|    Oct 23 Tue, 2018 10:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അന്വേഷണ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ ഗിമ്മിക്കെന്ന് ആക്ഷേപം

Published : 1st March 2018 | Posted By: kasim kzm

സി എ സജീവന്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ അഴിമതി അന്വേഷണ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ ഗിമ്മിക്കെന്ന് ആക്ഷേപം. കഴിഞ്ഞദിവസം നടന്ന കമ്മീഷന്റെ സിറ്റിങും അതിലെ ചര്‍ച്ചകളുമൊക്കെ ഈ സൂചനകളാണ് നല്‍കുന്നത്.
തുറമുഖ നിര്‍മാണ കരാര്‍ സംബന്ധിച്ച അഴിമതിയും ക്രമക്കേടും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇനിയും നിലപാട് എടുത്തിട്ടില്ല. ക്രമക്കേടുകള്‍ നിറഞ്ഞതെന്നും സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിപ്പിച്ചെന്നും എജി ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ ഭരണപരമായ ഒരു  നടപടികളും എടുത്തിട്ടില്ല. ഇപ്പോഴും തുറമുഖ നിര്‍മാണ കരാര്‍ പ്രാബല്യത്തിലാണ്. നിര്‍മാണ ജോലികളും മുറയ്ക്ക് നടക്കുന്നു. അതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണവും നല്‍കിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അഴിമതിക്കെതിരാണ് സംസ്ഥാന സര്‍ക്കാരെന്ന് വരുത്തുന്നതിനു വേണ്ടി മാത്രമാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതെന്ന നിരീക്ഷണം പ്രസക്തമാവുന്നത്.
സാധാരണ നിലയില്‍ എജിയുടെ വിപരീത പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനും കുറ്റക്കാര്‍ ആരെന്നു കണ്ടെത്താനും വ്യവസ്ഥാപിത സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. അതിലൂടെ ക്രമക്കേടുകള്‍ നടത്തിയത് ആരാണെന്ന് നിഷ്പ്രയാസം കണ്ടെത്താനുമാവും. എന്നാല്‍, അതിനു മെനക്കെടാതെ ആ ജോലി ജുഡീഷ്യല്‍ കമ്മീഷനെ ഏല്‍പിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു സര്‍ക്കാരെന്ന ആക്ഷേപവും ഉയരുന്നു.
കമ്മീഷന്റെ 22ന് നടന്ന പ്രഥമ സിറ്റിങില്‍ സര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് അടുത്ത ദിവസം തന്നെ ലഭിക്കുമെന്നും ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 28ന് നടന്ന രണ്ടാമത്തെ സിറ്റിങില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന മറുപടിയാണ് ചെയര്‍മാന്‍ നല്‍കിയത്. ഇനി സര്‍ക്കാര്‍ മറുപടിക്ക് കാത്തിരിക്കുന്നില്ലെന്നും തുടര്‍ച്ചയായ സിറ്റിങിലൂടെ കമ്മീഷന്‍ ജോലി പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. കേസില്‍ കക്ഷി ചേര്‍ന്നവരില്‍ കെ എം സലീം ഒഴികെ ഒരാളും കഴിഞ്ഞ ദിവസത്തെ സിറ്റിങില്‍ കരാറിനെതിരെ വാദിക്കാന്‍ രംഗത്തുവന്നില്ല.  പദ്ധതിക്കെതിരേ ഹൈക്കോടതിയിലും ഹരജി നല്‍കിയിട്ടുള്ള കെ എം സലീമാവട്ടെ  എജിയുടെ കണ്ടെത്തലുകളെ മുന്‍നിര്‍ത്തി നടപടി ആവശ്യപ്പെടുകയായിരുന്നു. ആം ആദ്മി പ്രസിഡന്റ്് സി ആര്‍ നീലകണ്ഠന്‍, മാധ്യമ പ്രവര്‍ത്തകനായ ഏലിയാസ് ജോണ്‍ എന്നിവരും സത്യവാങ്മൂലം നല്‍കിയതല്ലാതെ രണ്ടാമത്തെ സിറ്റിങില്‍ ഹാജരായില്ല. സി ആര്‍ നീലകണ്ഠന്റെ പ്രതിനിധിയും കമ്മീഷനു മുന്നില്‍ ഉന്നയിച്ചില്ല. അതോടെ വിഴിഞ്ഞം കരാറിലെ അഴിമതികള്‍ സംബന്ധിച്ച് പുതിയ വാദങ്ങളൊന്നുമുണ്ടായില്ല.
അതേസമയം, എജിയുടെ പരാമര്‍ശങ്ങള്‍ വന്‍ വിഡ്ഡിത്തമാണെന്ന കടുത്ത വിമര്‍ശനമാണ് സംസ്ഥാനത്തിനു വേണ്ടി കരാര്‍ ഒപ്പിട്ട മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസ് ഉന്നയിച്ചത്. രണ്ടു മണിക്കൂര്‍ സമയം അനുവദിച്ചാല്‍ എജിയുടെ കണ്ടെത്തലുകള്‍ അബദ്ധങ്ങളാണ് എന്ന് തെളിയിക്കാമെന്നും അദ്ദേഹം കമ്മീഷനു മുന്നില്‍ പറഞ്ഞു. കമ്പനി 37 കോടി രൂപയുടെ ക്രയിന്‍ ഉപയോഗിക്കുന്നതായാണ് കമ്മീഷന്റെ ഒരു കണ്ടെത്തലെന്നു ജയിംസ് വര്‍ഗീസ് ചൂണ്ടിക്കാട്ടി. എന്നാല്‍, നിര്‍മാണ കമ്പനിക്ക് ഇത്തരത്തിലൊരു ക്രയിന്‍ ഇല്ലെന്ന് അദ്ദേഹം തേജസിനോട് പറഞ്ഞു. ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ മാത്രമാണ് എജി ഉന്നയിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss