|    Jun 25 Sun, 2017 9:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അന്വേഷണവിവരം ചോരുന്നുവെന്ന് കെ എം എബ്രഹാം; നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരെന്ന് ജേക്കബ് തോമസ്

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സിനെതിരേ ആരോപണവുമായി അന്വേഷണം നേരിടുന്ന ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം രംഗത്ത്. തനിക്കെതിരായ വിജിലന്‍സിന്റെ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് അദ്ദേഹം കത്ത് കൈമാറി.
കത്തിന്റെ പകര്‍പ്പ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കും കൈമാറിയിട്ടുണ്ട്. തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു. വിജിലന്‍സ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന ഒരു കാര്യവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. എന്നാല്‍, താന്‍ അന്വേഷണം വഴിമുട്ടിച്ചെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണം.
മുംബൈയിലെ തന്റെ ഫഌറ്റില്‍ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. ഫഌറ്റില്‍ പരിശോധന നടത്തുന്നതിന് തടസ്സമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും എബ്രഹാം കത്തില്‍ പറയുന്നു. നേരത്തേ ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന വിവാദമായിരുന്നു. മുന്‍കൂട്ടി അനുവാദം വാങ്ങാതെയും നടപടിക്രമം പാലിക്കാതെയും പരിശോധന നടത്തിയെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് കെ എം എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു.
അതേസമയം, കെ എം എബ്രഹാമിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്തുവന്നു. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യമായാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കെതിരായ പരാതിയാണെങ്കിലും നിഷ്പക്ഷമായി അന്വേഷിക്കും. പ്രമുഖരുടെ കേസുകള്‍ ഒതുക്കുന്ന രീതിയായിരുന്നു വിജിലന്‍സില്‍ മുമ്പ് ഉണ്ടായിരുന്നത്.
താന്‍ ചുമതലയേറ്റപ്പോള്‍ ആ വകുപ്പുകള്‍ എടുത്തുകളയുകയാണ് ചെയ്തത്. ഇപ്പോള്‍ ആരെക്കുറിച്ചുള്ള വിവരങ്ങളും വിവരാവകാശ നിയമപ്രകാരം ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക