|    Jun 18 Mon, 2018 6:46 pm
FLASH NEWS

അപകടമുണ്ടാക്കുന്നുവെന്ന പേരില്‍ റിസോര്‍ട്ട് ഉടമകള്‍ വെട്ടിക്കടത്തുന്നത് കോടികളുടെ മരങ്ങള്‍

Published : 5th September 2016 | Posted By: SMR

കോതമംഗലം: അപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്ന പ്രചാരണം നടത്തി റിസോര്‍ട്ട് ഉടമകള്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വന്‍മരങ്ങള്‍ വെട്ടിക്കടത്തുന്നു. അടിമാലി, ദേവികുളം, മൂന്നാര്‍ റേഞ്ചുകളുടെ പരിധിയില്‍ വരുന്ന കുത്തകപ്പാട്ട ഏലത്തോട്ടങ്ങളില്‍ നിന്നും കൊച്ചി-മധുര ദേശീയപാതയോരത്തുനിന്നും അനുബന്ധ മേഖലകളില്‍നിന്നുമാണ് ഇങ്ങനെ മരങ്ങള്‍ മുറിച്ചു കടത്തുന്നത്.
സിഎച്ച്ആര്‍ മേഖലയില്‍വരുന്ന പ്രദേശങ്ങളിലാണ് ഇത്തരം വനംകൊള്ളകളില്‍ അധികവും അരങ്ങേറുന്നത്. കല്ലാര്‍, പോതമേട്, സൂര്യനെല്ലി, ചിന്നക്കനാല്‍, ഒറ്റമരം, ലക്ഷ്മി എസ്‌റ്റേറ്റ്, ബൈസന്‍വാലി, പൂപ്പാറ, ശാന്തന്‍പാറ, ബിയല്‍റാം, എന്നീ പ്രദേശങ്ങളെല്ലാം സിഎച്ച്ആര്‍ മേഖലകളില്‍ ഉള്‍പെടുന്നവയാണ്. ഇവിടങ്ങളില്‍നിന്നും റിസോര്‍ട്ട് ഉടമകള്‍ മരങ്ങള്‍ വെട്ടിക്കടത്തുന്നത് സംബന്ധിച്ച് 4 കേസുകള്‍ ഇതിനോടകം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജനവാസ മേഖലയില്‍ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിനീക്കാന്‍ നിലവില്‍ നിയമമുണ്ട്. സംസ്ഥാനത്തെ എല്ലാ അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരോടും വീടുകള്‍ക്കും ജീവനും ഭീഷണിയായ മരങ്ങള്‍ മുറിച്ചു നീക്കംചെയ്യുന്നതിനും ശിഖരങ്ങള്‍ മുറിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുന്നതിന് എല്ലാ ഡിഎഫ്ഒമാര്‍ക്കും ഉത്തരവ് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.
ഏലത്തോട്ടങ്ങളില്‍നിന്നും ദേശീയപാതയോരമുള്‍പെടെയുള്ള അനുബന്ധ മേഖലകളില്‍നിന്നും വന്‍തോതില്‍ നടക്കുന്ന മരംമുറിക്കലിനെ തുടര്‍ന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട 4 സംഭവങ്ങളിലും അന്വേഷണം നടത്തി നടപടിയെടുക്കേണ്ടത് വനം വകുപ്പും റവന്യൂ അധികൃതരുമാണ്. അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും അനുമതി ആവശ്യമാണ്. എന്നാല്‍ ഇതൊന്നും ഇല്ലാതെയാണ് ഇപ്പോള്‍ നടക്കുന്ന മരം മുറി. വില്ലേജ് ഓഫിസറും വനം റേഞ്ച് ഓഫിസറും അന്വേഷിച്ച് നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട തഹസില്‍ദാരുടെ ശുപാര്‍ശയിന്മേല്‍ അതാത് ആര്‍ഡിഒമാരുടെ അനുവാദത്തോടെയാണ് പൊതു സ്വഭാവമുള്ളതും ജീവനും സ്വത്തിനും ഭീഷണിയുമായ മരങ്ങള്‍ മുറിച്ചുമാറ്റേണ്ടത്. ഉണങ്ങി ഒടിഞ്ഞു വീഴാറായതും അപകടം ഉണ്ടാക്കുന്നതുമായ മരങ്ങള്‍ മുറിക്കുന്നതിനാണ് ഇത്തരത്തില്‍ ഏറെയും അനുമതി നല്‍കുന്നത്.
കൊച്ചി-മധുര ദേശീയപാതയോരത്ത് നേര്യമംഗലം, അടിമാലി റേഞ്ചുകളിലായി 200 ഓളം മരങ്ങള്‍ അപകടാവസ്ഥയില്‍ നിലനില്‍ക്കുന്നുണ്ട്. നേര്യമംഗലം വില്ലാഞ്ചിറ മുതല്‍ ടുറിസ്റ്റ് പ്രദേശമായ ചീയപ്പാറ വരെയുള്ള പ്രദേശത്താണ് ഇവയിലധികവും. ഇവ മുറിച്ചുനീക്കാന്‍ നടപടി എടുക്കാവുന്നതാണെന്ന് സൂചിപ്പിച്ച് വനം വകുപ്പിലെ റേഞ്ച് ഓഫിസര്‍മാരും പോലിസും റിപോര്‍ട്ട് നല്‍കിയിട്ടും ഉന്നതാധികൃതര്‍ നടപടിയെടുത്തിട്ടില്ല. ഈ അവസരമാണിപ്പോള്‍ റിസോര്‍ട്ട് ഉടമകള്‍ മുതലെടുക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് മരങ്ങള്‍ ഉണക്കിയ ശേഷമാണ് വന്‍ മരങ്ങളിലധികവും വെട്ടിക്കടത്തുന്നത്. അല്ലാതെ മുറിക്കുന്നത് വേറെയും. ഒരു മാസം മുമ്പ് ദേവികുളം റേഞ്ചില്‍ 3 തൊഴിലാളികള്‍ ദേഹത്തേക്ക് മരം ഒടിഞ്ഞ് വീണ് മരിച്ചിരുന്നു. ഈ എസ്‌റ്റേറ്റില്‍ രാസവസ്തു ഉപയോഗിച്ച് 100 ലേറെ മരങ്ങള്‍ ഉടമ ഉണക്കിയതിന് വനം വകുപ്പ് കേസ് എടുത്തിട്ടുണ്ട്. മരം ഉണക്കിയ ശേഷം വെട്ടിമാറ്റുന്നതിന് അനുമതി തേടുകയെന്ന തന്ത്രമാണ് എസ്‌റ്റേറ്റ് ഉടമകളിലധികവും സ്വീകരിച്ചുവരുന്നത്. ഇതിനിടെ മലയോര ഹൈവേയില്‍ വനം വകുപ്പിന്റെ തടസ്സവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ഇക്കഴിഞ്ഞ 25ന് വനം വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മരം വെട്ടിക്കടത്തുന്നവര്‍ ഇതും മറയാക്കാനിടയുണ്ട്. കോടികള്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തുന്ന മരം വെട്ടലിനെ കുറിച്ച് സമഗ്രമായ അന്വേഷണം തന്നെ വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ട വകുപ്പുകളിലെ തന്നെ ഒരുപറ്റം ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും അഭിപ്രായം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss