|    Sep 21 Thu, 2017 4:15 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അപകടത്തില്‍പെട്ടത് സുരക്ഷിത വിമാനങ്ങളിലൊന്ന്

Published : 5th August 2016 | Posted By: SMR

കബീര്‍ എടവണ്ണ

ദുബയ്: ദുബയില്‍ അപകടത്തില്‍ പെട്ട വിമാനമായ എമിറേറ്റ്‌സ് ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ വിമാന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. ബോയിങ് 777-300 പൈലറ്റുമാരുടെ പ്രിയപ്പെട്ടതും അധികം അപകടങ്ങള്‍ സൃഷ്ടിക്കാത്തതുമായ വിമാനമാണ്. ഉച്ചയ്ക്ക് 12.30ന് ദുബയില്‍ ഇറങ്ങേണ്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ എന്നറിയപ്പെടുന്ന ടയറുകള്‍ പുറത്ത് വരാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം ആപത് ഘട്ടങ്ങളില്‍ വിമാനം നിലത്തിറക്കാനും ക്രാഷ് ലാന്‍ഡ് ചെയ്യാനും പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കാറുണ്ട്. ഈ വിമാനം പറത്തിയത് 7,000 മണിക്കൂര്‍ വിമാനം പറത്തിയ, പരിശീലനം ലഭിച്ച യുഎഇ സ്വദേശിയായ പൈലറ്റാണ്.
വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ പെട്ടിയും എടുത്ത് പെട്ടെന്ന് പുറത്തിറങ്ങാനുള്ള മലയാളികളുടെ പതിവ് രീതിയും ആളപായം ഒഴിവാക്കി. തകരാറ് സംഭവിച്ചിട്ടും പൈലറ്റും ജീവനക്കാരും യാത്രക്കാര്‍ പരിഭ്രാന്തരാവാതിരിക്കാന്‍ വേണ്ടി വിമാനം നിലത്തിറങ്ങിയതിന് ശേഷമാണ് വിവരം അറിയിക്കുന്നതെന്ന് വിമാനത്തിലെ യാത്രക്കാരില്‍ ഒരാളായ തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഹാഫിസ് അബ്ദുല്‍ വഹാബ് പറഞ്ഞു. കുടുംബത്തോടൊത്ത് കപ്പല്‍ യാത്ര ചെയ്യാനായി യൂറോപ്പിലേക്ക് പുറപ്പെട്ടതായിരുന്നു ഹാഫിസ്. ഇന്ത്യക്കാരുടെ നഷ്ടപ്പെട്ട യാത്രാ രേഖകള്‍ പെട്ടെന്ന് ശരിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്  ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദുബയ് വിമാനത്താവളത്തില്‍ എത്തി രക്ഷപ്പെട്ട യാത്രക്കാരുമായി സംസാരിച്ചു. ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളങ്ങളിലൊന്നായ ദുബയ് വിമാനത്താവളം അപകടത്തെ തുടര്‍ന്ന് 6 മണിക്കൂര്‍ അടച്ചിട്ടു. പല വിമാന സര്‍വീസുകളും റദ്ദാക്കിയിരുന്നു. ദുബയില്‍ നിന്നുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും ഇന്നു മുതലാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിമാനത്തിന്റെ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട അഗ്നിശമനസേന അംഗം ജാസ്സിം അല്‍ ബലൂഷിയുടെ മൃതദേഹം റാസല്‍ ഖൈമ ഖറാനിലുള്ള ശൈഖ് റാഷിദ് മസ്ജിദില്‍ ഖബറടക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക