|    Jun 19 Tue, 2018 8:34 am

അപകടത്തില്‍പ്പെട്ടവരെ മന്ത്രിയുടെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു

Published : 9th January 2017 | Posted By: fsq

 

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് ആരും തിരിഞ്ഞു നോക്കാതെ റോഡില്‍ കിടന്നിരുന്നവരെ സ്വന്തം വാഹനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. പാറോട്ടുകോണം സ്വദേശി ജിനു റോയി (29), പാണന്‍വിള സ്വദേശിനി വിദ്യ (27), വിദ്യയുടെ അച്ഛന്‍ വിജയന്‍ എന്നിവരെയാണു മെഡിക്കല്‍ കോളേജിലെത്തിച്ചത്. വെഞ്ഞാറമൂട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. യാത്രയ്ക്കിടയില്‍ പരുത്തിപ്പാറയില്‍ ആള്‍ക്കാര്‍ കൂടിനില്‍ക്കുന്നതും രണ്ടുപേര്‍ റോഡില്‍ വീണുകിടക്കുന്നതും കണ്ടു. ഉടന്‍ മന്ത്രി വാഹനം നിര്‍ത്തിച്ച് കാര്യമന്വേഷിച്ചു. വാഹനമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോവാന്‍ സാധിക്കുന്നില്ലെന്ന് അപകടത്തില്‍പ്പെട്ടവര്‍ വേദനയോടെ പറഞ്ഞു. തുടര്‍ന്ന് മന്ത്രിയും ഗണ്‍മാനും പിഎയും വാഹനത്തില്‍ നിന്ന് ഇറങ്ങി. മന്ത്രിയുടെ വാഹനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി. അബോധാവസ്ഥയിലായിരുന്ന ജിനു റോയിയെ പിറകു സീറ്റില്‍ കിടത്തിയും വിദ്യയെയും മറ്റുള്ളവരെയും ആ വാഹനത്തില്‍ കയറ്റിയും മെഡിക്കല്‍ കോളേജിലേക്കയച്ചു. ഉടന്‍ തന്നെ മന്ത്രി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ അപകട വിവരം അറിയിച്ചു. പിന്നീട് അതുവഴി വന്ന പോലിസ് വാഹനത്തിലാണു മന്ത്രി വീട്ടിലേക്ക് പോയത്.തന്റെ കല്യാണം വിളിക്കാനായി പാറോട്ടുകോണത്തു നിന്നു പേരൂര്‍ക്കടയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ജിനു റോയ്. മുട്ടട പള്ളിയില്‍ നിന്നും പാണന്‍വിളയിലേക്ക് പോവുകയായിരുന്നു വിദ്യയും അച്ഛന്‍ വിജയനും. വിജയനാണ് ആക്ടീവ ഓടിച്ചിരുന്നത്. പരുത്തിപ്പാറയില്‍ വച്ച് ഇവരുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ജിനു റോയിക്കും വിദ്യക്കും സാരമായി പരിക്ക് പറ്റിയിരുന്നു. ആളുകള്‍ ഓടിക്കൂടുകയും പല സ്വകാര്യ വാഹനങ്ങള്‍ക്കു കൈകാണിക്കുകയും ചെയ്തു. പക്ഷേ ആരും നിര്‍ത്തിയില്ല. ആംബുലന്‍സിനായി കാത്തു കിടക്കുമ്പോഴായിരുന്നു മന്ത്രി ആ വഴി വന്ന് ഇവരെ ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗം ഒബ്‌സര്‍വേഷനില്‍ കഴിയുന്ന ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss