|    Jun 25 Mon, 2018 6:04 am
FLASH NEWS

അപകടത്തില്‍പ്പെട്ട രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ പാഞ്ഞത് ഏഴര മണിക്കൂര്‍ ; ആശുപത്രികള്‍ക്കെതിരേ പ്രതിഷേധം

Published : 8th August 2017 | Posted By: fsq

 

കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് ജീവനക്കാരും സന്നദ്ധ സംഘടനയായ ട്രാക്കിന്റെ പ്രവര്‍ത്തകരും പരക്കംപാഞ്ഞത് ഏഴര മണിക്കൂര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജും സ്വകാര്യ മെഡിക്കല്‍ കോളജും ഉള്‍പ്പടെ അഞ്ചിലധികം ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും തക്ക സമയത്ത് ചികില്‍സ ലഭിക്കാതിരുന്നതോടെയാണ് തിരുനെല്‍വേലി രാധാപുരം തുറൈക്കുടി തുറുപ്പ് മിസില്‍ സ്ട്രീറ്റില്‍ ഗണപതിയുടെ മകന്‍ മുരുകന്‍(33) മരണത്തിന് കീഴടങ്ങിയത്. മുരുകനൊപ്പം യാത്ര ചെയ്തിരുന്ന തിരുനല്‍വേലി സമൂഹ രംഗപുരം പൊരുമാള്‍ കോവില്‍ അണ്ണാ ദുരൈയുടെ മകന്‍ മുത്തു(24),സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കുരീപ്പള്ളി പള്ളി വടക്കതില്‍ സഫിയുള്ള(34),ഷെമിന(27)എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. മുരുകനും മുത്തുവും കടയ്ക്കാവൂരില്‍ നിന്നും കൊട്ടിയത്തെ സുഹ്യത്തുക്കളെ കാണാന്‍ പോകവെ ഞായറാഴ്ച രാത്രി 11ഓടെ ഇത്തിക്കര പാലത്തിന് സമീപം വച്ച് സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ചാത്തന്നൂര്‍ പോലിസും വഴിയാത്രക്കാരും പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ  ആശുപത്രിയിലെത്തിച്ചു. മസ്തിഷ്‌കത്തില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിടെ ന്യൂറോ സര്‍ജനും ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളും ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ പോലിസ് “ട്രാക്ക്’ എന്ന ചാരിറ്റബിള്‍ സംഘടനയെ വിവരം അറിയിച്ചു. അവര്‍ ആംബുലന്‍സുമായി പാഞ്ഞെത്തി അയത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ന്യൂറോ സര്‍ജനില്ലെന്ന് പറഞ്ഞ് അവരും കൈമലര്‍ത്തുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മെഡിക്കല്‍ ടെക്‌നിഷ്യന്‍ രാജേഷ് രാജുവും ട്രാക്ക് അംഗങ്ങളായ റോണ റിബൈറോയും രാഹുലും മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ ആവതും ശ്രമിച്ചു. മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും ന്യൂറോ സര്‍ജനില്ലെന്ന കാരണമാണ് പറഞ്ഞത്. ഇതേ തുടര്‍ന്ന് പോലിസിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെഎത്തിയപ്പോള്‍ വെന്റി ലേറ്റര്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ ആരും നോക്കാനില്ലാതെ ഗുരുതരമായി പരിക്കേറ്റയാള്‍ കിടക്കേണ്ടിവന്നതായി റോണാ റിബൈറോ പറഞ്ഞു. തിരുവനന്തപുരത്തെ നിരവധി സ്വകാര്യ ആശുപത്രികളില്‍ വെന്റിലേറ്റര്‍ ഉണ്ടോ എന്ന് അന്വേഷിച്ചെങ്കിലും നല്‍കാനാരും തയ്യാറായില്ല. പിന്നീട് പോങ്ങുംമൂട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ സര്‍ജനും വെന്റിലേറ്ററും ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ട്രാക്ക് അംഗങ്ങള്‍ കൊല്ലത്തെ തന്നെ മറ്റൊരു ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ വെന്റിലേറ്റര്‍ ഉണ്ടെന്ന മറുപടി ലഭിച്ചതിനെ തുടര്‍ന്ന് തിരികെ അവിടേക്ക് കൊണ്ടുപോയി. അവിടെ രോഗിയെ ആംബുലന്‍സില്‍ നിന്ന് ഇറക്കി അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും ഒപ്പം ആളില്ലെന്ന കാരണത്താല്‍ ചികില്‍സ നിഷേധിക്കുകയായിരുന്നു. ന്യൂറോ സര്‍ജനില്ലെന്നായിരുന്നു മറുപടി. അതിനിടെ യുവാവിന്റെ നില തീരെ വഷളായി. ഹൃദയമിടിപ്പ് തീരെ കുറഞ്ഞു. പിന്നീട് ട്രാക്ക് അംഗങ്ങള്‍ യുവാവുമായി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തുകയായിരുന്നു. അപ്പോഴേയ്ക്കും യുവാവ് മരിച്ചു. ഏഴര മണിക്കൂറോളമാണ് ആംബുലന്‍സില്‍ രോഗിയുമായി പാഞ്ഞത്.സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവും ശക്തമായി. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പോലിസിനെ വെട്ടിച്ച് അകത്തു കടന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി എംഡിയെ ഓഫിസില്‍ കയറി ഉപരോധിച്ചു. ഇവരെ പോലിസ് നീക്കം ചെയ്തു. ഗേറ്റിന് പുറത്ത് സമരം നടക്കവെയായിരുന്നു ഉപരോധം. ആശുപത്രിയിലേക്ക് കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരെയും പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘം ആശുപത്രിക്ക് മുന്നില്‍ ക്യാംപ് ചെയ്താണ് സമരങ്ങള്‍ നിയന്ത്രിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss