|    Dec 17 Mon, 2018 3:40 am
FLASH NEWS

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ നിര്‍ദേശം

Published : 31st May 2017 | Posted By: fsq

 

കണ്ണൂര്‍: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പായി പൊതു-സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലെ അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാന്‍ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശം നല്‍കി. മുറിച്ചുമാറ്റാത്ത മരങ്ങളും ചില്ലകളും അപകടം വിതക്കുന്ന പക്ഷം ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ വ്യക്തികളുമായിരിക്കും ഉത്തരവാദിയെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതഅവര്‍ക്കാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള അപകടകരമായ മരങ്ങള്‍ മുറിക്കാനുള്ള അനുമതി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫിസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫിസര്‍ എന്നിവരടങ്ങുന്ന സമിതിയാണു നല്‍കേണ്ടത്. ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് മുമ്പായി ഓരോ വകുപ്പും മുറിച്ചുമാറ്റേണ്ട മരങ്ങളുടെ പട്ടിക തദ്ദേശസ്ഥാപന സെക്രട്ടറിക്ക് കൈമാറണം. മൂന്നിന് ഉച്ചയ്ക്കുശേഷം സമിതി യോഗം ചേ ര്‍ന്ന് ഇവയില്‍ തീരുമാനമെടുക്കണം. സമിതിയുടെ ശുപാര്‍ശയിന്‍മേല്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കുന്ന മുറയ്ക്ക് ജൂണ്‍ നാല്, അഞ്ച് തിയ്യതികളിലായി ബന്ധപ്പെട്ട വകുപ്പുകളുടെ ചെലവില്‍ നീക്കം ചെയ്യാനാണ് തീരുമാനം. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളും ജൂണ്‍ അഞ്ചിനകം സ്വന്തം ചെലവില്‍ നീക്കംചെയ്യണം. സ്‌കൂള്‍, ആശുപത്രി കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടോയെന്ന് സിവില്‍ എന്‍ജിനീയറെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം അവ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യണം. പുതുതായി നിര്‍മിക്കുന്ന എല്ലാ വീടുകളിലും കെട്ടിടങ്ങളിലും മഴവെള്ള സംഭരണ സംവിധാനങ്ങളൊരുക്കാന്‍ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട സംവിധാനത്തെക്കുറിച്ചുള്ള അന്തിമ മാര്‍ഗനിര്‍ദേശം ഒരാഴ്ചയ്ക്കകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഉപഡയരക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. ഇവ പാലിക്കാത്ത കെട്ടിടയുടമകളും അവയ്ക്ക് അംഗീകാരം നല്‍കുന്ന തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരും. മഴവെള്ള സംഭരണ സംവിധാനങ്ങള്‍ ഒരുക്കാത്ത സ്‌കൂളുകള്‍, ആശുപത്രികള്‍, വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഒരുമാസത്തിനകം ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. മഴക്കാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റവന്യൂ, പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സ്ഥാപിക്കണം. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കടലാക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുക ള്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ കൈക്കൊള്ളണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസുഫ്, എഡിഎം ഇ മുഹമ്മദ് യൂസുഫ്, വിവിധ വകുപ്പുമേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss