|    Aug 16 Wed, 2017 11:03 pm
FLASH NEWS

അപകടങ്ങളും സാമൂഹികവിരുദ്ധ ശല്യവും ; എഴുപുന്നയില്‍ പോലിസ് ഔട്ട്‌പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമാവുന്നു

Published : 13th August 2017 | Posted By: fsq

 

അരൂര്‍: എഴുപുന്നയില്‍ പോലിസ് ഔട്ട് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസം എഴുപുന്നയില്‍ രണ്ടുപേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഔട്ട് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമായത്. അരൂര്‍, കുത്തിയതോട് പോലിസ് സ്റ്റേഷന്റെ അതിരുകള്‍ പങ്കിടുന്ന മേഖലയാണ് എഴുപുന്ന. ഇവിടുത്തുകാര്‍ക്ക് പോലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കുന്നതിനോ മറ്റ് നടപടികള്‍ നടത്തുന്നതിനോ ഏറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.  ഈ മേഖലകളില്‍ വന്‍ തോതില്‍ വിവിധ തരത്തിലുള്ള ക്രിമിനലുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഔട്ട് പോസ്റ്റ് വന്നാല്‍ ഇതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. എഴുപുന്ന, കുമ്പളങ്ങി പാലം, ചെല്ലാനം, പള്ളിത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കുന്നത്.  രാത്രി സമയങ്ങളില്‍ എഴുപുന്നയിലെ പാറായികവലയിലും മറ്റ് പ്രദേശങ്ങളിലെ ഇടറോഡുകളിലും സാമൂഹിക വിരുദ്ധരുടെ സങ്കേതമായി മാറിയിരിക്കുകയാണ്.  കഴിഞ്ഞദിവസം മരണമടഞ്ഞ യുവാക്കള്‍ ഒരു സ്‌ക്കൂട്ടറില്‍ മൂന്ന് പേരാണ് സഞ്ചരിച്ചിരുന്നത്. ഇവരില്‍ ഒരാളെ മിനിറ്റുകള്‍ക്ക് മുന്‍പ് ഇറക്കി വിട്ടിരുന്നു. അതുകൊണ്ട് തന്നെ ഒരു യുവാവ് രക്ഷപ്പെടുകയായിരുന്നു. സമാനമായ രീതിയില്‍ രാത്രി കാലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് പോലും ധരിക്കാതെ മൂന്നും നാലും പേരെ വച്ചുകൊണ്ട് അപകടകരമായി സഞ്ചരിക്കുന്നത് ചോദ്യം ചെയ്യുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അടുത്ത കാലത്തായി കിലോക്കണക്കിന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും എഴുപുന്നയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. കൂടാതെ അന്യ സംസ്ഥാന വാഹനങ്ങളും അസമയത്ത് ഇതു വഴി കയറിയിറങ്ങുന്നതും ഏറെ സംശയത്തിന് ഇടവരുത്തിയിട്ടുണ്ട്. നിരവധി മല്‍സ്യ സംസ്‌ക്കരണ ശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പോലിസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിനായി എഴുപുന്ന പഞ്ചായത്ത് മുന്‍കൈയ്യെടുക്കണമെന്ന    ആവശ്യവും ശക്തമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക