|    Oct 22 Sun, 2017 12:41 pm
FLASH NEWS

അപകടകാരണം ബ്രേക്ക് നഷ്ടപ്പെട്ടത്: ആര്‍ടിഒ

Published : 1st October 2016 | Posted By: Abbasali tf

മലപ്പുറം: ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ  ബസ് അപകടത്തിനിടയാക്കിയത് ബസ്സിന്റെ എയര്‍ ബ്രേക്ക് നഷ്ടപ്പെട്ടതു കാരണമാണെന്ന് ആര്‍ടിഒ കെ എം ഷാജി പറഞ്ഞു. ബസ് എടുത്ത ഉടനെ തന്നെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യം ഡ്രൈവര്‍ തന്നെ പറഞ്ഞിരുന്നു. പ്രഥമ ദൃഷ്ട്യാ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. വിശദമായ പരിശോധന നടത്തിയാലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവുകയുള്ളുവെന്നും ആര്‍ടിഒ പറഞ്ഞു. പഴക്കമുള്ള ബസ്സാണെങ്കിലും നിയമപരമായി എല്ലാ രേഖകളോടെയും സര്‍വീസ് നടത്തുന്ന ബസ്സാണിതെന്നും ആര്‍ടിഒ പറഞ്ഞു.

അപകടവാര്‍ത്ത പരന്നത് നിമിഷങ്ങള്‍ക്കകം

മലപ്പുറം: സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടുവെന്ന വാര്‍ത്ത പ്രദേശത്ത് പടര്‍ന്നത് നിമിഷങ്ങള്‍ക്കകം. വാര്‍ത്തയറിഞ്ഞവര്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ അപകടത്തില്‍പെട്ടിട്ടുണ്ടോ എന്നറിയാന്‍ ആശുപത്രികളിലേക്കൊഴുകി. അപകടത്തില്‍പെട്ട വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച മലപ്പുറം താലൂക്കാശുപത്രി, ഓര്‍ക്കിഡ് ആശുപത്രി, എംബിഎച്ച് എന്നിവിടങ്ങളില്‍ തങ്ങളുടെ ഉടയവരുണ്ടോ എന്നറിയാനുള്ള നെട്ടോട്ടമായിരുന്നു. വാര്‍ത്തയറിഞ്ഞവര്‍ സ്‌കൂളിലേക്കും ആശുപത്രികളിലേക്കും ഒഴുകിയതോടെ മലപ്പുറം നഗരം ഇന്നലെ വൈകിട്ടോടെ സ്തംഭിച്ചു. പോലിസ് ഏറെ പണിപെട്ടാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. അപകട ശേഷം പല വിദ്യാര്‍ഥികളെ രക്ഷിതാക്കളെത്തിയാണ് വീട്ടിലേക്കു കൊണ്ടുപോയത്. അധ്യാപകര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശ്വസിപ്പിച്ച് ഓരോ കുട്ടിയും തിരിച്ചു വീട്ടിലെത്തിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. അപകടം നടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും സിതാര പര്‍വിന്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ മരണ വിവരം വിദ്യാര്‍ഥികളെ അധ്യാപകര്‍ അറിയിച്ചതേയില്ല. രാത്രിയോടെയാണു പല വിദ്യാര്‍ഥികളും തങ്ങളുടെ സഹപാഠി മരണപ്പെട്ട വിവരം അറിയുന്നത്. അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാവാത്ത അധ്യാപകര്‍ രാത്രി വൈകിയും സ്‌കൂള്‍ വളപ്പില്‍ തന്നെ കഴിച്ചുകൂട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക