|    Nov 13 Tue, 2018 3:47 am
FLASH NEWS

അപകടഭീഷണിയിലായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നടപടിയില്ല

Published : 4th August 2018 | Posted By: kasim kzm

തലശ്ശേരി: 1988ല്‍ തലശ്ശേരി നഗരസഭ വികസനാവശ്യങ്ങള്‍ക്കായി അക്വയര്‍ ചെയ്ത കെട്ടിടങ്ങളില്‍ ചിലത് കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായിട്ടും പൊളിച്ചുനീക്കാന്‍ നടപടിയില്ല. പഴയ ബസ് സ്റ്റാന്റ് ജൂബിലി ഷോപ്പിങ് കോംപ്ലക്‌സ് പണിയുന്നതിന്റെ ഭാഗമായി അക്വയര്‍ ചെയ്ത പനങ്കാവ് ലൈനിലെ കെട്ടിടങ്ങളുടെ അവസ്ഥയാണിത്. രണ്ടു നൂറ്റാണ്ടോളം പഴക്കമുണ്ട് പലതിനും.
നഗരസഭ സ്ഥലം അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ചതോടെ കൈവശാവകാശം ഉണ്ടായിരുന്ന ഉടമകളില്‍ പലരും കെട്ടിടം വിറ്റു. അക്വിസിഷന്‍ തീരുമാനത്തിനു പിന്നാലെ കെട്ടിടങ്ങളില്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് നഗരസഭ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്നവര്‍ക്ക് മാത്രമേ പുനരധിവാസം ലഭിക്കൂ. എന്നാല്‍ സ്ഥിരമായി കെട്ടിടാവകാശം ഉണ്ടായിരുന്നവര്‍ അത് മറ്റുള്ളവര്‍ക്ക് വിറ്റതോടെ പുനരധിവാസ പാക്കേജ് അട്ടിമറിക്കപ്പെട്ടു. പിന്നീട് അധികാരത്തിലെത്തിയ നഗരസഭാ ഭരണസമിതിക്ക് അക്വയര്‍ ചെയ്ത പുതിയ കെട്ടിടം പണിയുക എന്നത് വെല്ലുവിളിയായി. ഇതിനാല്‍ 30 വര്‍ഷം മുമ്പ് അക്വയര്‍ ചെയ്ത കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയില്‍ നിലകൊള്ളുകയാണ്. ചുവരുകള്‍ക്ക് വിള്ളലുകള്‍ വീണുതുടങ്ങിയിട്ടും ചെറിയ അറ്റകുറ്റപ്പണികളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഈ കെട്ടിടങ്ങളുടെ ഉള്‍ഭാഗത്താണ് നഗരത്തിലെത്തുന്ന യാത്രക്കാരുടെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രം.
പുതിയ സ്റ്റാന്റിലേക്ക് പോവേണ്ട വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ബസ് കാത്തുനില്‍ക്കുന്നത് ബലക്ഷയമുള്ള കെട്ടിടത്തിനു സമീപമാണ്. നഗരസഭയുടെ പുതിയ കെട്ടിടനിര്‍മാണ ചട്ടപ്രകാരം പനങ്കാവ് ലൈനില്‍ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ സാങ്കേതിക തടസ്സങ്ങളുണ്ട്. പക്ഷേ, അധികൃതരുടെ ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അപകടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss