|    Oct 20 Sat, 2018 2:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടും: എ എസ് സൈനബ

Published : 1st September 2017 | Posted By: mi.ptk

കോഴിക്കോട്: ഹാദിയ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് തന്നെ വ്യക്തിപരമായും സംഘടനാപരമായും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് നാഷനല്‍ വിമണ്‍സ് ഫ്രണ്ട് അധ്യക്ഷ എ എസ് സൈനബ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. കഴിഞ്ഞ 16നാണ് സുപ്രിംകോടതി അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ ഒരു വിവരവും ആര്‍ക്കെങ്കിലും കൈമാറാന്‍ സാധ്യതയില്ല. എന്നിട്ടും അവര്‍ നല്‍കിയ വിവരമെന്ന പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നു പടച്ചുവിടുന്ന നുണകള്‍ അതേപടി പ്രസിദ്ധീകരിക്കുകയും അതുവഴി തനിക്ക് മാനഹാനി വരുത്തുകയും ചെയ്തത് ഗൗരവമായാണ് കാണുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. അടിസ്ഥാന രഹിതവും, വിദ്വേഷം ജനിപ്പിക്കുന്നതുമായ വാര്‍ത്തകളാണ് വിവിധ കേന്ദ്രങ്ങള്‍ പടച്ചുവിടുന്നതെന്ന് സൈനബ പറഞ്ഞു. 2013ല്‍ ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനായി താന്‍ വരുന്നത് 2016 ജനുവരിയില്‍ മാത്രമാണ്. കേരള ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു അത്. മതപരിവര്‍ത്തനത്തിന് ഇടനിലക്കാരിയാവുന്ന ഒരു കാര്യത്തിലും താന്‍ ഇടപെട്ടിട്ടില്ല. അതേസമയം അനിവാര്യഘട്ടത്തില്‍ ഏതങ്കിലും യുവതിക്ക് സംരക്ഷണം ആവശ്യമാവുമ്പോള്‍ അത് നല്‍കുന്നത് ഒരു സാമൂഹിക പ്രവര്‍ത്തക എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്തമായാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഹാദിയയുടെ കാര്യത്തില്‍ ഇടപെടുന്നത്- സൈനബ വ്യക്തമാക്കി.  ഹാദിയ തന്റെ സംരക്ഷണയില്‍ ആയിരുന്നത് കൊണ്ടാണ് അവരുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം തന്റെ വീട്ടില്‍ വച്ച് നടന്നത്. നിയമപരമായി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ച ശേഷം കോട്ടക്കല്‍ പുത്തൂര്‍ മഹല്ലില്‍ വച്ചായിരുന്നു വിവാഹം. ഹാദിയയുടെ വിവാഹകാര്യം തങ്ങളുടെ പരിഗണനാ വിഷയമല്ലെന്ന് 2016 സപ്തംബര്‍ 29ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്  ഓപണ്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.  ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ഭയന്ന് താന്‍ ഒളിവില്‍ പോയെന്ന ജനം ടിവി വാര്‍ത്ത ശുദ്ധ നുണയാണ്. തന്നെ മനപ്പൂര്‍വം താറടിക്കുക മാത്രമാണ് അത്തരം വാര്‍ത്തകളുടെ ലക്ഷ്യം. മതപരിവര്‍ത്തനത്തിന് താന്‍ നേതൃത്വം നല്‍കുന്നുവെന്നും മതംമാറുന്നവരെ ഒളിപ്പിക്കുന്നുവെന്നുമൊക്കയാണ് ടൈംസ് ഓഫ് ഇന്ത്യയും ടൈംസ് നൗ ചാനലും പ്രചരിപ്പിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ സാമൂഹിക- സ്ത്രീ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ ദേശീയ പ്രസിഡന്റായ താന്‍ അതുമായി ബന്ധപ്പെട്ട സാമൂഹിക ഇടപെടലുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മാത്രമല്ല, ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദിയായ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ദേശീയ സമിതിയംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാം മതം സ്വീകരിക്കുന്നവരെ ഒളിവില്‍ പാര്‍പ്പിക്കേണ്ട സാഹചര്യം കേരളത്തില്‍ നില നില്‍ക്കുന്നില്ല എന്നാണ് തന്റെ വിശ്വാസം. സ്വമേധയാ ഇസ്്‌ലാം മതം സ്വീകരിക്കുന്നവരെ ഒളിപ്പിക്കേണ്ട ആവശ്യമില്ലെന്നത് സ്വാഭാവിക യുക്തിയാണ്. മാധ്യമ വാര്‍ത്തകളെ ആസ്പദമാക്കി നവമാധ്യമങ്ങളിലും തനിക്കെതിരേ ഉയരുന്ന അപകീര്‍ത്തികരമായ  പ്രചാരണവും വധഭീഷണിയും സംബന്ധിച്ച് താന്‍ കോട്ടക്കല്‍ പോലിസ് സ്‌റ്റേഷനിലും മലപ്പുറം എസ്പിക്കും രേഖാമൂലം പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. തനിക്കെതിരേ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം, ടൈംസ് നൗ ചാനല്‍, ജനം ടിവി, ജന്മഭൂമി ദിനപത്രം എന്നിവ നുണപ്രചാരണം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാവണം. അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും സൈനബ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹബീബ, ദേശീയ സമിതിയംഗം സി ഷെറീന വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss