|    Dec 17 Mon, 2018 8:48 am
FLASH NEWS

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശം

Published : 5th June 2018 | Posted By: kasim kzm

കണ്ണൂര്‍: മഴക്കാലത്ത് വഴിയോരത്തും കടത്തിണ്ണകളിലും ബസ്‌സ്റ്റാന്റുകളിലും മറ്റും അന്തിയുറങ്ങുന്നവര്‍ക്ക് ഉറങ്ങാനും അത്താഴം നല്‍കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാ സാമൂഹിക സുരക്ഷാ വകുപ്പിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാന്‍ യോഗം നിര്‍ദേശം നല്‍കി.
ഇതിനായി വകുപ്പുകള്‍ സ്വന്തമായി പണം കണ്ടെത്തണം. മുറിച്ചുമാറ്റാനുള്ള അനുമതി നല്‍കാന്‍ പ്രാദേശികമായി തദ്ദേശഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫിസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫിസര്‍ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തണം. ഈ നിര്‍ദേശം അനുസരിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാവുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത. സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാന്‍ വ്യക്തികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് അനുസരിക്കാത്തവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത.
രണ്ടുദിവസം അടുപ്പിച്ച് മഴ പെയ്താല്‍, ഇത്തരത്തില്‍ മഴ പെയ്യുന്ന വില്ലേജുകളിലുള്ള പാറമടകളില്‍ പാറ പൊട്ടിക്കുന്നതിന്, മഴ പെയ്യാതെ 24 മണിക്കൂര്‍ സമയം ഉണ്ടാവുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് അനുമതി നല്‍കി. പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും ഉറപ്പും ഉയരവുമുള്ള വേലിയോ മതിലോ കെട്ടണം. ഇക്കാര്യം വില്ലേജ് ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണം. ഈ നിര്‍ദേശം എല്ലാ പാറമട ഉടമകളും 45 ദിവസത്തിനകം പാലിച്ചെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉറപ്പുവരുത്തും. പ്രവര്‍ത്തനം നിലച്ച പാറമട, കുളങ്ങളുള്ള പാറമട ഉടമകള്‍ക്കും ഈ തീരുമാനം ബാധകമാണ്.
പുറമ്പോക്കിലുള്ള, നിലവില്‍ പ്രവര്‍ത്തനം നിലച്ച പാറമടകളിലുള്ള ഇത്തരം കുളങ്ങള്‍ക്ക് വേലി-മതില്‍ കെട്ടേണ്ട ഉത്തരവാദിത്തം മൈനിങ് ആന്റ് ജിയോളജി വകുപ്പിനാണ്. പുഴക്കടവുകളിലും ബീച്ചുകളിലും അപകടകരമായ കയമുള്ള പ്രദേശങ്ങളിലും അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡിടിപിസിക്ക് നിര്‍ദേശം നല്‍കി. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അവിടെ വാഹനം നിര്‍ത്തരുതെന്ന ബോര്‍ഡുകള്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിക്കണം. അപടകരമായ തൂക്കുപാലങ്ങളുണ്ടെങ്കില്‍ അറ്റകുറ്റപ്പണി നടത്താനോ പൊളിച്ചുകളയാനോ നിര്‍ദേശം നല്‍കി. സ്ഥിരമായി അപകടമുണ്ടാവുന്ന സ്ഥലങ്ങള്‍ കണ്ടെത്തി റിപോര്‍ട്ട് ചെയ്യണം.
എല്ലാ സ്‌കൂളുകളും ഈമാസം 15നകം പ്രത്യേക അസംബ്ലി വിളിച്ചുചേര്‍ത്ത് ജലസംരക്ഷണം, മഴക്കാലത്തെ സുരക്ഷ, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട ദുരിതാശ്വാസ നടപടികള്‍, ദുരന്തനിവാരണ നടപടികള്‍ എന്നിവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. തലശ്ശേരി സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ എം ടി അനില്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss