|    Nov 19 Sun, 2017 4:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അന്വേഷണ സംഘത്തിനെതിരായ ദിലീപിന്റെ വാദങ്ങള്‍ ; വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാനൊരുങ്ങി പോലിസ്‌

Published : 13th August 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അന്വേഷണ സംഘത്തിനും പോലിസിനും എതിരേ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ  എതിര്‍ത്ത് ഹൈക്കോടതിയില്‍ പോലിസ് വിശദമായ മറുപടി സത്യവാങ്മൂലം നല്‍കും. നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നല്‍കിയ പരാതി സംബന്ധിച്ചുള്ള കാര്യങ്ങളാവും പ്രധാനമായും പോലിസ് ഉള്‍ക്കൊള്ളിക്കുകയെന്നാണ് അറിയുന്നത്്. പള്‍സര്‍ സുനി ജയിലില്‍ നിന്നും കത്തയച്ചതിനെക്കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ബെഹ്‌റ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പോലിസ് ശക്തമായി രംഗത്തെത്തുന്നത്. നാദിര്‍ഷക്ക് ആദ്യ ഫോണ്‍ വിളി എത്തിയത് മാര്‍ച്ച് 28നാണ്. ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 22നും. ഡിജിപിക്ക് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശം പരാതിയായി കണക്കാക്കാനുമാവില്ല. ഈ സംഭവങ്ങള്‍ക്ക് മുമ്പ് തന്നെ ദിലീപും നാദിര്‍ഷയും നിരീക്ഷണത്തിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ഭീഷണിപ്പെടുത്തുന്നുവെന്ന് തോന്നിയെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ ദിലീപ് 26 ദിവസം സമയമെടുത്തതെന്ന് പോലിസ് ചോദിക്കുന്നു. ദീലീപ് മാര്‍ച്ച് മുതല്‍ ശക്തമായ നിരീക്ഷണത്തിലായിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ദിലീപിനെതിരേ പ്രതികളില്‍ നിന്ന് മൊഴി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തെളിവ് ശേഖരിച്ചും കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തുമാണ് അന്വേഷണ സംഘം ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിയതെന്ന് പോലിസ് പറയുന്നു. അതേസമയം, ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലെ ആക്ഷേപങ്ങള്‍ക്ക് മറുപടി കോടതിയില്‍ തന്നെ നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ സുനി കത്തയച്ചത് സംബന്ധിച്ച് ദിലീപ് പരാതി നല്‍കിയിരുന്നു. ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കില്ല. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക