|    Jan 19 Thu, 2017 10:14 am

അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം

Published : 23rd November 2015 | Posted By: SMR

കെ എം മാണി ആരോപണവിധേയനായ ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണമായിരിക്കും ഉചിതമെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചിരിക്കുകയാണ്. മാണി നിരപരാധിയാണെന്ന മട്ടില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ വിജിലന്‍സ് തന്നെ തുടരന്വേഷണം നടത്തുന്നതില്‍ എന്താണ് പ്രസക്തിയെന്നാണ് കോടതി ചോദിക്കുന്നത്. ബാര്‍ കോഴക്കേസിലെ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നും പ്രതിയായ കെ എം മാണിയുടെ വാദം കേട്ടില്ലെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. നമ്മുടെ ഭരണനിര്‍വഹണരംഗത്തിന്റെ അത്യന്തം മലീമസമായ അവസ്ഥാവിശേഷങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കോടതിയുടെ ഈ പ്രസ്താവന. മന്ത്രിമാരടക്കം ഉന്നതങ്ങളില്‍ വിരാജിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരും ഉന്നതങ്ങളില്‍ പിടിപാടുള്ളവരും ഏതു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാലും ശിക്ഷിക്കപ്പെടുകയില്ലെന്ന ധാരണ സമൂഹത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. പൊതുമനസ്സില്‍ രൂപംകൊള്ളുന്ന ഇത്തരം ധാരണകള്‍ അസ്ഥാനത്താണെന്നു പറയാന്‍ കഴിയില്ല. ദൈനംദിനം കണ്‍മുമ്പില്‍ അരങ്ങേറുന്ന സംഭവ യാഥാര്‍ഥ്യങ്ങളില്‍ നിന്നാണ് ഇത്തരം ചിന്തകള്‍ ജനമനസ്സുകളില്‍ വേരുറയ്ക്കുന്നത്. ഈ ചിന്തകള്‍ നിലവിലുള്ള രാഷ്ട്രീയവ്യവസ്ഥയോടും രാഷ്ട്രീയനേതൃത്വങ്ങളോടുമുള്ള വിരക്തിയായും അവിശ്വാസമായും വളരുന്നത് ഒരു ജനാധിപത്യവ്യവസ്ഥയില്‍ ശുഭകരമായ ലക്ഷണമല്ല.
ഭരണകൂടങ്ങളുടെ കീഴിലായിരിക്കുമ്പോഴും അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്താന്‍ കഴിയണം. ഭരിക്കുന്നവരുടെ ആജ്ഞാനുവര്‍ത്തികളായി അന്വേഷണ ഏജന്‍സികള്‍ തരംതാഴുകയും ഭരണകൂടത്തിന്റെ താല്‍പര്യമനുസരിച്ച് മാത്രം അവ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ജനങ്ങളെ നിരാശയിലാഴ്ത്തുന്നത്. അധികാരവും സ്വാധീനവും പണവുമുണ്ടെങ്കില്‍ നിയമത്തിന്റെ ഏതു മതില്‍ക്കെട്ടും അനായാസം ചാടിക്കടക്കാനാവുമെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടാല്‍ പിന്നെ രാജ്യത്ത് നിയമവ്യവസ്ഥയ്ക്ക് എന്തു സ്ഥാനം? വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൊമ്പന്‍സ്രാവുകള്‍ക്കു മുമ്പില്‍ പത്തിമടക്കുന്ന കാഴ്ചയാണ് സാധാരണയായി കണ്ടുവരുന്നത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ കേസില്‍ മാത്രമാണ് ഇതിനൊരപവാദമുണ്ടായത്. അദ്ദേഹമാവട്ടെ ഭരണകൂടത്തിന്റെ ഒത്താശയില്‍ നടത്തിയ നാടകങ്ങളിലൂടെ ശിക്ഷയില്‍നിന്ന് എളുപ്പം ഊരിപ്പോരുകയും ചെയ്തു. ഈ അനുഭവവും മുകളില്‍പ്പറഞ്ഞ പൊതുധാരണ അരക്കിട്ടുറപ്പിക്കുകയാണു ചെയ്തത്.
ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ച സിബിഐ അന്വേഷണവും മാണിക്ക് മറ്റൊരു നിലയില്‍ രക്ഷപ്പെടാനുള്ള വഴിയൊരുക്കുമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ബിജെപിയുടെ ഒത്താശയോടെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടതായാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. അതുവഴി അന്വേഷണത്തില്‍ ഇടപെട്ടു എന്ന അപഖ്യാതിയില്‍നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മുഖംരക്ഷിക്കാനും ഒപ്പം കാര്യസാധ്യത്തിനും അവസരമൊരുങ്ങും എന്നാണു കേള്‍ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ടുപോവുന്നതെങ്കില്‍ ജനങ്ങള്‍ക്കെവിടെയാണു രക്ഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക