|    Oct 22 Mon, 2018 12:14 am
FLASH NEWS

അപകടമൊഴിവാക്കാന്‍ 35 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Published : 9th April 2018 | Posted By: kasim kzm

വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാതയുടെ പഴയ കെകെ റേഡിന്റെ ഭാഗമായ പീരുമേട് മുതല്‍ കുമളി വരെയുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 35 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പണികളാണ് ആരംഭിച്ചിരിക്കുന്നത്. റോഡിന്റെ അപകട ഭീഷണിയിലുള്ള സംരക്ഷണ ഭിത്തികളുടെ പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
പീരുമേട് മുതല്‍ കുമളി വരെ 34  കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ ഭാഗങ്ങളില്‍ റോഡ് 9 സെന്റീമീറ്റര്‍ കനത്തില്‍ ഉയര്‍ത്തി ടാറിങ് നടത്തുന്നതിനായുള്ള റോഡിന്റെ ടാറിങ് ലെവല്‍ പരിശോധനയും ഇതോടൊപ്പം നടക്കുന്നുണ്ട്. ഏകദേശം രണ്ടാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന പ്രക്രീയയാണ് ടാറിങ് ലെവല്‍ പരിശോധന.  കക്കികവല മുതല്‍ നെല്ലിമല വരെ അര കിലോമീറ്റര്‍ റോഡ് ഉയര്‍ത്തിയാവും റോഡ് ടാറിങ് നടത്തുക.ദേശീയ പാതയ്ക്ക് സമാന്തരമായി ഒഴുകുന്ന ചോറ്റുപാറ  പെരിയാര്‍ തോട്ടിലെ വെള്ളം മഴക്കാലത്ത് റോഡില്‍ കയറി ഗതാഗത സ്തംഭനം ഉണ്ടാകുന്നത് പതിവാണ്.
ഈ ഭാഗത്ത് വെള്ളം കയറുന്നതാണ് റോഡ് ഉയര്‍ത്താന്‍ കാരണം. ഇതിനു പുറമെ റോഡുകള്‍ ഒന്നര മീറ്റര്‍ ഉയര്‍ത്തി 8 മീറ്റര്‍ വീതിയില്‍ റോഡ് വീതി കൂട്ടി പണിയുന്നതിനാണ് പദ്ധതി. പ്രധാന കവലകളായ പഴയ പാമ്പനാര്‍, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നടപ്പാതകളില്‍ ടൈല്‍ ഇട്ട് മോടിപിടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. വാഹന ഉപയോഗം വര്‍ധിച്ചതോടെ പല കവലകളിലും വാഹന പാര്‍ക്കിംങ് തിരക്കുമൂലം അപകടങ്ങള്‍ പതിവാകുകയും കാല്‍നട പോലും ദുസഹമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാന ടൗണുകളിലെ നടപ്പാതകളുടെയും വികസനത്തിനായി പദ്ധതിയൊരുങ്ങിയത്. മഴക്കാലത്തിനു മുന്‍പ് റോഡിന്റെ സംരക്ഷണ ഭിത്തിയുടെ പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മഴക്കാലത്തിന് ശേഷമായിരിക്കും റോഡിന്റെ ടാറിങ് നടപടികള്‍ പൂര്‍ത്തീയാവുകയുള്ളു എന്നാണ് ദേശീയ പാത അധികൃതര്‍ നല്‍കുന്ന വിശദീകരണം.2001ലാണ് പൊതുമരാമത്തിന്റെ കീഴിലുള്ള പഴയ കെ കെ റോഡ് ദേശീയപാത വിഭാഗം ഏറ്റെടുത്തത്.  കഴിഞ്ഞ വര്‍ഷം റോഡ് വികസനത്തിനായി ദേശീയപാത അധികൃതര്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ ഉപയോഗിച്ച് വിവിധ തരത്തില്‍ പഠനങ്ങള്‍ നടത്തിയിരുന്നു. ഗതാഗതം, മണ്ണ്, ഫോട്ടോഗ്രഫി തുടങ്ങി വിവിധ തരത്തിലാണ് പഠനങ്ങളാണ് നടത്തിയത്. ഗതാഗത പരിശോധനയും മണ്ണിന്റെ ഘടനാ പഠനവും ഒരു മണിക്കൂറില്‍ ദേശിയ പാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ തരം തിരിച്ചുള്ള കണക്കെടുപ്പും നടത്തിയിട്ടുണ്ട്. മണ്ണ് പരിശോധനയില്‍ മണ്ണിന്റെ ഘടനയും ഉറപ്പും തിരിച്ചറിയുന്ന രീതിയിലുള്ള ശാസ്ത്രിയ പഠനവും ഫോട്ടോഗ്രഫി പഠനങ്ങളും നടത്തിയിരുന്നു. സാറ്റലൈറ്റിന്റെ സഹായത്തോടെയാണു സര്‍വേകള്‍ നടത്തിയത്.
ഈ പഠന റിപോര്‍ട്ട് സ്വകാര്യ കണ്‍സള്‍ട്ടന്‍സി ദേശീയപാത അധികൃതര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊതുമരാമത്തു വകുപ്പില്‍ നിന്ന് കോട്ടയം-കുമളി (പഴയ കെകെ റോഡ്) റോഡ് ഏറ്റെടുത്തപ്പോള്‍ റോഡിന്റെ സര്‍വേ രേഖകള്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കിയിട്ടില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ പുറമ്പോക്കിലെ കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിന് ഏറെ പ്രയാസകരമാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ചും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ സര്‍വേ രേഖകള്‍ ലഭിക്കാത്ത പക്ഷം ദേശീയപാത വികസനത്തിനു കാലം താമസം വരാനാണു സാധ്യതയെന്നാണു വിലയിരുത്തുന്നത്. പഴയ കെകെ റോഡിന്റെ മുണ്ടക്കയം മുതല്‍ കുമളി വരെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായ കൈയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. 1980ല്‍ കെകെ റോഡ് വികസനത്തിന്റെ ഭാഗമായി വീതികൂട്ടുകയും വളവുകള്‍ നിവര്‍ത്തി ദൂരം കുറയ്ക്കുകയും ചെയ്തു.
വളവുകള്‍ നിവര്‍ത്തിയപ്പോള്‍ പഴയ കെകെ റോഡിന്റെ ഭാഗമായ പല സ്ഥലങ്ങളും സ്വകാര്യ വ്യക്തികള്‍ കൈയേറ്റം നടത്തി. ചില സ്ഥലങ്ങള്‍ ഇപ്പോഴും കൈവശം വച്ചു വരികയാണ്. പ്രധാന കവലകളുടെ ഇരുവശങ്ങളിലുമായി നടപ്പാതകള്‍ മോടിപിടിക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പ് ദേശീയപാത അധികൃതര്‍ക്കു വെല്ലുുവിളി സൃഷ്ടിക്കാനാണു സാധ്യത.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss