|    Jan 18 Wed, 2017 5:47 pm
FLASH NEWS

അപകടങ്ങള്‍ തടയാന്‍ കൂടുതല്‍ ശ്രദ്ധ വേണം

Published : 28th April 2016 | Posted By: SMR

ന്യൂഡല്‍ഹിയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്ന ആറുനില കെട്ടിടത്തിലുണ്ടായിരുന്ന അപൂര്‍വ ശേഖരങ്ങള്‍ മുഴുവനും 18,000ത്തിലധികം പുസ്തകങ്ങള്‍ സൂക്ഷിച്ച ഗ്രന്ഥാലയവും ചൊവ്വാഴ്ച തീപ്പിടിച്ചു നശിച്ചു. അപകടത്തില്‍ ആരും മരിച്ചിട്ടില്ലെങ്കിലും അഗ്നിശമന സേനയിലെ ചിലര്‍ ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലാണ്. മ്യൂസിയം പ്രവര്‍ത്തിക്കുന്നതിന് അഗ്നിശമന വിഭാഗത്തിന്റെ അനുമതിയില്ലായിരുന്നുവെന്നു മ്യൂസിയം മേധാവി കുമ്പസരിക്കുന്നു. അഗ്നിബാധയെ പറ്റി അന്വേഷിക്കാന്‍ ഓടിയെത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ രാജ്യത്തെ 34 മ്യൂസിയങ്ങളില്‍ തീപ്പിടിത്തം തടയുന്നതിനു വേണ്ട മുന്‍കരുതലുകളെടുത്തിട്ടുണ്ടോ എന്നന്വേഷിക്കാന്‍ ഉത്തരവിട്ടുവത്രേ!.
അപകടങ്ങളും ദുരന്തങ്ങളും തടയുന്നതിനു വേണ്ട മുന്‍കരുതലെടുക്കുന്നതില്‍ രാജ്യം പൊതുവില്‍ അമാന്തം കാണിക്കുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം കൂടിയാണിത്. കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ കാരണം അശ്രദ്ധയും അനാസ്ഥയുമായിരുന്നു. വലിയ അപകടങ്ങളുണ്ടാവുമ്പോള്‍ അതു തടയുന്നതിനു നിയമപരമായി ബാധ്യതയുള്ള ഉന്നതോദ്യോഗസ്ഥര്‍ പരസ്പരം പഴിചാരി അച്ചടക്കനടപടികളില്‍ നിന്നു രക്ഷപ്പെടുകയാണ് പതിവ്.
പഞ്ചനക്ഷത്ര ആശുപത്രികളും സിനിമാ കൊട്ടകകളും ഫഌറ്റ് സമുച്ചയങ്ങളും ദേവാലയങ്ങളുമൊക്കെ പേരിനു ചില സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതരുടെ അനുമതി വാങ്ങുന്നതാണ് അനുഭവം. മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ഈയിടെ അഗ്നിബാധയുണ്ടായപ്പോള്‍ അഗ്നിശമന വിഭാഗത്തിന്റെ കഠിനശ്രമം കൊണ്ടാണ് വലിയ ദുരന്തങ്ങള്‍ ഒഴിവായത്. ഉടമകള്‍ അധികൃതരുടെ മൗനാനുവാദത്തോടെയായിരുന്നു ഒരു പവര്‍ ലൂമിന്റെ മുകളില്‍ രണ്ടു നിലകള്‍ പണിതത്. അപകടമുണ്ടായപ്പോള്‍ ഓടിരക്ഷപ്പെടാനുള്ള സൗകര്യങ്ങള്‍ കെട്ടിടത്തിനുണ്ടായിരുന്നില്ല. മുംബൈയില്‍ കഴിഞ്ഞ ഒക്ടോബറിലുണ്ടായ തീപ്പിടിത്തത്തില്‍ ആറു പേര്‍ കത്തിച്ചാമ്പലായി. അനധികൃതമായാണു കെട്ടിടം നിര്‍മിക്കുന്നതെന്നു പരിസരവാസികള്‍ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഡല്‍ഹിയില്‍ അനുമതിയില്ലാതെ പലയിടത്തും അതിവേഗമുയരുന്ന കെട്ടിടങ്ങള്‍ മരണക്കെണികളാണെന്ന് അവയുടെ രൂപമാതൃകയില്‍ നിന്നുതന്നെ വ്യക്തമാവും. 2005ലുണ്ടാക്കിയ ദേശീയ കെട്ടിടനിര്‍മാണ ചട്ടങ്ങളിലെ നാലാം ഭാഗം അഗ്നിബാധ തടയുന്നതിനു സ്വീകരിക്കേണ്ട മുന്‍കരുതലുകളെന്തെന്നു വ്യക്തമാക്കുന്നുണ്ട്. പലപ്പോഴും മുനിസിപ്പല്‍ അധികൃതര്‍ക്കു കാശ് വാങ്ങാനുള്ള ഒരു സൂത്രമാണതെന്നു വിദഗ്ധര്‍ പറയുന്നു.
സ്റ്റാന്‍ഡിങ് ഫയര്‍ അഡൈ്വസറി കൗണ്‍സില്‍ ഇന്ത്യയില്‍ 70,000ത്തിലധികം അഗ്നിശമന കേന്ദ്രങ്ങള്‍ വേണമെന്നു പറയുന്നു. എന്നാലുള്ളത് 1705 എണ്ണം. അഗ്നിശമന പരിശീലനം ലഭിച്ചവരുടെ എണ്ണത്തില്‍ കുറവ് 96.28 ശതമാനമാണ്.
ദുരന്തനിവാരണ വകുപ്പുകള്‍ മിക്ക സംസ്ഥാനത്തുമുണ്ടെങ്കിലും അവയ്‌ക്കൊക്കെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ സാധിക്കൂ. കേരളത്തിലെ വെടിക്കെട്ടു ദുരന്തത്തിനു ശേഷമുണ്ടായ ചര്‍ച്ചകളിലും അതാണു തെളിഞ്ഞുകണ്ടത്. മതിയായ രക്ഷാ സംവിധാനങ്ങള്‍ സ്വീകരിച്ചാല്‍ അഗ്നിബാധയടക്കമുള്ള മിക്ക അപകടങ്ങളും തടയാന്‍ പറ്റും. അധികൃതരുടെ അനാസ്ഥ അപലപിക്കേണ്ടതുതന്നെ. എന്നാല്‍ അതോടൊപ്പം ഇത്തരം കാര്യങ്ങളില്‍ അവബോധമുള്ള ഒരു സമൂഹം ഉയര്‍ന്നു വന്നേ തീരൂ!

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക