|    Oct 19 Fri, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുത്തല്‍ കേന്ദ്രങ്ങളായി : പ്രഫ. പി കോയ

Published : 20th September 2017 | Posted By: fsq

 

കോഴിക്കോട്: ദേശീയ അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുത്തല്‍ കേന്ദ്രങ്ങളായി മാറിയെന്നു പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം പ്രഫ. പി കോയ. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, നാഷനല്‍ ഇന്റിമിഡേഷന്‍ ഏജന്‍സിയായാണു പ്രവര്‍ത്തിക്കുന്നത്. ഭരണകൂടത്തിനു വേണ്ടി ഭയം സൃഷ്ടിക്കുകയാണ് അവര്‍. ഹിന്ദുത്വ വിഭാഗങ്ങള്‍ പ്രതികളാവുന്ന കേസുകളില്‍ അവരെ രക്ഷിക്കുന്ന സമീപനമാണ് എന്‍ഐഎ  സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതപ്രബോധനം മൗലികാവകാശം, അടിയറവു വയ്ക്കില്ല പ്രഖ്യാപനവുമായി പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റലിജന്‍സ് വിഭാഗങ്ങളും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസുമാണു യഥാര്‍ഥത്തി ല്‍ രാജ്യം ഭരിക്കുന്നത്. ഇത്തരം ചാരസംഘങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന കള്ളക്കഥകള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കഥകള്‍ മെനഞ്ഞു പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചരിത്ര സൃഷ്ടിപ്പിനായുള്ള ദൗത്യം ഏറ്റെടുത്ത സംഘടനയാണു പോപുലര്‍ ഫ്രണ്ട്. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും ലക്ഷ്യംനേടുന്നതിനു സംഘടന നിയമപരമായ രീതിയില്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.  ചൈനയോ, പാകിസ്താനോ, അമേരിക്കയുടെ ഇടപെടലോ ഒന്നുമല്ല, അക്രമത്തിന്റെയും ഹിംസയുടെയും ഭാഷ സംസാരിക്കുകയും അതിനു വേണ്ടി ആളുകളെ സംഘടിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാഷിസമാണു രാജ്യം നേരിടുന്ന വലിയ ഭീഷണിയെന്നു തിരിച്ചറിഞ്ഞ ധീരയായ എഴുത്തുകാരിയായിരുന്നു ഗൗരി ലങ്കേഷ്. ആളുകളെ വെടിവച്ചു കൊല്ലുന്ന, ഇസ്രായേലി ചാര സംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ചവരെന്നു സംശയിക്കാവുന്ന രീതിയിലുള്ള വിഭാഗം രാജ്യത്തു വളര്‍ന്നുവരുന്നതായി പോപുലര്‍ ഫ്രണ്ടും എന്‍ഡിഎഫുമെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതു ശരിവയ്ക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അധികാരമേറുന്നതിനു മുമ്പ് അക്രമം നടത്തുന്നവര്‍ അതു കിട്ടിക്കഴിഞ്ഞാല്‍ അക്രമം അവസാനിപ്പിക്കുകയാണു പതിവ്. എന്നാല്‍, സംഘപരിവാരം കൂടുതല്‍ അക്രമം നടത്താന്‍ അണികളെ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.ഇന്ത്യന്‍ റിപബ്ലിക്ക് ഉണ്ടായത് ഈ നാട്ടുകാരുടെ സൗജന്യം കൊണ്ടാണ്. എല്ലാതരം ജനങ്ങളും ഒന്നിച്ച് നിന്നതുകൊണ്ടാണ് രാജ്യം അംബേദ്കറുണ്ടാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിലവില്‍വന്നത്. ഇസ്‌ലാം മതവിശ്വാസിയാവുക എന്നതിനര്‍ഥം നീതി നടപ്പാക്കുന്നതിനുള്ള പോരാളിയായി മാറുക എന്നതാണ്. അടിച്ചേല്‍പ്പിക്കുന്ന മതം ലോകത്തെവിടെയും നിലനില്‍ക്കില്ല. ബലപ്രയോഗത്തിലൂടെ ഒരു വിശ്വാസത്തെയും തടയാനാവില്ല എന്നതിന്റെ ഉദാഹരണമാണു ഡോ. ഹാദിയയെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അശ്‌റഫ് കല്‍പറ്റ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം സി എ റഊഫ്, ജില്ലാ പ്രസിഡന്റ്  കെ കെ കബീര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss