റെയും സജീനയുടേയും, ഖദീജയുടേയും മൃതദേഹങ്ങള്‍ രാവിലെ 11ഓടെ കൊല്ലൂര്‍വിള മുസ്്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഖബറടക്കത്തിന് മുമ്പ് നടന്ന മയ്യിത്ത് നമസ്‌കാരത്തിലും അയിരങ്ങള്‍ പങ്കെടുത്തു. കൊല്ലൂര്‍വിള മുസ്്‌ലിം ജമാഅത്ത് ഇമാം മുഹമ്മദ് മണ്‍സൂര്‍ ഹുദവി പെരിന്തല്‍മണ്ണ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. അടുത്തടുത്തായുള്ള ഖബറുകളിലായാണ് മൂന്നുപേരെയും ഖബറടക്കിയത്. സജീദ് സലീമിന്റെ മൃതദേഹം ഉച്ചയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കരുനാഗപ്പള്ളി വട്ടപ്പറമ്പ് മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനിലും ഖബറടക്കി. പള്ളിമുക്ക് അല്‍ മീനായില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹങ്ങള്‍ കാണുന്നതിനായി ജീവിതത്തിന്റെ നാനാതുറകളിലും പെട്ടവര്‍ എത്തിയിരുന്നു. വനം മന്ത്രി കെ രാജു, എം നൗഷാദ് എംഎല്‍എ, വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ  എന്‍ കെ പ്രേമചന്ദ്രന്‍ എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, മുന്‍ എംഎല്‍എ എ യൂനുസ് കുഞ്ഞ്, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സിപിഐ ജില്ല സെക്രട്ടറി എന്‍ അനിരുദ്ധന്‍, മേയര്‍ വി രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, കെപിസിസി സെക്രട്ടറി എ ഷാനവാസ് ഖാന്‍, ഡിസിസി സെക്രട്ടറി അന്‍സാര്‍ അസീസ്, കൊല്ലൂര്‍വിള ജമാഅത്ത് സെക്രട്ടറി അബ്ദുല്‍റഹുമാന്‍, മുന്‍ എംഎല്‍എ ജി പ്രതാപ വര്‍മ തമ്പാന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സലിം, പ്രിയദര്‍ശന്‍, സലീന, സഹൃദയന്‍, സത്താര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വിവിധ സമയങ്ങളിലായി നടന്ന പ്രാര്‍ഥനകള്‍ക്ക് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, സിറാജുദ്ദീന്‍ തങ്ങള്‍, എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, നൗഷാദ് മുസ്‌ലിയാര്‍, മണ്‍സൂര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss