|    Jun 25 Mon, 2018 11:37 am
FLASH NEWS

അപകടങ്ങള്‍ കുറയ്ക്കാന്‍ ദേശീയപാതയില്‍ ഡിവൈഡര്‍ സ്ഥാപിക്കണം

Published : 29th January 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നത് സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണ റിപോര്‍ട്ട് ജില്ലാവികസന സമിതി യോഗത്തില്‍ അവതരിപ്പിച്ചു. സ്വകാര്യ വാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ അനുവദിച്ചിട്ടുള്ള ദേശീയപാതയില്‍ ഡിവൈഡര്‍ അത്യന്താപേക്ഷിതമാണെന്നും റോഡ് മുറിച്ച് കടക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേഗപരിധി നിയമപരമായി കുറക്കാന്‍ നടപടി ആവശ്യമാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി. കാസര്‍കോട്-മഞ്ചേശ്വരം റൂട്ടിലെ വളവുകളില്‍ റമ്പിള്‍സ്ട്രിപ്‌സ് സ്ഥാപിക്കണം. മോട്ടോര്‍ വാഹന വകുപ്പിന് ജില്ലയില്‍ രണ്ട് പരിശോധനാ സ്‌ക്വാഡുകള്‍ കൂടി അനിവാര്യമാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ അപകടം തടയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാകലക്ടര്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തില്‍ ടാറിങ് ജോലികള്‍ റെയില്‍വേയുമായി ചര്‍ച്ച നടത്തി പൂര്‍ത്തിയാക്കാനും പള്ളിക്കരയില്‍ കഴിഞ്ഞ റമദാന്‍ കാലത്ത് ആറുപേരുടെ മരണത്തിനിടയാക്കിയ സ്ഥലത്തെ കുഴി അടക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിനും റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഉപയോഗ ശൂന്യമായ ബേക്കല്‍ കോട്ടയ്ക്ക് സമീപത്തെ പഴയ കിണര്‍ പൂര്‍ണ്ണമായും മൂടുന്നതിനും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഉദുമയില്‍ അപകടത്തിനിടയാക്കുന്ന ബസ് സ്റ്റോപ്പ് പൊളിച്ചു നീക്കണമെന്നും നിര്‍ദ്ദേശം നല്‍കി. കെ കുഞ്ഞിരാമന്‍ എംഎല്‍എയാണ് ഈ വിഷയങ്ങള്‍ ഉന്നയിച്ചത്. ദേശീയപാതയില്‍ ചാലിങ്കാലില്‍ അപകടഭീഷണി ഉയര്‍ത്തുന്ന കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കാനും കുമ്പള-ബദിയടുക്ക റോഡില്‍ സ്‌കൂളുകള്‍ക്ക് സമീപം ബാരിക്കേഡ് സ്ഥാപിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.പെരിയയില്‍ എയര്‍സ്ട്രിപ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടും ചെലവഴിക്കാത്തത് സംബന്ധിച്ച് വിശദീകരണം ചോദിക്കും. ഇടയിലക്കാട്-വെള്ളാപ്പ്് ബണ്ടില്‍ ചെളിയും പായലും നിറഞ്ഞ് പാരിസ്ഥിതിക പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും കവ്വായി പുഴ സംരക്ഷണത്തിന് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചെറുവത്തൂര്‍ ഓപ്പണ്‍ എയര്‍ തിയറ്റര്‍, ചീമേനി മീറ്റിങ് ഹാള്‍ എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍  ത്വരിതപ്പെടുത്തണം. ഉദയഗിരിയില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജല അതോറിറ്റിയും ഹൗസിങ് ബോര്‍ഡും സംയുക്തമായി നടപടി സ്വീകരിക്കാന്‍ തീരുമാനമായി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആറു കോടി ചെലവില്‍ ചെമനാട്, കാസര്‍കോട് നഗരസഭ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനും വികസന സമിതി നിര്‍ദ്ദേശിച്ചു. ജില്ലയിലെ പുഴകളില്‍ നിന്ന് ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച്  പരിശോധിച്ച് ജില്ലാകലക്ടര്‍ക്ക് 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss