|    Jul 17 Tue, 2018 1:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അപകടസ്ഥലത്തു നിന്നു 15 കിലോമീറ്റര്‍ മാറി മൃതദേഹം : ഇടിച്ച വാഹനം കണ്ടെത്തി ; രണ്ടുപേര്‍ പോലിസ് കസ്റ്റഡിയില്‍

Published : 20th September 2017 | Posted By: fsq

 

അമ്പലപ്പുഴ: അപകടസ്ഥലത്തു നിന്നു 15 കിലോമീറ്ററുകള്‍ മാറി മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഇടിച്ച വാഹനവും കണ്ടെത്തി. ഡ്രൈവര്‍ അടക്കം രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ആലുവ എന്‍എഡി വിജയപാലില്‍ വി എം ജമാലുദ്ദീന്റെ ഉടസ്ഥതയിലുള്ള കെഎല്‍ 7 ബിഎ 2240 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള മിനിലോറിയാണ് അമ്പലപ്പുഴ സിഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുത്തത്. കെആര്‍സി പാഴ്‌സല്‍ സര്‍വീസ് എന്ന സ്ഥാപനത്തിനു വേണ്ടി ഓടുന്ന ലോറിയുടെ ഡ്രൈവര്‍ കോട്ടയം കുമാരനെല്ലൂര്‍ പെരുമ്പായിക്കാട് വട്ടമുകളയില്‍ വിജി സുനില്‍ (30), ക്ലീനര്‍ കോട്ടയം ടിവി പുരം പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെമ്മനത്തുകരയില്‍ വല്ലാട്ടു വീട്ടില്‍ ശ്രീദേവന്‍ നായര്‍ (47) എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. 13നു പുലര്‍ച്ചെ രണ്ടോടെ ദേശീയപാതയില്‍ തോട്ടപ്പള്ളി മത്തേരി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡ് ഹനൂമാരു വെളിയില്‍ വാസുദേവന്റെ മകന്‍ സുനില്‍ (46) മരിച്ചിരുന്നു. എന്നാല്‍ അപകടസ്ഥലത്തു നിന്ന് 15 കിലോമീറ്ററോളം അകലെ കളര്‍കോട് ചിന്‍മയ സ്‌കൂളിന് സമീപം ദേശീയപാതയോരത്തു നിന്നാണു സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്.ശ്രീദേവന്‍ നായരുടെ വീടിനു സമീപത്തു നിന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവിടെ നിന്നുതന്നെ ശ്രീദേവന്‍ നായരെയും ഡ്രൈവറെയും പോലിസ് പിടികൂടുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് 70 മീറ്ററോളം പിന്നോട്ടു മാറി വാഹനത്തിന്റെ മുന്‍ ഗ്ലാസിന്റെ കഷണങ്ങളും കെആര്‍സി പാഴ്‌സല്‍ സര്‍വീസിന്റെ ബില്ലും സംഭവദിവസം പോലിസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്താനായത്. സുനിലിനെ ഇടിച്ച വാഹനം ഇതുതന്നെയെന്നു സയന്റിഫിക്ക് ഓഫിസര്‍ പി ശീതളിന്റെ പരിശോധനയില്‍ വ്യക്തമായെന്നു ഡിവൈഎസ്പി എം ഇ ഷാജഹാന്‍ പറഞ്ഞു. എന്നാല്‍ അപകടശേഷം പിന്നാലെ വന്ന മറ്റേതോ വാഹനത്തില്‍ കുരുങ്ങിയാവാം ഇത്രയും അകലെ മൃതദേഹം എത്തിയതെന്നും ആ വാഹനം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss